|    Oct 28 Fri, 2016 6:06 am
FLASH NEWS

വില്ലേജ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍; അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്തെന്ന് ആരോപണം

Published : 11th September 2016 | Posted By: SMR

കൊല്ലം: വില്ലേജ് ഓഫിസറെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീനിയോറിറ്റി പരിഗണിക്കാതെ അന്യായമായി കേരള-കര്‍ണാടക അതിര്‍ത്തിയായ മഞ്ചേശ്വരം കടമ്പാര്‍ വില്ലേജ് ഓഫിസിലേക്ക് സ്ഥലംമാറ്റിയതാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നു. കിളികൊല്ലൂര്‍ മൂന്നാംകുറ്റി സനാ ഓഡിറ്റോറിയത്തിനു സമീപം ലില്ലി കോട്ടേജില്‍ പോള്‍ തോമസ് (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുവളപ്പിലെ തെങ്ങിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ജിഒ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ പോള്‍ തോമസ് കൊല്ലത്തു അസോസിയേഷന്‍ ജില്ലാ കൗണ്‍സിലര്‍ ആയിരുന്നു. കൊല്ലം കലക്ടറേറ്റില്‍ അക്കൗണ്ട് സെക്ഷനില്‍ സീനിയര്‍ ക്ലാര്‍ക്കായിരിക്കെ കഴിഞ്ഞ മാസമാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം കിട്ടിയത്. ജൂലൈ 28ന് ഇറങ്ങിയ പ്രമോഷന്‍ പട്ടികയില്‍ ലാന്‍ഡ്‌റവന്യു വകുപ്പിലെ 155 പേരെയാണു സ്ഥലംമാറ്റിയത്. ഉത്തരവ് കൈപ്പറ്റിയ ശേഷം പോള്‍ തോമസ് കടുത്ത സമര്‍ദത്തിലായിരുന്നവെന്നു ബന്ധുക്കള്‍ പറഞ്ഞു.
പോള്‍ തോമസിനെക്കാള്‍ സര്‍വീസ് കുറഞ്ഞ ഭരണാനുകൂല സര്‍വീസ് സംഘടനകളില്‍പ്പെട്ടവരെ തൃശൂര്‍, മലപ്പുറം, ഇടുക്കി, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലാണു നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും സീനിയറായതിനാല്‍ തൃശൂര്‍ ജില്ലയിലെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇക്കാര്യം കാട്ടി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
സര്‍വീസില്‍നിന്നു വിരമിക്കാന്‍ ഒരു കൊല്ലവും 11 മാസവും മാത്രമാണെന്നതു കണക്കിലെടുക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. തലപ്പാടിയില്‍നിന്നു 17 കിലോമീറ്റര്‍ മാത്രം അകലെയുള്ള കടമ്പാര്‍ വില്ലേജില്‍ ഭാഷ പ്രശ്‌നമാണെന്നും നെഞ്ചുവേദനയ്ക്കു ശമനമില്ലെന്നും ഭാര്യയെയും മക്കളെയും പോള്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പോള്‍ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
കര്‍ണാടക അതിര്‍ത്തിയിലേക്ക് മാറ്റിയത് മുതല്‍ പോള്‍ തോമസ് ദു:ഖിതനായിരുന്നുവെന്ന് ഭാര്യ ജസി  ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു
സര്‍വീസ് സംഘടനാ പ്രവര്‍ത്തനങ്ങളുടെ കുടിപ്പകയാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന്  ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വൈരാഗ്യ ബുദ്ധിയോടെയുള്ള ട്രാന്‍സ്ഫറുകള്‍ മാത്രമേ ഈ ഗവണ്‍മെന്റ് ചെയ്യുന്നുള്ളുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതിന്റെ രക്തസാക്ഷിയാണ്‌പോള്‍ തോമസെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day