|    Oct 27 Thu, 2016 12:27 pm
FLASH NEWS

വിശുദ്ധ തെരേസയെ അധിക്ഷേപിച്ച് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published : 7th September 2016 | Posted By: SMR

mother-theresa

ന്യൂഡല്‍ഹി: വിശുദ്ധ തെരേസയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മദര്‍ തെരേസ പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമാണെന്നാണ് കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ കട്ജു കുറ്റപ്പെടുത്തുന്നത്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദൈര്‍ഘ്യമേറിയ കുറിപ്പുമായി കട്ജു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
മദര്‍ പൊങ്ങച്ചക്കാരിയും പാതി വിദ്യാഭ്യാസം മാത്രമുള്ള മൗലീകവാദിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമാണെന്ന പരാമര്‍ശത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ വാഴ്ത്താന്‍ മാത്രം മദര്‍ ആരാണ് എന്ന ചോദ്യവും പോസ്റ്റിലുടനീളം കട്ജു ഉന്നയിക്കുന്നുണ്ട്. നൊബേല്‍ പുരസ്‌കാര വിതരണ വേളയിലെ പ്രസംഗത്തിലൂടെ അവരുടെ അറിവില്ലായ്മ മനസ്സിലാക്കാമെന്നും കട്ജു പറഞ്ഞു. ഗര്‍ഭഛിദ്രമാണ് ലോകത്തെ സമാധാനതകര്‍ച്ചയ്ക്കുള്ള പ്രധാനകാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഗര്‍ഭഛിദ്രവും ലോകസമാധാനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് കട്ജു ചോദിച്ചു.
ഒരു അഭിമുഖത്തിനിടെ മദര്‍ നടത്തിയ മനോഹര മരണമെന്ന പരാമര്‍ശത്തേയും കട്ജു ഖണ്ഡിക്കുന്നു. വിശക്കുന്നവര്‍ക്കും ഭവനരഹിതര്‍ക്കും എങ്ങനെയാണ് മനോഹര മരണത്തെ പുല്‍കാന്‍ സാധിക്കുന്നതെന്നും കട്ജു ചോദിക്കുന്നു. മദറിന്റെ അനുഗ്രഹത്താല്‍ അര്‍ബുദം സുഖപ്പെട്ടുവെന്ന് അവകാശപ്പെട്ട മോണിക്ക ബെസ്‌റയെന്ന യുവതിക്ക് അര്‍ബുദ ബാധയില്ലായിരുന്നുവെന്ന് അവരുടെ ഡോക്ടര്‍ രഞ്ജന്‍ മുസ്തഫി തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മദറിന്റെ മറ്റ് അദ്ഭുതപ്രവൃത്തികളിലും കാണാം. ലോകത്തെ ഏറ്റവും മോശം കാര്യം ദാരിദ്ര്യമായിരിക്കെ ദാരിദ്ര്യവും സഹനവും ദൈവത്തിന്റെ ദാനമാണെന്നാണ് വിശദീകരിച്ചത്. എന്നാല്‍, വാസ്തവത്തില്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥാന്തരമാണ് ദാരിദ്ര്യം.
സംഭാവനയായി മദര്‍ കോടികള്‍ കൈപറ്റിയിട്ടുണ്ട്. ഈ പണമൊക്കെ എങ്ങോട്ട് പോയി. ഓഡിറ്റുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ മദര്‍ ഒരിക്കലും തയ്യാറിയിരുന്നില്ല. സംഭാവനകളായി തനിക്ക് ലഭിച്ച് 10 മില്ല്യണ്‍ ഡോളറുണ്ടെങ്കില്‍ തനിക്കും പാവങ്ങളെ ഇതുപോലെ ചെയ്യാനാവുമെന്ന പരാമര്‍ശത്തോടെ മദര്‍ തെരേസയുടെ കര്‍മങ്ങളെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് കട്ജുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 224 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day