|    Dec 11 Sun, 2016 9:37 am

വീടിന് മുകളില്‍ പാടമൊരുക്കി നൗഷാദ്

Published : 24th October 2016 | Posted By: SMR

കൊച്ചി: പാടം ഉഴുതുമറിച്ചും വെള്ളം കയറ്റിയും ഒരുപാട് വളങ്ങളും മറ്റും ചേര്‍ത്ത് നെല്‍കൃഷി ചെയ്യുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി സ്വന്തം വീടിന് മുകളില്‍ നെല്‍കൃഷി ചെയ്ത് മാതൃകയാവുകയാണ് നെട്ടൂര്‍ പൊറ്റാടത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനും തൃപ്പൂണിത്തുറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനുമായ നൗഷാദും ഭാര്യ ജമീല നൗഷാദും. പാടത്ത് കൃഷി ചെയ്യുന്ന നെല്ല് വീടിന്റെ ടെറസ്സിനു മുകളില്‍ വളര്‍ത്തി വേറിട്ടൊരു പാഠം നല്‍കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
നൗഷാദിന്റെ പരിശ്രമത്തിന് നെട്ടൂര്‍ ബട്ടര്‍ഫ്‌ളൈസ് കുടുംബശ്രീ ഖജാന്‍ജിയായ ഭാര്യ ജമീല പൂര്‍ണ പിന്തുണയോടെ ഒപ്പമുണ്ട്. പോസ്റ്റ് ഓഫിസിലെ സഹപ്രവര്‍ത്തകന്‍ അപ്പു നല്‍കിയ അയ്യാറഞ്ച് ഇനത്തില്‍പ്പെട്ട നെല്ലാണ് ഇന്ന് കൊയ്യാന്‍ പാകമായി നൗഷാദിന്റെ വീടിന് മുകളില്‍ വിരിഞ്ഞുനില്‍ക്കുന്നത്. ഏക്കര്‍കണക്കിന് പാടശേഖരങ്ങള്‍ നാട്ടില്‍നിന്നു മറയുമ്പോഴാണ് വീടിന്റെ മുകളില്‍ കുറച്ച് സ്ഥലത്തും നെല്‍കൃഷി വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് നൗഷാദ് തെളിയിച്ചിരിക്കുന്നത്.
40ഓളം സിമന്റ് ബാഗുകളിലായാണ് നെല്‍കൃഷി ഒരുക്കിയിരിക്കുന്നത്. സിമന്റ് ചാക്കിനുള്ളില്‍ പൊതിമടല്‍ വിരിച്ച് അതിന് മുകളില്‍ മേല്‍മണ്ണും കീഴ്മണ്ണും ഇട്ട് അതിന് മുകളിലായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുചൊടി ചേര്‍ത്ത മിശ്രിതവും അതിന് മുകളിലായി കരിയിലയും പിന്നീട് മുകളില്‍ പറഞ്ഞ മിശ്രിതം വീണ്ടും ചേര്‍ത്തുമാണ് നെല്ലിനായി കളമൊരുക്കിയത്. രാവിലെയും വൈകീട്ടും ഓരോ ചെറിയ കപ്പ് വെള്ളം മാത്രമാണ് ഒഴിച്ചുകൊടുക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍ നെല്‍വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം തന്നെയാണ് ഇദ്ദേഹം നെല്‍കൃഷി ഒരുക്കിയതെന്നതും പ്രത്യേകതയാണ്. നെല്ല് കൂടാതെ ഇഞ്ചി, വഴുതന, മുരിങ്ങ, ചീര, തക്കാളി, അട് താപ്പ്, മുളക്, ചേന, ആഫ്രിക്കന്‍ മല്ലിയില, പൊതിന, മുസോളിങ്ങ (പാഷന്‍ ഫ്രൂട്ട്) തുടങ്ങി നിരവധി കൃഷികള്‍ നൗഷാദിന്റെ വീടിന് ചുറ്റുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക