|    Oct 26 Wed, 2016 11:19 am

വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി പ്രധാനം

Published : 10th May 2016 | Posted By: mi.ptk

മുസ്തഫ കൊണ്ടോട്ടി

ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം 96.59. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 98.57. പരീക്ഷയ്ക്കിരുന്ന 4,73,803 കുട്ടികളില്‍ 4,57,654 പേര്‍ വിജയിച്ചു.16,149 കുട്ടികള്‍ തോറ്റു. കഴിഞ്ഞ വര്‍ഷത്തെ കൂടിയ വിജയ ശതമാനം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വേദിയൊരുക്കിയിരുന്നു. കൂടിയ വിജയ ശതമാനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്നും കുട്ടികള്‍ ഒന്നിനും കൊള്ളാത്തവരായി  മാറുകയാണെന്നും ആയതിനാല്‍ പരീക്ഷകള്‍ കര്‍ക്കശമാക്കണം എന്നൊക്കെയായിരുന്നു ചര്‍ച്ചകളുടെ കാതല്‍.അടുത്ത വര്‍ഷം മുതല്‍ മോഡറേഷന്‍ നല്‍കേണ്ടതില്ലെന്നും എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് നേടുന്നവരെ മാത്രം വിജയിപ്പിച്ചാല്‍ മതിയെന്നുമാണു പരീക്ഷാ ബോര്‍ഡ് സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദേശം. പരീക്ഷകള്‍ കര്‍ക്കശമായാല്‍ മാത്രമേ ഗുണനിലവാരം വര്‍ധിക്കുകയുള്ളൂവെന്ന പൊതുകാഴ്ചപ്പാടിന്റെ ഫലമായിട്ടായിരിക്കണം പരീക്ഷാ ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടാവുക. എസ്എസ്എല്‍സി പാസായ കുട്ടികള്‍ക്കു മലയാളത്തില്‍ സ്വന്തം പേരെഴുതാന്‍ പോലും കഴിയുന്നില്ലെന്നു സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന നിരര്‍ഥകമായ പ്രചാരണവും പരീക്ഷാ ബോര്‍ഡിനെ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം.പരീക്ഷകള്‍ നടത്തുന്നത് എല്ലാവരെയും ജയിപ്പിക്കാനല്ലെന്നും മറിച്ചു നല്ലൊരു ശതമാനത്തെ തോല്‍പ്പിക്കാനാണെന്നുമാണ് പരീക്ഷകളുടെ കാര്‍ക്കശ്യത്തില്‍ വിശ്വസിക്കുന്നവരുടെ വാദം. പരീക്ഷകള്‍ ഉദാരവ വല്‍ക്കരിച്ചതാണ് വിദ്യാഭ്യാസത്തിന്റെ  ഗുണനിലവാരം താഴാന്‍ കാരണമായതെന്നും ഇവര്‍ വാദിക്കുന്നു.  ഈ വാദം എത്രത്തോളം ശരിയാണെന്നു പരിശോധിച്ചു നോക്കാം. ‘വിദ്യാഭ്യാസം’ എന്ന പുസ്തകത്തില്‍ ലിയോ ടോള്‍സ്റ്റോയ് എഴുതിയത് നോക്കുക.’ആറു വര്‍ഷത്തെ വിദ്യാലയ ജീവിതം തെറ്റില്ലാത്ത ഒരു വാക്കെഴുതാനുള്ള കഴിവ് കുട്ടികള്‍ക്കു നല്‍കിയിട്ടില്ല’. എല്ലാക്കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ലോകത്തായാലും കേരളത്തിലായാലും കഴിഞ്ഞ നൂറ്റാണ്ടുകളിലായാലും ഈ നൂറ്റാണ്ടിലായാലും തങ്ങളുടെ കാലത്ത് എല്ലാം ഭദ്രമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്നുമാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. മനസ്സ് ഇന്നലെകളോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നതു മൂലമാണ് ഇന്നലെകളില്‍ എല്ലാം ഭദ്രമായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാം തകിടംമറിഞ്ഞിരിക്കുകയാണെന്നുമുള്ള തോന്നലുകളുണ്ടാവുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എല്ലാ കാലവും ഒരുപോലെ തന്നെയായിരുന്നു. ഇക്കാലത്തു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. മറിച്ചു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുകയാണു ചെയ്തത്. ടോള്‍സ്റ്റോയിയുടെ കാലത്ത് സമൂഹത്തിലെ ചെറിയ ന്യൂനപക്ഷം മാത്രമായിരുന്നു വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. ആ ചെറിയ ന്യൂനപക്ഷത്തിനു പോലും ശരിയായി എഴുതാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ലെന്നാണല്ലോ ടോള്‍സ്റ്റോയിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാക്കാനാവുന്നത്. ഇന്നാണെങ്കിലോ പ്രവേശന നിരക്ക് നൂറ് ശതമാനവും. വിദ്യാഭ്യാസത്തിന്റൈ ഗുണനിലവാരം പരീക്ഷയുമായി മാത്രമല്ല ബന്ധപ്പെട്ടു കിടക്കുന്നത്. മറിച്ചു വ്യവസ്ഥിതിയുമായും അതു ബന്ധപ്പെട്ടു കിടക്കുന്നു. അക്കാദമിക വിനിമയത്തിനായി കുട്ടിക്കു ലഭിക്കേണ്ട 200 സാധ്യായ ദിനങ്ങള്‍ ഉറപ്പു വരുത്തേണ്ടത് വ്യവസ്ഥിതിയാണ്. വിദ്യാലയവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടതും സാധ്യായ ദിനങ്ങളില്‍ അധ്യാപക ലഭ്യത ഉറപ്പു വരുത്തേണ്ടതും വ്യവസ്ഥിതിയാണ്. അക്കാദമിക വിനിമയത്തിനായുള്ള മറ്റു സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും വ്യവസ്ഥിതി തന്നെയാണ്. വ്യവസ്ഥിതി വരുത്തുന്ന വീഴ്ചകള്‍ക്ക് ഇരയാവേണ്ടി വരുന്ന കുട്ടികള്‍ക്കു ലഭിക്കേണ്ട സാന്ത്വന പ്രതിഫലമാണ് മോഡറേഷന്‍ മാര്‍ക്ക്. അതു കുട്ടിയുടെ അവകാശമാണ്, അല്ലാതെ വ്യവസ്ഥിതിയുടെ ഔദാര്യമല്ല. വിജയശതമാനം കുറയുന്നതിനനുസരിച്ചു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂടുമെന്നാണു ചിലരുടെ വാദം. അതായത് തോല്‍വി കൂടുന്നതിനനുസരിച്ചു ഗുണനിലവാരവും കൂടുമെന്നര്‍ഥം. പരീക്ഷകളെന്ന അരിപ്പകളുടെ ദ്വാരം ചെറുതാവുന്നതിനനുസരിച്ചു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂടുകയല്ല ചെയ്യുക. മറിച്ചു, വിദ്യാഭ്യാസ മേഖലയില്‍ നിന്നു നിരവധി പേര്‍ പുറത്താവുകയാണ്. അംഗീകൃത അക്ഷരജ്ഞാനികള്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ തീരങ്ങളില്‍ തുഴഞ്ഞെത്തുമ്പോള്‍ പരാജിതരെന്നു വിധിയെഴുതപ്പെട്ടവര്‍ ബഹിഷ്‌കൃതരാവും. പരീക്ഷകളുടെ പേരില്‍ ഇത്തരം ബഹിഷ്‌കൃതരുടെ എണ്ണം കൂട്ടണോ, അതോ നിരന്തരമായ മൂല്യനിര്‍ണയത്തിലൂടെ പരാജിതരുടെ എണ്ണം കുറയ്ക്കുകയാണോ വേണ്ടത്? അതു കേരളം വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച പുരോഗതിയെ പിന്നോട്ടു വലിക്കലാണ്.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളാണ് സാമൂഹിക നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത. ഇതില്‍ തൊഴില്‍ സാധ്യതയ്ക്കു മാത്രമേ ഒരല്‍പം ഇടിവു സംഭവിച്ചിട്ടുള്ളൂ, സാമൂഹിക നീതി, ഗുണമേന്മ എന്നിവ ഇപ്പോഴും ഭദ്രം തന്നെ. അതു തകര്‍ക്കാന്‍ മുതിരരുത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day