|    Dec 3 Sat, 2016 7:07 pm
FLASH NEWS

വി പി രാമകൃഷ്ണപിള്ള അന്തരിച്ചു

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വി പി രാമകൃഷ്ണപിള്ള (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9ന് പട്ടത്തെ ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫിസിലും ഉച്ചയ്ക്കു 12 മുതല്‍ രണ്ടുമണി വരെ കൊല്ലം ആര്‍എസ്പി ഓഫിസിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ജന്മനാടായ അഷ്ടമുടിയിലെത്തിച്ച് വൈകീട്ട് അഞ്ചിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കഴിഞ്ഞ ഒരുമാസമായി വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും കാലമായി രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായിരുന്നില്ല. മരണസമയത്ത് ഭാര്യ ഭാനുമതിയമ്മയും മക്കളായ ജയന്തി, അനില്‍കുമാര്‍, അജികുമാര്‍, അജയകുമാര്‍, ജയകുമാര്‍, മരുമകനും കോഴിക്കോട് റൂറല്‍ എസ്പിയുമായ എം വിജയകുമാര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആര്‍എസ്പി സ്ഥാപകാംഗമായിരുന്ന വി പി രാമകൃഷ്ണപിള്ള കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. മൂന്നുപതിറ്റാണ്ടോളം ആര്‍എസ്പി കൊല്ലം ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ദേശീയ കമ്മിറ്റി അംഗവും 2008ല്‍ സംസ്ഥാന സെക്രട്ടറിയുമായി. ആര്‍എസ്പികളുടെ ലയനത്തെ തുടര്‍ന്ന് 2012ല്‍ സ്ഥാനമൊഴിഞ്ഞു. നിലവില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു. 1987ല്‍ കൊല്ലത്തെ ഇരവിപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1991ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1996ല്‍ മണ്ഡലം തിരിച്ചുപിടിച്ചു.
1998 മുതല്‍ 2001 വരെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ജലവിഭവ, തൊഴില്‍ വകുപ്പ് മന്ത്രിപദവികള്‍ വഹിച്ചു. 2001ല്‍ ചവറയില്‍നിന്നു വീണ്ടും മല്‍സരിച്ചെങ്കിലും ഷിബു ബേബിജോണിനോട് തോല്‍വി ഏറ്റുവാങ്ങി. 2008ല്‍ പ്രഫ. ടി ജെ ചന്ദ്രചൂഡനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് രാമകൃഷ്ണപിള്ള ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day