|    Oct 27 Thu, 2016 10:24 pm
FLASH NEWS

വിഴിഞ്ഞം: യാഥാര്‍ഥ്യമായാല്‍ വികസനക്കുതിപ്പിനു മുതല്‍ക്കൂട്ടാവും

Published : 19th August 2015 | Posted By: admin

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ പ്രത്യക്ഷ, പരോക്ഷ നികുതിയിനത്തില്‍ കേരളം പ്രതീക്ഷിക്കുന്നത് മികച്ച നേട്ടം. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാവും. കണ്ടെയ്‌നര്‍ ഹാന്റ്‌ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.

കടല്‍മാര്‍ഗമുള്ള ചരക്കുഗതാഗതത്തിന് ആക്കംകൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കന്‍ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിഭാവന ചെയ്യുന്നുണ്ട്.  5552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാംഘട്ട നിര്‍മാണത്തില്‍ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്.

നിര്‍മാണ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ടം നാലുവര്‍ഷംകൊണ്ടാണു പൂര്‍ത്തിയാക്കേണ്ടതെങ്കിലും അതിനുമുമ്പു പൂര്‍ത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നവംബര്‍ ഒന്നിനു തന്നെ തറക്കല്ലിട്ട് നിര്‍മാണം തുടങ്ങും. 7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടി രൂപയാണ് അദാനി ഗ്രാന്‍ഡായി ആവശ്യപ്പെട്ടത്. ഈ തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കും. 2454 കോടി രൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കും.

24 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്. നിരവധി സാധ്യതകള്‍ പരിശോധിക്കുകയും പല കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷമാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടത്. തീരക്കടലില്‍ തന്നെ 24 മീറ്റര്‍ ആഴമുള്ള സ്വാഭാവിക തുറമുഖ സാധ്യതയാണ് വിഴിഞ്ഞത്തെ തുറമുഖ കേന്ദ്രമാക്കാനുള്ള ആലോചനകള്‍ക്കു തുടക്കമിട്ടത്.

1991ലാണ് വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 1999ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ തുറമുഖവും താപവൈദ്യുത നിലയവും സ്ഥാപിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി ബി.ഒ.ടി. കരാര്‍ ഒപ്പിട്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായില്ല. 2004-06 കാലഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സൂം ഡവലപ്പേഴ്‌സ് എന്ന കമ്പനി രംഗത്തെത്തി.

എന്നാല്‍, ചൈനീസ് കമ്പനിയായതിനാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചു. 2008ല്‍ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് സ്വകാര്യ- പൊതു പങ്കാളിത്ത ധാരണയില്‍ കരാര്‍ നല്‍കി. എന്നാല്‍, ഇത് വിവാദങ്ങള്‍ക്കും കേസുകള്‍ക്കും കാരണമായപ്പോള്‍ ലാന്‍കോ കൊണ്ടപ്പള്ളി പിന്‍മാറി. 2010- 12ല്‍ പൊതു-സ്വകാര്യ മാതൃക മാറ്റി തുറമുഖ നിര്‍മാണവും ഉടമസ്ഥതയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും നടത്തിപ്പ് സ്വകാര്യകമ്പനിക്കു നല്‍കാനുമുള്ള തീരുമാനം ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടു.

അദാനി പോര്‍ട്‌സിന്റെ ആദ്യരൂപമായ മുന്‍ട്രാ പോര്‍ട്‌സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും അന്നത്തെ യു.പി.എ. സര്‍ക്കാര്‍ സുരക്ഷാ അനുമതി നിഷേധിച്ചു. ടെന്‍ഡറില്‍ പങ്കെടുത്ത വെല്‍സ്പണ്‍ എന്ന കമ്പനി കൂടുതല്‍ ഗ്രാന്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ഇതോടെ വിഴിഞ്ഞത്തിന്റെ തുറമുഖ സ്വപ്‌നങ്ങളില്‍ വീണ്ടും കരിനിഴല്‍ വീണു. 2013ല്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിച്ചുള്ള തുറമുഖ പദ്ധതി ആവിഷ്‌കരിച്ചതോടെയാണ് ഇന്ത്യയിലെ മൂന്ന് തുറമുഖങ്ങളില്‍ പൂര്‍ണമായും അഞ്ചു തുറമുഖങ്ങളില്‍ ഭാഗികമായും പങ്കാളിത്തമുള്ള സ്വകാര്യമേഖലയിലെ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എകണോമിക്ക് സോണ്‍ ലിമിറ്റഡ് എന്ന കമ്പനി വിഴിഞ്ഞത്തേക്ക് തുറമുഖ നിര്‍മാണം സാക്ഷാല്‍ക്കരിക്കാന്‍ എത്തുന്നത്. എന്നാല്‍, വിവാദങ്ങളും തര്‍ക്കങ്ങളും വീണ്ടും ഉടലെടുത്തെങ്കിലും നിര്‍മാണച്ചുമതല അദാനി ഗ്രൂപ്പിനു നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന സ്വപ്‌നപദ്ധതി യാഥാര്‍ഥ്യത്തിലേക്കു നീങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day