|    Dec 2 Fri, 2016 11:26 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാപാസ് വിതരണത്തില്‍ അലംഭാവം; ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ്

Published : 29th November 2016 | Posted By: SMR

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡ് വിതരണത്തില്‍ കാലതാമസം വരുത്തിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെയും തിരുവനന്തപുരം ചീഫ് ഓഫിസറുടെയും (ട്രാഫിക്) അലംഭാവത്തിനെതിരേ വിജിലന്‍സ് റിപോര്‍ട്ട്.
കേന്ദ്ര ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന ഡീമ്ഡ് യൂനിവേഴ്‌സിറ്റിയുടെ പുറനാട്ടുകരയിലുള്ള ഗുരുവായൂരപ്പന്‍ ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ ഡിവൈഎസ്പി എ രാമചന്ദ്രനാണ് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയത്. തൃശൂര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നിന്നും നാലു മാസമായിട്ടും കെഎസ്ആര്‍ടിസി കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ വിജിലന്‍സ് ഓഫിസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെയും തിരുവനന്തപുരം ചീഫ് ഓഫിസറുടെയും ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്നാണ് അവരോടു വിശദീകരണം തേടുന്നതിനും വിദ്യാര്‍ഥികള്‍ക്കു കാലതാമസം ഇല്ലാതെ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടിക്കായി വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
2016 ജൂലൈ 20ന് വിദ്യാര്‍ഥികള്‍ നല്‍കിയ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തിരുവനന്തപുരം ചീഫ് ഓഫിസിലേക്ക് അയച്ചിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ അന്വേഷിച്ചെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ യാതൊരു നടപടികളും എടുക്കാതിരിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതുപോലെ തന്നെ മറ്റ് ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും അപേക്ഷകള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പരിഗണിക്കാതിരുന്നതായും പരാതി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അധ്യയന വര്‍ഷങ്ങളുടെ ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഡിവൈഎസ്പിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day