|    Oct 23 Sun, 2016 3:04 pm
FLASH NEWS

വാഹന വായ്പയുടെ മറവില്‍ കള്ളനോട്ട്; അന്തര്‍ സംസ്ഥാന സംഘത്തിലെ ആറുപേര്‍ പിടിയില്‍

Published : 4th March 2016 | Posted By: SMR

ആറ്റിങ്ങല്‍: വാഹന വായ്പയുടെ മറവില്‍ കള്ളനോട്ട് മാറുന്ന അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ആറുപേര്‍ പോലിസിന്റെ പിടിയില്‍. ഇവരില്‍ നിന്നു ആയിരത്തിന്റെ നോട്ടടങ്ങിയ 1.72 ലക്ഷം രൂപയും പോലിസ് കണ്ടെടുത്തു. നോട്ട് നിര്‍മിക്കാനുപയോഗിച്ച ലാപ്‌ടോപ്പ് അടക്കം പോലിസ് കണ്ടെത്തി. കണ്ണൂര്‍ ഇടവരമ്പ് മുല്ലശ്ശേരി വീട്ടില്‍ പ്രദീപ് (26), കൊല്ലം തെട്ടിയ സ്വദേശി അന്‍സാര്‍ (38), കൊല്ലം പോളയത്തോട് പട്ടത്താനം നാദിറ മന്‍സിലില്‍ സബീര്‍ (32), ആറ്റിങ്ങല്‍ ഇളമ്പ ഉഷസില്‍ വിനോദ് (40), കടയ്ക്കല്‍ കൊട്ടാരവിള വീട്ടില്‍ സനല്‍കുമാര്‍ (45), തമിഴ്‌നാട് ചെങ്കോട്ട പുളിയറ എസ് എല്‍ കോളനിയില്‍ ബാലയ്യ (53) എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. സംഘത്തിലെ നേതാവും സീരിയല്‍ നിര്‍മാതാവുമായ പ്രദീപ് സ്‌കോര്‍പിയോ കാര്‍ പണയം വച്ച് ചാക്ക സ്വദേശിയായ അഖിലില്‍ നിന്നു രണ്ട് ലക്ഷം രൂപ ഒരുമാസം മുമ്പ് കൈപ്പറ്റി. കഴിഞ്ഞദിവസം രാത്രി പ്രദീപ് അഖിലിനെ വിളിച്ച് കാറുമായി ആറ്റിങ്ങലില്‍ എത്തണമെന്ന് പറഞ്ഞു. പണവുമായി തങ്ങള്‍ അവിടെ ഉണ്ടാകുമെന്ന് പറഞ്ഞു. ഇതനുസരിച്ച് കാറുമായി ആറ്റിങ്ങലിലെത്തിയ അഖിലിന് ഈ സംഘം നല്‍കിയത് കള്ളനോട്ടുകളായിരുന്നു.
ഇത് അഖില്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചപ്പോള്‍ സംഘാംഗങ്ങള്‍ വളഞ്ഞ് അഖിലിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം കാറും പണവുമായി സംഘം സ്ഥലം വിടു. ഇതേ തുടര്‍ന്ന് അഖില്‍ ആറ്റിങ്ങല്‍ പോലിസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കല്ലമ്പലം പോലിസ് വാഹനങ്ങള്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കള്ളനോട്ടു സംഘത്തില്‍ വിനോദാണ് ഇടനിലക്കാരന്‍. സംഘം മൂന്നുമാസം മുമ്പ് ചെങ്കോട്ടയില്‍ നിന്നും രണ്ട് ക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയിരുന്നു. പിന്നീട് ഇത്തരം പണം കിട്ടാതെ വന്നതോടെയാണ് സ്വന്തമായി നിര്‍മിക്കാന്‍ ഒരുങ്ങിയത്. ഇതിനായി ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ വാങ്ങി. യഥാര്‍ത്ഥ നോട്ടുകളോട് സാമ്യമുള്ളതാണ് നോട്ടുകള്‍.
എന്നാല്‍ നോട്ടിലെ വെളുത്ത ഭാഗത്ത് ഗാന്ധിജിയുടെ വാട്ടര്‍മാര്‍ക്ക് ഇല്ല. നോട്ടിന്റെ മധ്യഭാഗത്തെ പച്ച നിറത്തിലുള്ള ത്രെഡിന് ചിലമാറ്റങ്ങളുണ്ട്. നോട്ട് മുറിച്ചതിലും പാകപ്പിഴയുണ്ട്. റൂറല്‍ എസ്പി ഷെഹിന്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ബിജു, എസ്‌ഐ എസ് ശ്രീജിത്ത്, ഗ്രേഡ് എസ്‌ഐ മാരായ ദീപു, സുനില്‍, അന്‍സാരി, എഎസ്‌ഐമാരായ രാജു അനില്‍, ശശിധരക്കുറുപ്പ്, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 395 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day