|    Dec 6 Tue, 2016 9:29 pm
FLASH NEWS

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പോലിസുകാരനെതിരേ യുവതിയുടെ പരാതി

Published : 2nd December 2016 | Posted By: SMR

കടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നാലര വര്‍ഷക്കാലം പീഡിപ്പിച്ച പോലിസുകാരനെതിരേ യുവതിയുടെ പരാതി. യുവതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ വിറ്റും പണയപ്പെടുത്തിയും അഞ്ചര ലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മലപ്പുറം എംഎസ്പിയിലെ പോലിസുകാരനായ കോട്ടയം കോതനല്ലൂര്‍ മാഞ്ഞൂര്‍ സ്വദേശിയായ യുവാവിനെതിരെയാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. മലപ്പുറം എംഎസ്പിയില്‍ ജോലി ചെയ്യുന്ന യുവാവ് നാല് വര്‍ഷം മുമ്പാണ് യുവതിയുമായി പരിചയത്തിലാവുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച യുവതി ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളുമായി ജീവിക്കുന്ന വിവരം മനസ്സിലാക്കി വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കുകയായിരുന്നു. വിവാഹം ചെയ്തതിന് ശേഷം മാത്രമേ കൂടെ താമസിക്കാന്‍ പറ്റൂ എന്ന് പറഞ്ഞ യുവതിയെ പുന്നക്കുളങ്ങരയില്‍ വച്ച് താലികെട്ടിയതായും പരാതിയില്‍ പറയുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞാലുടന്‍ വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടയില്‍ തന്റെ പേരില്‍ കണ്ണൂരുള്ള  പാളയത്ത്‌വളപ്പിലുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വില്‍ക്കുകയും ഒമ്പതര സെന്റ് സ്ഥലം പണയപ്പെടുത്തിയും അഞ്ചര ലക്ഷം രൂപയും കൈക്കലാക്കി. കൂടാതെ യുവതിയുടെയും മകളുടെയും സ്വര്‍ണവും വാങ്ങിയെടുത്ത് വില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തി ഭീഷണിയിലാണു യുവതി. ഇരുവരും ഒരുമിച്ച് ജീവിച്ച് വരുന്നതിനിടയിലാണ് യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത്. ഇതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും യുവാവ് തന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിച്ചെന്ന മകനെയും ഇയാള്‍ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് നിരന്തരം യുവതിയെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.പീഡനവും വധഭീഷണിയും സഹിക്കാതെ വന്നതോടെയാണ് യുവതി പോലിസിനും മലപ്പുറം എംഎസ്പി കമാന്‍ഡന്റിനും പരാതി നല്‍കിയത്. പോലിസ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസ് എടുത്തതായും അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും തളിപ്പറമ്പ് സിഐ പ്രമേചന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day