|    Oct 25 Tue, 2016 2:15 pm
FLASH NEWS
Home   >  Life  >  Real Life  >  

വാരിക്കുഴി കടന്ന് ആനവണ്ടി

Published : 25th August 2015 | Posted By: admin

.

aanavandi

 

 


ഷിയാസ്


ട്ടുച്ച 12 മണി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്റെ വലതുവശത്തെ ട്രാക്കില്‍ എറണാകുളം ബോര്‍ഡ്‌വച്ച ഒരു വോള്‍വോ പോവാന്‍ തയ്യാറായി നില്‍പ്പുണ്ട്. യാത്രക്കാര്‍ വണ്ടിയുടെ മുന്‍വശത്ത് ഒന്നു മടിച്ചുനില്‍ക്കുന്നു. എ.സി. ബസ്, പോരാത്തതിനു വോള്‍വോയും! പണി കിട്ടുമോ? യാത്രക്കാര്‍ പരുങ്ങുന്നു. ആശങ്കയോടെ മുന്നില്‍ നില്‍ക്കുന്നവരെ നോക്കുന്ന ചെറുപ്പക്കാരായ കണ്ടക്ടറും ഡ്രൈവറും സൗഹൃദത്തോടെ അടുത്തുവരുന്നു. ‘കയറിക്കോളൂ, ടിക്കറ്റ് ഫെയര്‍ മറ്റ് എ.സി. ബസ്സിനേക്കാളും കുറവ്’- അവര്‍ യാത്രക്കാര്‍ക്കു ധൈര്യം കൊടുക്കുന്നു. മടിച്ചു മടിച്ച് യാത്രക്കാര്‍ കയറുന്നു, ഒഴിഞ്ഞ സീറ്റില്‍ സ്ഥാനംപിടിക്കുന്നു. ആളു നിറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ ഡ്രൈവര്‍ ബസ്സില്‍ കയറുന്നു. യാത്രക്കാരെ ആകമാനം സ്‌നേഹത്തോടെ നോക്കുന്നു. ഡി.വി.ഡി. പ്ലെയറിലേക്ക് ഒരു ഡിസ്‌ക് ഇന്‍സെര്‍ട്ട് ചെയ്യുന്നു. സ്‌ക്രീനില്‍ രാജമാണിക്യം. മമ്മൂട്ടി കിടിലന്‍ ഡയലോഗുമായി രംഗം കൊഴുപ്പിക്കുന്നു.

ഇളംതണുപ്പും സൗഹൃദം പൊഴിയുന്ന അന്തരീക്ഷവും. യാത്രക്കാര്‍ അമ്പരക്കുന്നു.
ഇത് പഴയ കെ.എസ്.ആര്‍.ടി.സിയല്ല. പുതിയ കെ.എസ്.ആര്‍.ടി.സിയാണ്. യാത്രക്കാരുടെ സ്വന്തം ആനവണ്ടി. ആനവണ്ടി ഇന്നു രൂപംമാറുകയാണ്. സ്വഭാവവും മാറുകയാണ്. പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്ന തങ്ങളുടെ സ്വന്തം ആനവണ്ടിയെ വാരിക്കുഴിയില്‍ നിന്നു കരകയറ്റാന്‍ പ്രതിജ്ഞാബദ്ധരായ തൊഴിലാളികളുടെ പ്രതിനിധികളെയാണ് നാം വോള്‍വോയുടെ മുന്നില്‍ കണ്ടത്. അവരുടെ കഥയാണ് കെ.എസ്.ആര്‍.ടി.സിയിലെ ചൂടുള്ള വിശേഷങ്ങള്‍.

ആനവണ്ടിയുടെ രാജകീയചരിത്രം
കാളവണ്ടിയും കുതിരവണ്ടിയും പോലും സമ്പന്ന വിഭാഗത്തിനു മാത്രം താങ്ങാവുന്ന കാലം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു തിരുവിതാംകൂര്‍ രാജ്യത്തിന് സ്വന്തമായ ഒരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് എന്നത്.

blackand white ksrtc old foto1938 ഫെബ്രുവരി 20ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോ ര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് എന്നപേരില്‍ ആനവണ്ടിയുടെ               ആദ്യരൂപം നിരത്തിലിറങ്ങി. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവും രാജകുടുംബാംഗങ്ങളും ആഘോഷത്തോടെ നടത്തിയ യാത്രയോടെയായിരുന്നു തുടക്കം.

കിഴക്കേ കോട്ടയില്‍ നിന്നു കവടിയാര്‍ കൊട്ടാരത്തിലേക്കു നടത്തിയ ഈ യാത്ര ചരിത്രത്തിലേക്കുള്ള പ്രയാണമാണെന്നു പറയാം. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യം നിരത്തിലിറങ്ങിയത്.

ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ് സൂപ്രണ്ട് ആയിരുന്ന ഇ ജി സാള്‍ട്ടര്‍ തിരുവിതാംകൂര്‍ ഗതാഗതവകുപ്പിന്റെ സൂപ്രണ്ടായി നിയോഗിക്കപ്പെട്ടു. ഇദ്ദേഹം തന്നെയായിരുന്നു ആ ചരിത്രയാത്രയുടെ ഡ്രൈവറും. എന്നാല്‍, ഇന്നു കാണുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിലവില്‍ വരാന്‍ പിന്നെയും 27 വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവന്നു. 1950ല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമം നിലവില്‍ വന്നു. 1965 ഏപ്രില്‍ ഒന്നിന് ഇത് ഒരു സ്വയംഭരണ സ്ഥാപനമായി. അതേവര്‍ഷം മാര്‍ച്ച് 15നു കെ.എസ്.ആര്‍.ടി.സിയും സ്ഥാപിതമായി.

തൊഴിലാളികളുടെ കഠിന പ്രയത്‌നം
സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമവും ഷെഡ്യൂളുകള്‍ കൂടുതലായി ഇറക്കാത്തതും അധികാരികളുടെ അശ്രദ്ധയും അടക്കമുള്ള വിവിധ കാരണങ്ങള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് അനുദിനം ആനവണ്ടിയുടെ പ്രയാണം.

കെ.എസ്.ആര്‍.ടി.സിയുടെ ഈ നഷ്ടത്തിന് അതിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. വളരെ സുതാര്യമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ഗതാഗതസംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചതാണെങ്കിലും സര്‍ക്കാര്‍ ഖജനാവിലേക്കു വരുമാനം ഉണ്ടാക്കാന്‍ ഇതുവരെ കോര്‍പറേഷന് ആയിട്ടില്ല.

പ്രതിസന്ധികള്‍ വരുമ്പോള്‍ പലവുരു സര്‍ക്കാര്‍ അടിയന്തരസഹായം ലഭ്യമാക്കാറുണ്ട്. പക്ഷേ, വാരിക്കുഴിയില്‍ നിന്നു കരകയറാന്‍ ഇനിയും ആനവണ്ടിക്കു സാധിച്ചിട്ടില്ല.

എന്നാല്‍, എങ്ങനെയെങ്കിലും ഈ സാമ്പത്തിക ഞെരുക്കത്തിന്റെ കുരുക്കഴിക്കാനുള്ള പ്രയത്‌നത്തിലാണ് ആനവണ്ടിയുടെ ‘പാപ്പാന്മാരായ’ ജീവനക്കാര്‍. കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടങ്ങുന്ന ജീവനക്കാര്‍ ഇതിനായി വിവിധ പദ്ധതികളാണ് നിലവില്‍ പയറ്റിത്തുടങ്ങിയിരിക്കുന്നത്. സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിന്‍ ആണ് ഇതില്‍ ഏറ്റവും പ്രധാനം. ആനവണ്ടിയെ വിജയഗാഥയില്‍ എത്തിക്കുകയെന്ന വലിയ ലക്ഷ്യത്തിനായുള്ള കാംപയിന്റെ ആദ്യഘട്ടം സമ്പൂര്‍ണ വിജയമായിരുന്നു. ഒപ്പം ബസ്‌ഡേ, പോയിന്റ് ഡ്യൂട്ടി, കാലാവധി കഴിഞ്ഞ അന്തര്‍സംസ്ഥാന വോള്‍വോ ബസ്സുകള്‍ അറ്റകുറ്റപ്പണി നടത്തി ആഭ്യന്തരറൂട്ടുകളില്‍ ഉപയോഗിക്കല്‍, ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചു രംഗത്തിറക്കല്‍ തുടങ്ങി വിവിധതരം ക്രിയാത്മക പദ്ധതികളാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നു മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. പലതും നടപ്പാക്കുകയും വിജയിപ്പിക്കുകയും ചെയ്തുകഴിഞ്ഞു.

സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിന്‍
പോവുന്ന സ്ഥലത്തിന്റെ പേരു വിളിച്ചുപറഞ്ഞ് ബസ്സിലേക്ക് ആളെ വിളിച്ചുകയറ്റുന്ന രീതി അവലംബിച്ചുകൊണ്ടാണ് തൊഴിലാളികള്‍ ഈ കാംപയിന് തുടക്കം കുറിച്ചത്. ശരാശരി 4.60 കോടിയായിരുന്ന പ്രതിദിനവരുമാനം ഇതോടെ 6.76 കോടിയായി ഉയര്‍ന്നു. ആനവണ്ടിയുടെ ചരിത്രത്തില്‍ പുതിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു ഇത്.

തങ്ങള്‍ക്ക് അന്നം തരുന്ന സ്ഥാപനത്തിനെ ഗ്രസിച്ച രോഗത്തിനു ഫലപ്രദമായ ഔഷധം കണ്ടെത്താന്‍ തങ്ങളും ബാധ്യസ്ഥരാണെന്ന ചിന്തയാണ് തൊഴിലാളികളെ ഇതിനു പ്രേരിപ്പിച്ചത്.
ഇടത് സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എയാണ് കാംപയിന് നേതൃത്വം നല്‍കിയതെങ്കിലും പദ്ധതിയുടെ വിശാല ലക്ഷ്യമുള്‍ക്കൊണ്ട് പിന്നീട് മിക്ക ട്രേഡ് യൂനിയനും ഉദ്യമത്തിന്റെ ഭാഗമായി.

കൂടുതലായി മുന്നൂറോളം ബസ്സുകളാണ് നിരത്തിലിറങ്ങിയത്. ഇതിലൂടെ സര്‍വീസുകളുടെയും ഷെഡ്യൂളുകളുടെയും എണ്ണത്തിലും റെക്കോഡ് വര്‍ധനയുണ്ടായി. പതിവിനു വിപരീതമായി ഡ്രൈവറും കണ്ടക്ടറുമെല്ലാം ബസ്സില്‍ നിന്നിറങ്ങി ആളെ വിളിച്ചുകയറ്റുകയാണ്. ഡ്രൈവറോ കണ്ടക്ടറോ ഇല്ലാത്തതുമൂലം ഒരു സര്‍വീസും മുടങ്ങരുതെന്നു തീരുമാനിച്ചിരുന്നതിനാല്‍ തന്നെ ഭൂരിഭാഗം തൊഴിലാളികളും നേരത്തേ തന്നെ ഡ്യൂട്ടിക്കെത്തി.

യാത്രയ്ക്കിടെ ബസ് കേടായാല്‍ ഉടനടി നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ബസ്സുകളില്‍ യാത്ര ചെയ്തു. അന്നത്തെ വരുമാനം 6,76,88,545 രൂപയായിരുന്നു. ഇത് ഒരൊറ്റദിനം കൊണ്ട് അവസാനിപ്പിക്കാനുള്ള പദ്ധതിയായിരുന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമാവുമ്പോഴെല്ലാം അവര്‍ ഈ കാംപയിന്‍ ഇപ്പോഴും നടത്തിവരുന്നു.

ബസ്‌ഡേ
1938 ഫെബ്രുവരി 20നു നടന്ന ആദ്യ ബസ് യാത്രയുടെ സ്മരണ പുതുക്കി പൊതുഗതാഗതസംവിധാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഫെബ്രുവരി 20ന് ആചരിച്ച ‘ബസ്‌ഡേ’യും മറ്റൊരു വിപ്ലവമായിരുന്നു. സ്വന്തമായി വാഹനമുള്ള എല്ലാവരും അന്നൊരു ദിവസത്തേക്ക് അവ ഓഫാക്കി പകരം പൊതുഗതാഗത സംവിധാനമായ ബസ്സിനെ ആശ്രയിക്കുകയെന്നതായിരുന്നു ബസ്‌ഡേയുടെ ഉദ്ദേശ്യം.

വാഹനങ്ങളുടെ ആധിക്യംമൂലം ഉണ്ടാവുന്ന വായു-ശബ്ദമലിനീകരണത്തിന് ഒരുപരിധിവരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. സാധാരണ ഗതാഗതവകുപ്പ്, കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ്, ജില്ലാ ഭരണകൂടം എന്നിവരാണ് ബസ്‌ഡേ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാറുള്ളതെങ്കിലും പതിവിനു വിപരീതമായി ഇത്തവണ ജീവനക്കാരാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ‘ആരോഗ്യകരമായ പൊതുഗതാഗത സംവിധാനം പൊതുജനാരോഗ്യത്തിന്’ എന്നതായിരുന്നു മുദ്രാവാക്യം.

വാരിക്കുഴി കടന്ന് ആനവണ്ടി

77ാം പിറന്നാള്‍ ദിനാഘോഷത്തില്‍ 4,875 ഷെഡ്യൂളുകളിലായി 5,015 ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി. ഓപറേറ്റ് ചെയ്തത്.രാജാവിന്റെയും പരിവാരങ്ങളുടെയും നേതൃത്വത്തില്‍ 1938ല്‍ നടന്ന സഞ്ചാരത്തിന്റെ നേര്‍ചിത്രമായി കിഴക്കേ കോട്ടയില്‍ നിന്നു കവടിയാര്‍ കൊട്ടാരത്തിലേക്കായിരുന്നു ഇത്തവണത്തേയും യാത്ര. കെ.എസ്.ആര്‍.ടി.സി. എം.ഡിയും മറ്റ് ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളായ ഗൗരി ലക്ഷ്മീബായി, ആദിത്യവര്‍മ, മഹേന്ദ്രവര്‍മ, മാര്‍ത്താണ്ഡവര്‍മ തുടങ്ങിയവരും യാത്രയോടൊപ്പം ചേര്‍ന്ന് ‘ബസ് ഡേ’യെ പ്രൗഢഗംഭീരമാക്കി. ഒപ്പം, വിവിധ സ്ഥലങ്ങളില്‍ മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും ഇതോടൊപ്പം ചേര്‍ന്നു. അഞ്ചു പുതിയ ബസ്സും ഒരു പുതിയ ബസ്‌റൂട്ടും പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. നല്‍കിയ പിറന്നാള്‍ സമ്മാനമായിരുന്നു. പോയിന്റ് ഡ്യൂട്ടിതിരക്കുള്ള റൂട്ടുകള്‍ തിരഞ്ഞെടുത്ത് തിരക്കുള്ള ദിവസങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കുന്ന പദ്ധതിയാണ് പോയിന്റ് ഡ്യൂട്ടി. ഓരോ പോയിന്റുകളിലും ബസ് നിര്‍ത്തി ജീവനക്കാര്‍ ആളുകളെ വിളിച്ചുകയറ്റും. നിലവില്‍ തിങ്കള്‍, വെള്ളി ദിനങ്ങളാണ് പോയിന്റ് ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷ്യം നേടാന്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെയും രംഗത്തിറക്കാന്‍ മാനേജ്‌മെന്റും സന്നദ്ധമായി. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളിലേക്കു കൂടുതല്‍ ജീവനക്കാരോടൊപ്പം ബസ്സുകള്‍ അയയ്ക്കുകയും യാത്രക്കാരെ വിളിച്ചുകയറ്റുകയും ചെയ്തുവരുന്നതായി തൊഴിലാളികള്‍ പറയുന്നു. പോയിന്റ് ഡ്യൂട്ടി വ്യവസ്ഥ മറ്റു ദിവസങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനും ആലോചനയുണ്ട്. വരുമാന വര്‍ധനയ്ക്കും കൂടുതല്‍ ഷെഡ്യൂളുകള്‍ ഇറക്കുന്നതിനും ഇത് സഹായകമാവുന്നു.

വോള്‍വോ ബസ്സുകള്‍
നിലവില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വോള്‍വോ ബസ്സുകളില്‍ മൂന്നെണ്ണം ഇതിനോടകം കാലാവധി കഴിഞ്ഞവയാണ്. മേമ്പൊടിയായി അല്ലറ ചില്ലറ അറ്റകുറ്റപ്പണി നടത്തി ആഭ്യന്തര സര്‍വീസില്‍ ലാഭകരമായി നിരത്തിലിറക്കാനാവുമെന്ന് അവര്‍ തെളിയിച്ചു. തിരുവനന്തപുരം-എറണാകുളം സര്‍വീസിനായി ഒരെണ്ണം മാത്രമാണ് സജ്ജമാക്കിയിട്ടുള്ളതെങ്കിലും മറ്റു രണ്ടെണ്ണം ഉടന്‍ തന്നെ തിരക്കുള്ള മറ്റു രണ്ടു റൂട്ടുകളിലേക്ക് വിനിയോഗിക്കുമത്രെ. ബംഗളൂരു സര്‍വീസ് നടത്തുമ്പോഴുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നു എറണാകുളത്തേക്ക് ഉച്ചയ്ക്ക് 12നു പുറപ്പെടുന്ന ഈ ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ അന്തര്‍സംസ്ഥാന- ടൂറിസ്റ്റ് ബസ്സുകളിലേതുപോലെ സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഈ വണ്ടിയില്‍ സൗകര്യമുണ്ട്. യാത്രാക്കൂലിയിലെ ഇളവും ജീവനക്കാരുടെ ഈ പുതിയ ആശയത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉയര്‍ത്തുന്നു. ഇതുകൂടാതെ ഭാവിയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നതിലൂടെ പരിക്കേറ്റ് അവശനിലയിലായ കെ.എസ്.ആര്‍.ടി.സിക്ക് പുതുജീവന്‍ നല്‍കാനാവുമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ. സെക്രട്ടറി ശാന്തകുമാര്‍ പറയുന്നു.

ഫേസ്ബുക്കിലും!

‘ആനവണ്ടി’ എന്നപേരില്‍ ഒരു ഫേസ്ബുക്ക് പേജും ജീവനക്കാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും അറിയിപ്പുകളുമാണ് വിഷയം പങ്കുവയ്ക്കുന്നത്. ഇതുവരെ 2,85,068 പേരാണ് പേജ് ലൈക്ക് ചെയ്തത്.അതേസമയം, ആനവണ്ടിയെ രക്ഷിക്കാന്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഏത് പോസിറ്റീവ് നടപടികള്‍ക്കും പൂര്‍ണപിന്തുണ മാനേജ്‌മെന്റും ഉറപ്പുനല്‍കുന്നുണ്ട്. തൊഴിലാളികളുടെ അഭിപ്രായങ്ങള്‍ക്കു മുന്‍ഗണന നല്‍കി ക്രിയാത്മക നടപടികള്‍ ആസൂത്രണം ചെയ്യാനും പൊതുജന പിന്തുണയോടെ നടപ്പാക്കാനും ഗതാഗതവകുപ്പും ഊഷരമായി പരിശ്രമിക്കേണ്ടതുണ്ട്. അധികാരികളുടെ ചില ഉട്ടോപ്യന്‍ ചിന്തകള്‍ കൊണ്ട് ഒരിക്കലും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാവില്ലെന്നു തെളിയിക്കുന്നതാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന സമയോചിത ഇടപെടലിന്റെ വിജയം.                  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day