|    Oct 27 Thu, 2016 10:35 am
FLASH NEWS

വികസനത്തില്‍ കൊമ്പുകോര്‍ത്ത് മുന്നണി നേതാക്കള്‍

Published : 15th May 2016 | Posted By: SMR

ആലപ്പുഴ: ജില്ലയുടെ വികസന മുരടിപ്പ് ചര്‍ച്ചചെയ്തു മുന്നണി നേതാക്കള്‍ കൊമ്പ്‌കോര്‍ത്തു. ആലപ്പുഴ പ്രസ്‌ക്ലബില്‍ ജനസമക്ഷം 2014 മുഖാമുഖം പരിപാടിയിലാണ് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസറും ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമനും പരസ്പരം പോരടിച്ചത്.
യുഡിഎഫിന്റെ വികസന തുടര്‍ച്ചയ്ക്ക് മലയാളികള്‍ വോട്ടുചെയ്യുമെന്ന് എ എ ഷുക്കൂര്‍ അവകാശപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്ന് ആര്‍ നാസര്‍ തിരിച്ചടിച്ചു. 60 വര്‍ഷമായി കേരളത്തിന്റെ സമ്പത് സമൃദ്ധിയെ ഇല്ലാതാക്കിയ ഇടതു വലത് മുന്നണികള്‍ക്കെതിരെ ജനം പ്രതികരിക്കുമെന്ന് കെ സോമനും പറഞ്ഞു.
എ എ ഷുക്കൂര്‍
ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ആത്മവിശ്വാസത്തോടെയാണ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കി ഇടതുപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ പോലും മുമ്പെങ്ങുമില്ലാത്ത വികസനം നടന്നു. നെല്ലുസംഭരണത്തില്‍ സര്‍ക്കാര്‍ വിഹിതം 12 രൂപയില്‍ നിന്നു 21 ആക്കി വര്‍ധിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ വര്‍ഷംതോറും 1800 കോടി രൂപയുടെ തൊഴില്‍ ഉറപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. കേന്ദ്രത്തിനും മറ്റുസംസ്ഥാനങ്ങള്‍ക്കുമെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കി. കയര്‍ സംഭരണ കുടിശിക ഒന്നിച്ചുകൊടുത്തു. ഒരാഴ്ചയ്ക്ക് മുമ്പ് ബാങ്കുവഴിയും അല്ലാതെയും ഈ ഇനത്തില്‍ 29.5 കോടി രൂപ ചിലവഴിച്ചു. ന
തിരഞ്ഞെടുപ്പില്‍ 1977 ആവര്‍ത്തിക്കും. അന്ന് 14 അസംബ്ലി മണ്ഡലങ്ങളില്‍ വിജയിച്ചതായി ഷുക്കൂര്‍ ചൂണ്ടിക്കാട്ടി. കുറവന്‍തോട് സ്മൃതി വനത്തില്‍ ഐടി പാര്‍ക്ക് ആരംഭിക്കാനായി ഏക്കറുകണക്കിനു പാടം നാലരക്കോടി രൂപ ചെലവഴിച്ച് നികത്തിയെടുത്തെങ്കിലും പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഇതിനു പിന്നില്‍ രഹസ്യഅജണ്ടയുണ്ടായിരുന്നുവെന്നും മാര്‍ത്താണ്ഡന്‍ കായലിനോട് ചേര്‍ന്നു നിരവധി സ്ഥലങ്ങള്‍ ഇടതുപക്ഷ എംഎല്‍എ കൈവശം വച്ചിരിക്കുകയാണ്. ഇതിനെതിരെ സിപിഎം രംഗത്തുവരാന്‍ തയ്യാറാവുന്നില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
ആര്‍ നാസര്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന സര്‍വേ റിപോര്‍ട്ടുകളെല്ലാം എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നു പറയുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ പ്രതിഷേധമുയരും.
അഞ്ചുവര്‍ഷം ഭരിച്ച യുഡിഎഫ് പ്രകടനപത്രികയില്‍് പറഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സൈക്കിളും, പ്ലസ്ടു വിജയിച്ചവര്‍ക്ക് ലാപ്‌ടോപ്പും നല്‍കുമെന്നു പറഞ്ഞെങ്കിലും നല്‍കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് മാത്രമാണ് ചെയ്തത്. ജില്ലയില്‍ തൊഴില്‍ ന്ല്‍കുന്ന ഒരു പദ്ധതിയും തുടങ്ങാനായില്ല. കയര്‍ വ്യവസായവും കയര്‍പിരി മേഖലയും പ്രതിസന്ധിയിലാണ്. രൂക്ഷമായ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ചില്ല. എക്‌സ്എല്‍ ഫാക്ടറി, സ്പിന്നിങ്മില്‍, ഹോംകോ, മെഡിക്കല്‍ കോളജ് എന്നിവയുടെ വികസനം നടപ്പാക്കിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം അവതരിപ്പിച്ച ബജറ്റുകളൊന്നും ആലപ്പുഴ ഇടം പിടിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ മണ്ഡലം പുനര്‍ക്രമീകരണം എല്‍ഡിഎഫിന് അനുകൂലമാണ്. രാഷ്ട്രീയ വോട്ടും സര്‍ക്കാര്‍ വിരുദ്ധ വികാരവും എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ സോമന്‍
എന്‍ഡിഎ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞതായി ഇരുമുന്നണികളുടെയും പ്രതികരണം ഉറപ്പാക്കുന്നുണ്ട്. കേരളം ഇതുവരെ ചര്‍ച്ചചെയ്ത കാര്യങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ ഇരുമുന്നണികളും തയ്യാറായില്ല. മുഖ്യശത്രു ബിജെപിക്കെതിരെയാണ് ഇരുവരുടെയും പ്രചാരണം. ജില്ലയുടെ ചരിത്രം മാറ്റി മറിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്. കേരളത്തിന്റെ പഴയകാല പ്രൗഡിയെല്ലാം നഷ്ടമായതില്‍ ഇരുമുന്നണികള്‍ക്കും ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിക്കുകയാണ്. കടം വാങ്ങി പെന്‍ഷനും ശമ്പളവും കൊടുക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനത്തു ചേക്കേറേണ്ടിവരുന്നതായും കെ സോമന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day