|    Dec 11 Sun, 2016 9:35 am

വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി: വിഎസ്

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരള ജനതയെ ഒന്നാകെ കൊള്ളയടിച്ച് അദാനിക്ക് വിഴിഞ്ഞം തീറെഴുതി നല്‍കിയിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന വ്യക്തമായ സൂചനയാണ് എജിയുടെ കണ്ടെത്തലില്‍ ബോധ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇതിന്റെ സൂത്രധാരന്‍മാരായ രാഷ്ട്രീയനേതാക്കളുള്‍പ്പടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.
വിഷയം സബ്മിഷനായാണ് വിഎസ് സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. വിഴിഞ്ഞം വിഷയത്തില്‍ പ്രതിപക്ഷത്തെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നതായിരുന്നു വിഎസിന്റെ നീക്കം. കരാറിലെ ക്രമക്കേടിനെക്കുറിച്ച് പുറത്തുവന്ന സിഎജി റിപോര്‍ട്ട് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു റിപോര്‍ട്ടിലും ഉള്‍പ്പെടാത്ത കാര്യമാണ് വിഎസ് പറയുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊള്ള നടത്തിയെന്ന് ദുസ്സൂചന നല്‍കുന്നതാണ് വിഎസിന്റെ പ്രസ്താവനയെന്നും അത് സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ അംഗം എം വിന്‍സെന്റും ഈ ആവശ്യമുന്നയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. വിഎസിന്റെ ആവശ്യം കണക്കിലെടുത്ത് വിഷയത്തില്‍ അന്വേഷണത്തിനു തയ്യാറാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടിയും വെല്ലുവിളിച്ചു.
അതേസമയം, ഇതിനു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൃത്യമായ മറുപടി നല്‍കിയില്ല. സിഎജി റിപോര്‍ട്ട് അന്തിമമല്ലെന്നും വിഴിഞ്ഞം കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതില്‍ കൂടുതലൊന്നും പറയാനില്ലെന്നും തുറമുഖമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു വിഴിഞ്ഞത്തിന്റെ പേരിലുള്ള വാഗ്വാദം.
അതിനിടെ, സബ്മിഷന്‍ അവതരിപ്പിച്ച ശേഷം മന്ത്രിയുടെ മറുപടി തുടങ്ങിയപ്പോള്‍ സഭ വിട്ടുപോവാന്‍ തുടങ്ങിയ വിഎസിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. സബ്മിഷന്റെ ഉത്തരമെന്തെന്നുപോലും അറിയാതെ സഭവിടുന്നത് ശരിയല്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതിപക്ഷ പ്രതിഷേധം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഎസ് മറ്റൊരംഗത്തിന്റെ സീറ്റിലിരുന്നു മന്ത്രിയുടെ മറുപടി കേട്ടശേഷമാണ് മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക