|    Dec 3 Sat, 2016 9:09 pm
FLASH NEWS

വാഹനങ്ങളുടെ അമിതവേഗം; അപകടബീച്ചായി മുഴപ്പിലങ്ങാട്

Published : 22nd November 2016 | Posted By: SMR

തലശ്ശേരി: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് അപകടബീച്ചായി മാറുന്നു. സായാഹ്നങ്ങളില്‍ വാഹനങ്ങളുമായെത്തുന്നവര്‍ അമിത വേഗത്തില്‍ വണ്ടിയോടിച്ചുണ്ടാവുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബീച്ചില്‍ ദിനംപ്രതി നൂറുകണക്കിന് പേരാണ് കുടുംബസമേതവും അല്ലാതെയും എത്തുന്നത്. വലിയ വാഹനങ്ങളില്‍ ബീച്ചിലെത്തുന്നവര്‍ ഉത്തരവാദിത്വമില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനാവശ്യമായ നടപടികള്‍ പോലിസ് സ്വീകരിക്കണമെന്നു നാട്ടുകാരും പരിസരവാസികളും നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് മാസത്തോളമായി വാഹന അപകടങ്ങള്‍ ബീച്ചില്‍ പതിവായിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബീച്ചില്‍ കളിക്കുകയായിരുന്ന ഒരാള്‍ക്കും വൈകീട്ട് ബീച്ചില്‍ ബൈക്കോടിക്കുകയായിരുന്ന മൂന്നു യുവാക്കള്‍ക്കുമാണ് പരിക്കേറ്റത്. വൈകുന്നേരങ്ങളിലാണ് ബീച്ചിലെത്തുന്ന വലിയ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഓടിക്കുന്നത്. ഒരാഴ്ച മുമ്പ് ഒരു കുടുംബത്തിലെ കൈക്കുഞ്ഞുള്‍പ്പെടെ മൂന്നുപേരെ വാഹനം ഇടിച്ചുവീഴ്ത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. എടക്കാട് മുതല്‍ മുഴപ്പിലങ്ങാട് മേല്‍പാലം വരെ ദൈര്‍ഘ്യമുള്ള ബീച്ചില്‍ സുരക്ഷാ ക്രമീകരണത്തിനു വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ടൂറിസം വികസന സാധ്യതകള്‍ മനസ്സിലാക്കാന്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ കഴിഞ്ഞയാഴ്ച ബീച്ചിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനാ സമയം ഡിടിപിസിയുടെയും കെടിഡിസിയുടെയും ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ബീച്ചില്‍ നിരന്തരമായി സംഭവിക്കുന്ന ഇത്തരം അസ്വാഭാവിക വാഹനാപകടങ്ങള്‍ നിയന്ത്രിക്കണമെന്ന് നാട്ടുകാരും പരിസരവാഹികളും ചെയര്‍മാനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടപെടലുകളുണ്ടായിട്ടില്ല.മുഴപ്പിലങ്ങാട് ബീച്ചിലേക്ക് നാല് റോഡുകള്‍ വഴിയാണ് വാഹനങ്ങള്‍ എത്തുന്നത്. മുഴപ്പിലങ്ങാട് പഴയ റെയില്‍വേ ഗേറ്റിന് സമീപത്തുള്ള റോഡ്, മഠം റോഡ്, കുളം ബസാര്‍, എടക്കാട് എന്നീ റോഡുകള്‍ വഴിയാണ് ബീച്ചില്‍ വാഹനങ്ങള്‍ പതിവായി എത്തുന്നത്. പോലിസിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാം. എന്നാല്‍ എണ്ണത്തില്‍ കുറവായ സുരക്ഷാ ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവും ജോലി ഭാരവും ഫലത്തില്‍ ബീച്ചില്‍ അപകടങ്ങള്‍ക്കിടയാക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day