|    Dec 7 Wed, 2016 2:03 pm
FLASH NEWS

വിജിലന്‍സ് കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തി

Published : 12th November 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് അന്വേഷണത്തിലിരിക്കുന്ന വിവിധ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കൊച്ചിയില്‍ അവലോകന യോഗം വിളിച്ചു. വിജിലന്‍സ് കൊച്ചി റേഞ്ചിന് കീഴിലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട് യൂനിറ്റുകളിലെയും എറണാകുളം സ്‌പെഷ്യല്‍ സെല്ലിലെയും എസ്പിമാര്‍, ഡിവൈഎസ്പിമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം ഉദ്യോഗസ്ഥര്‍ എറണാകുളത്തെ വിജിലന്‍സ് ഓഫിസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. റേഞ്ചിന് കീഴിലും സ്‌പെഷ്യല്‍ സെല്ലിലും അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള കേസുകളുടെ പുരോഗതി ഡയറക്ടര്‍ വിലയിരുത്തി. അന്വേഷണത്തില്‍ കാലതാമസമുണ്ടാവുന്ന കേസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഡയറക്ടര്‍ മുന്‍ഗണന നല്‍കിയത്. 2012 മുതലുള്ള കേസുകള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. കേസുകളില്‍ അന്വേഷണം വൈകുന്നതിനുള്ള കാരണം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഡയറക്ടര്‍ ആരാഞ്ഞു. കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം വിജിലന്‍സ് അന്വേഷിക്കുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ പ്രത്യേകമായി അവലോകനം ചെയ്തില്ല. കെ ബാബു പ്രതിയായ രണ്ടു കേസുകളില്‍ വിജിലന്‍സ് റേഞ്ചും സ്‌പെഷ്യല്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഈ കേസുകളില്‍ പ്രത്യേക പരിശോധന ഡയറക്ടര്‍ നടത്തിയില്ല. രാവിലെ ആരംഭിച്ച യോഗം വൈകുന്നേരമാണ് അവസാനിച്ചത്. എറണാകുളം, തൃശൂര്‍, പാലക്കാട് യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day