|    Oct 27 Thu, 2016 12:44 am
FLASH NEWS

വികസനത്തിന് കേരള എംപിമാര്‍ ഒന്നിച്ചുനില്‍ക്കും

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗത്തില്‍ തീരുമാനം. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരും മന്ത്രിമാരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്കുള്ള കേന്ദ്രനിക്ഷേപം കുറയുന്നതിലെ പ്രതിഷേധം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.
സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന ഉറപ്പുകളില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കും. അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി അധികൃതരുമായി ചര്‍ച്ചനടത്തും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.
അതോടൊപ്പം പാര്‍ലമെന്റ് യോഗത്തിനു മുമ്പും ശേഷവും എംപിമാരുടെ യോഗം വിളിക്കും. യോഗതീരുമാനങ്ങളുടെ തുടര്‍നടപടികള്‍ അവലോകനം ചെയ്യും. കേന്ദ്രവിഹിതത്തിന്റെ ഘടനയില്‍ വന്ന വ്യത്യാസംമൂലം കേരളത്തിലെ ബജറ്റിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നേരത്തേ കേന്ദ്ര-സംസ്ഥാന വിഹിതങ്ങളുടെ അനുപാതം 80-20 എന്നത് ഇപ്പോള്‍ 60-40 എന്നായി മാറിയിട്ടുണ്ട്. ഇതു സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വിഴിഞ്ഞം പദ്ധതി, വിവിധ കമോഡിറ്റി ബോര്‍ഡുകള്‍ ഇല്ലാതാക്കുന്ന നടപടി തുടങ്ങിയവയില്‍ നിലപാട് അറിയിക്കും.
റബര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ കമോഡിറ്റി ബോര്‍ഡുകളുള്ളത് കേരളത്തിലാണ്. ബോര്‍ഡുകള്‍ ഇല്ലാതാക്കുന്ന നടപടി സംസ്ഥാനത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും. കേരളത്തിന്റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സര്‍ക്കാരിനു പിന്തുണ അറിയിച്ചതായി യോഗത്തിനുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.
വയലാര്‍ രവി, കെ വി തോമസ്, ജോയ് അബ്രഹാം, വീരേന്ദ്രകുമാര്‍, ഇ അഹമ്മദ്, സുരേഷ്‌ഗോപി, റിച്ചാഡ് ഹേ എന്നിവരൊഴികെയുള്ള എംപിമാരും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ, വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് തുടങ്ങിയവരും സംബന്ധിച്ചു. അതത് മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ എംപിമാര്‍ ചര്‍ച്ചചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സാക്ഷരത, ലേ ടു കോഡ് പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ചചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ അനുവദിക്കുന്നതിനുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണമെന്ന് നരേന്ദ്രസിങ് തോമറിനോട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day