|    Oct 21 Fri, 2016 2:44 pm
FLASH NEWS

വിശുദ്ധ ബജറ്റും സ്വരാജിന്റെ സുവിശേഷവും

Published : 13th July 2016 | Posted By: SMR

കര്‍ത്താവിന് സ്തുതി… എകെജി സെന്ററിലും അണികള്‍ക്കായി ബൈബിള്‍ പഠനക്ലാസ് ആരംഭിച്ചുവത്രേ. അടുത്തിടെയായി സിപിഎം എംഎല്‍എമാര്‍ നാവുതുറന്നാല്‍ പുറത്തുവരുന്നത് വിശുദ്ധ വചനങ്ങളാണ്. നിയമസഭയിലെ ബജറ്റ് ചര്‍ച്ചാവേളയില്‍ ഇതുവല്ല ക്രൈസ്തവ ദേവാലയമാണോയെന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റുപറയാനാവില്ല. മത്തായിയുടെ സുവിശേഷം കോണ്‍ഗ്രസ്സുകാരെ ഉദ്ദേശിച്ചാണത്രേ. കാരണം മറ്റൊന്നുമല്ല. നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും (മത്തായിയുടെ സുവിശേഷം 13:14). ഇത്രയും ദീര്‍വീക്ഷണത്തോടെ മത്തായിക്ക് എങ്ങനെ എഴുതാന്‍ കഴിഞ്ഞുവെന്നാണ് എം സ്വരാജിന്റെ സംശയം. ബജറ്റിനെ അന്ധമായി എതിര്‍ക്കുന്ന കോണ്‍ഗ്രസ്സുകാര്‍ മത്തായിയുടെ സുവിശേഷം 7:6 വാക്യം മനസ്സിരുത്തി വായിക്കണമെന്നും സ്വരാജിന്റെ ഉപദേശം. വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് മുന്നില്‍ എറിയുകയുമരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം…ഇതാണ് സ്വരാജ് ഉദ്ദേശിച്ചത്.

സുവിശേഷത്തിന്റെ ഇടവേളകളില്‍ മറ്റുചിലരും കൈയടി നേടി. നിയമസഭയിലെ തന്റെ പുതിയറോളിലെ കന്നിപ്രസംഗം റീടേക്കില്ലാതെ ഒറ്റ ഷോട്ടില്‍ തീര്‍ത്തതിന്റെ സന്തോഷമായിരുന്നു മുകേഷിന്. സിനിമയില്‍ റീടേക്കില്ലാതെ റോളുകള്‍ ചെയ്തിട്ടേയില്ല. സ്റ്റാര്‍ട്ട് കാമറ ആക്ഷന്‍ പറയാതെയാണ് പ്രഗല്‍ഭരായ പ്രാസംഗികര്‍ക്ക് മുന്നില്‍ 10 മിനിറ്റുനേരം സംസാരിച്ചത്. തന്റെ പ്രസംഗം നിര്‍ത്തണമെങ്കില്‍ കട്ട് പറയണമെന്നും സ്പീക്കറെ മുകേഷ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകയുടെ റോളില്‍ നിന്നും സാമാജികയുടെ റോളിലേക്ക് പരിണമിച്ച വീണാ ജോര്‍ജ് പഞ്ച് ഡയലോഗുമായി സഭാതലം വിറപ്പിച്ചു. 10 മിനിറ്റ് നീണ്ട പ്രസംഗം കഴിഞ്ഞപ്പോള്‍ ദി കിങ് സിനിമ കണ്ടിറങ്ങിയ പ്രതീതി. അരിമണിയൊട്ടു കൊറിക്കാനില്ല; തരിവളയിട്ട് കിലുക്കാന്‍ മോഹം… മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയായ അബ്ദുറബ്ബ് ഇങ്ങനെയാണ് ബജറ്റിനെ വിലയിരുത്തിയത്. എ പി ജെ അബ്ദുല്‍കലാം കുട്ടികളോട് പറഞ്ഞതുപോലെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ബജറ്റെന്നും റബ്ബ് ചൂണ്ടിക്കാട്ടി. അരിമണിയൊട്ട് കൊറിക്കാനില്ലെന്ന അബ്ദുറബ്ബിന്റെ പ്രയോഗം ട്രഷറി കാലിയാണെന്നതിന്റെ മലബാര്‍ ഭാഷ്യമാണെന്ന് ആര്‍ രാജേഷ് വിലയിരുത്തി. ഭിന്ന ലിംഗക്കാരോടുള്ള എല്‍ഡിഎഫിന്റെ അതിസ്‌നേഹം ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനും രാജേഷ് സമയം കണ്ടെത്തി. സുന്ദരനായ ധനമന്ത്രി കാക്കയെ പോലെയാണെന്നായിരുന്നു ഇ കെ വിജയന്റെ ഉപമ.
കാക്കകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ കൂടുകൂട്ടി മുട്ടയിടുകയും കുഞ്ഞുകളെ വിരിച്ചെടുത്ത് അവര്‍ക്ക് ആഹാരം നല്‍കി പറക്കാന്‍ പഠിപ്പിക്കുകയും ചെയ്യും. ഇതേപോലെ കുട്ടികള്‍ മുതല്‍ വയോവൃദ്ധന്‍മാര്‍ വരെയുള്ളവരെ സ്പര്‍ശിക്കുന്ന ബജറ്റാണ് ഐസക് സാര്‍ അവതരിപ്പിച്ചതെന്നാണ് കാക്കപ്രയോഗത്തിലൂടെ വിജയന്‍ ഉദ്ദേശിച്ചത്. കഴുക്കോല്‍ വരെ കവര്‍ന്നുപോയ ഭരണമായിരുന്നു കടന്നുപോയതെന്നായിരുന്നു പുതുമുഖം ഐ ബി സതീഷിന്റെ വിലയിരുത്തല്‍. നിയമന നിരോധനത്തില്‍ വാര്‍ത്താക്കുറിപ്പുപോലും ഇറക്കാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസം സംഘടനയായി മാറരുതെന്ന ഉപദേശമാണ് എ പി അനില്‍കുമാര്‍ നല്‍കിയത്. വികസനം ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണത്രേ യുഡിഎഫ് തോറ്റുപോയതെന്നും അനില്‍കുമാര്‍ വെളിപ്പെടുത്തി. വികസനം ചര്‍ച്ച ചെയ്യാതെ ഈ അവസ്ഥയിലെത്തിയെങ്കില്‍ ചര്‍ച്ച ചെയ്താലുള്ള അവസ്ഥ എന്തായേനെ?…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day