|    Dec 11 Sun, 2016 9:34 am

വിപണി നിശ്ചലം; നാട്ടുകാരെല്ലാം നോട്ട് മാറ്റാന്‍ ബാങ്കില്‍

Published : 11th November 2016 | Posted By: SMR

കല്‍പ്പറ്റ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലും ടൗണുകള്‍ നിശ്ചലമായി. രാജ്യത്തിന്റെ പല ഭാഗത്തും കണ്ടതുപോലെ സ്വര്‍ണക്കടകളിലേക്ക് പോലും ആളുകള്‍ എത്തിയില്ല. വന്‍കിട സ്വര്‍ണക്കടകളില്‍ പോലും ഇന്നലെ കാര്യമായ കച്ചവടമൊന്നും നടന്നില്ലെന്നു വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. സാധാരണ ദിവസങ്ങളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ കാണാറുണ്ടായിരുന്ന ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും ഏറെക്കുറെ ആളൊഴിഞ്ഞിരുന്നു. വൈത്തിരിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നോട്ട് നിരോധനമറിയാതെ മദ്യം വാങ്ങാനെത്തിയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിരക്ഷരര്‍ക്ക് സഹായമെന്നോണം ചില വ്യാപാരികള്‍ 1000 രൂപയുടെ നോട്ട് 800 രൂപയ്ക്കും 500ന്റെ നോട്ട് 400 രൂപയ്ക്കും വാങ്ങിയത്രേ. അതിനാല്‍ ഈ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നാമമാത്ര വ്യാപാരം നടന്നു. കെഎസ്ആര്‍ടിസി അടക്കം ബസ്സുകളിലൊന്നും തിരക്കുണ്ടായിരിന്നില്ല. കൈയില്‍ ചില്ലറ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ക്കും പണി തീരെ കിട്ടിയില്ല. തുറന്നുവച്ച കച്ചവടസ്ഥാപനങ്ങളെല്ലാം ഏറെക്കുറെ കാലിയായി. അതേസമയം, പെട്രോള്‍ പമ്പുകളില്‍ രണ്ടുദിവസം കൂടി നിരോധിത കറന്‍സികള്‍ എടുക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങളും കാറും ജീപ്പും ഭാരവാഹനങ്ങളുമെല്ലാം പതിവില്‍ കൂടുതല്‍ എത്തി. കൈനാട്ടിയിലെ റിലയന്‍സ് പമ്പിലേക്ക് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ എത്തിയതു മൂലമുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് പമ്പ് അടച്ചിട്ടു. നേരത്തെ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഭൂമി രജിസ്‌ട്രേഷന്‍ അടക്കമുള്ള ഇടപാടുകളും മുടങ്ങി. രണ്ടാള്‍ കൂടുന്നേടങ്ങളിലെല്ലാം പ്രധാന ചര്‍ച്ചാവിഷയം നോട്ട് നിരോധനമായിരുന്നു. പഴം-പച്ചക്കറി കച്ചവടക്കാരാണ് ദുരിതത്തിലായത്. കച്ചവടം നടക്കാതായതോടെ കേടുവന്ന് വന്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്ക്. കല്‍പ്പറ്റയില്‍ ആരുമെത്താതായതോടെ ചില വ്യാപാരസ്ഥാപനങ്ങള്‍ ഉച്ചയ്ക്കു മുമ്പേ ഷട്ടറിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക