|    Oct 28 Fri, 2016 2:02 pm
FLASH NEWS

വാംഖഡെയില്‍ ഇന്ന് ധോണി ഃ രോഹിത് പോര്

Published : 9th April 2016 | Posted By: SMR

മുംബൈ: ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണിര്‍ വീണ മുംബൈയിലെ വാംഖഡെയില്‍ ഇന്നു ക്രിക്കറ്റ് ആരവം. വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ട അതേ വേദിയില്‍ ഇന്ന് ഐപിഎല്ലിന്റെ ഒമ്പതാം സീസണിനു തുടക്കമാവും. രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സുമായി കൊമ്പുകോര്‍ക്കും. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് മുംബൈ.
ഒത്തുകളി വിവാദങ്ങളും കേസും വിലക്കുമെല്ലാം കഴിഞ്ഞെത്തുന്ന ആദ്യ ഐപിഎല്ലെന്ന നിലയില്‍ ഇത്തവണത്തെ ടൂര്‍ണമെന്റിന് ഏറെ പ്രത്യേകതയുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെയും പ്രഥമ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെയും അഭാവം ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കും. ഒത്തുകളിയെത്തുടര്‍ന്നാണ് ഇരു ടീമുകളെ യും രണ്ടു വര്‍ഷത്തേക്ക് ചാംപ്യന്‍ഷിപ്പില്‍ നിന്നു സസ്‌പെന്റ് ചെയ്തത്. രണ്ടു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ചെന്നൈ നാലു തവണ റണ്ണറപ്പുമായിട്ടുണ്ട്. രാജസ്ഥാനാവട്ടെ 2008ലെ കിരീടവിജയം മാറ്റിനിര്‍ത്തിയാല്‍ ഓരോ തവണ മൂന്നാമ തും നാലാമതുമെത്തി.
ചെന്നൈ ക്യാപ്റ്റനായിരുന്ന ധോണി ഇത്തവണ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന പുതിയ ടീമുമായെത്തുമ്പോള്‍ രാജസ്ഥാനു പകരം ഗുജറാത്ത് ലയണ്‍സാണ് പോര്‍ക്കളത്തിലിറങ്ങുക. കഴിഞ്ഞ എട്ടു വര്‍ഷം ചെന്നൈയുടെ തുറുപ്പുചീട്ടായിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് പൂനെ ക്യാപ്റ്റന്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡ് റെയ്‌നയുടെ പേരിലാണ്. 3699 റണ്‍സാണ് റെയ്‌നയുടെ അക്കൗണ്ടിലുള്ളത്.
ടീമുകളില്‍ മാത്രമല്ല ഇത്തവണ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സഷിപ്പിലും മാറ്റമുണ്ട്. പ്രമുഖ മൊബൈല്‍ കമ്പനിയായ വിവോയാണ് ഐപിഎല്ലിന്റെ ഒമ്പതാം സീസണിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. മുംബൈ, പൂനെ, ഗുജറാത്ത് എന്നിവരെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവയാണ് മറ്റു ടീമുകള്‍. ഹോം-എവേ രീതികളിലായി ഓരോ ടീമും രണ്ടു തവണ ഏറ്റുമുട്ടും.
ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെയാണ് നോക്കൗട്ട്‌റൗണ്ട് പോരാട്ടങ്ങള്‍ നടക്കുക. ക്വാളിഫയര്‍ ഒന്നില്‍ വിജയിക്കുന്നവര്‍ ഫൈനലിലേക്കു നേരിട്ടു യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി ഈ ടീം മാറ്റുരയ്ക്കും. ഇതില്‍ ജയിക്കുന്നവരാവും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം. അടുത്ത മാസം 29ന് വാംഖഡെയില്‍ തന്നെയാണ് കലാശക്കളി.
ജയത്തോടെ തുടങ്ങാന്‍ ചാംപ്യന്‍മാര്‍
നിലവിലെ വിജയികളെന്ന തലയെടുപ്പോടെയെത്തുന്ന മുംബൈ വിജയത്തോടെ പുതിയ സീസണിനു തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലാണെന്നതും മുംബൈയ്ക്കു പ്ലസ് പോയി ന്റാണ്.
രണ്ടു തവണ മുംബൈ ടൂര്‍ണമെന്റില്‍ വിജയികളായിട്ടുണ്ട്. ആദ്യത്തേത് 2013ലായിരുന്നു. രണ്ടു കിരീടനേട്ടങ്ങളും രോഹിത്തിന്റെ കീഴിലായിരു ന്നു. ലേലത്തില്‍ ചില മികച്ച താരങ്ങളെക്കൂടി തങ്ങളുടെ തട്ടകത്തിലെത്തിച്ച് മുംബൈ കൂടുതല്‍ കരുത്തരായിട്ടുണ്ട്.
ലങ്കന്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിങ്കയുടെ പരിക്ക് മാത്രമാണ് മുംബൈക്ക് ആശങ്കയുണ്ടാക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് അടുത്തിടെ സമാപിച്ച ട്വ ന്റി ലോകകപ്പും നഷ്ടമായ മലിങ്ക മുംബൈയ്ക്കായി എന്നു കളിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. മലിങ്കയുടെ അഭാവത്തിലും മുംബൈ ബൗളിങ് ശക്തമാണ്. ഇന്ത്യന്‍ ടീമിലെ പുതിയ രണ്ടു സെന്‍സേഷനുകളായ ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും മുംബൈക്കായാണ് പാഡണിയുന്നത്. ബാറ്റിങില്‍ ജോസ് ബട്‌ലര്‍, കിരോണ്‍ പൊള്ളാര്‍ഡ്, കോറി ആന്‍ഡേഴ്‌സന്‍, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, അമ്പാട്ടി റായുഡു എന്നീ വെടിക്കെട്ട് താരങ്ങളും ടിം സോത്തി, ഹര്‍ഭജന്‍ സിങ്, മിച്ചെല്‍ മക്ലെന്‍ഗന്‍ എന്നീ മികച്ച ബൗളര്‍മാരും മുംബൈക്കുണ്ട്.
വരവറിയിക്കാന്‍ ധോണിയുടെ പൂനെ
ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം സാധിച്ച അവിസ്മരണീയ നേട്ടങ്ങള്‍ പൂനെയ്‌ക്കൊപ്പവും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ ധോണി. ചെന്നൈ പരിശീലകനായിരുന്ന മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെയാണ് പൂനെയുടെ കോച്ച്. കൂടാതെ തനിക്കൊപ്പം ചെന്നൈ ടീമിലുണ്ടായിരുന്ന ഫഫ് ഡു പ്ലെസിസ്, ആര്‍ അശ്വിന്‍ എന്നിവരെയും നിലനിര്‍ത്താന്‍ ധോണിക്കു സാധിച്ചു.
രാജസ്ഥാന്റെ മിന്നുംതാരമായിരുന്ന അജിന്‍ക്യ രഹാനെ, ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, ഇംഗ്ലണ്ട് മുന്‍ സ്റ്റാര്‍ കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവര്‍ പൂനെ ബാറ്റിങിനെ ശക്തമാക്കും. ബൗളിങില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, ഇശാന്ത് ശര്‍മ, മിച്ചെല്‍ മാര്‍ഷ്, ആര്‍ പി സിങ്, തിസാര പെരേര, അശോക് ദിന്‍ഡ എന്നിവരും പൂനെയ്‌ക്കൊപ്പമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day