|    Oct 21 Fri, 2016 6:14 am
FLASH NEWS

വാംഖഡെയിലും വിജയക്കൊടി നാട്ടാന്‍ ഇന്ത്യ

Published : 31st March 2016 | Posted By: RKN

മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ കലാശക്കളിക്കു കച്ചമുറുക്കി ടീം ഇന്ത്യ ഇന്നു വീണ്ടും പോര്‍ക്കളത്തില്‍. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസുമായാണ് പ്രഥമ ചാംപ്യന്‍മാര്‍ അങ്കംകുറിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന സൂപ്പര്‍ 10 ഗ്രൂപ്പ് രണ്ടില്‍ ആസ്‌ത്രേലിയക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ കളിയില്‍ ത്രസിപ്പിക്കുന്ന ജയം നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. മല്‍സരത്തില്‍ ഇന്ത്യന്‍ വിജയശില്‍പ്പിയായ വിരാട് കോഹ്‌ലിയെ ലോകം മുഴുവന്‍ പ്രശംസ കൊണ്ട് മൂടിയിരുന്നു. ഈ വിജയം നല്‍കിയ ആലസ്യത്തില്‍ നിന്ന് എത്രയും പെട്ടെന്ന് മുക്തരായി വിന്‍ഡീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ധോണിയും സംഘവും.കോഹ്‌ലിക്കരുത്തില്‍ ഇന്ത്യടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നതിന് ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയോടാണ്. സൂപ്പര്‍ 10ല്‍ ഇന്ത്യ ജയിച്ച മൂന്നു കളികളില്‍ രണ്ടിലും കോഹ്‌ലിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ചിരവൈരികളായ പാകിസ്താനും കരുത്തരായ ഓസീസിനും എതിരേ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് താരം കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ 184 റണ്‍സ് കോഹ്‌ലി ഇതുവരെ നേടിക്കഴിഞ്ഞു. ഓപണിങ് ബാറ്റിങാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന പ്രധാന ഘടകം. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ജോടി ഇതുവരെ ക്ലിക്കായിട്ടില്ല. ഇതുമൂലം എല്ലാ കളികളിലും കോഹ്്‌ലിയുള്‍പ്പെടുന്ന മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്തു. ഇന്ന് രോഹിത്- ധവാന്‍ ജോടി ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ ധോണിയും ആരാധകരും. സുരേഷ് റെയ്‌നയുടെ മോശം ഫോമാണ് ഇന്ത്യയുടെ മറ്റൊരു ആശങ്ക. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ മിടുക്കനായ റെയ്‌ന ഇതുവരെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയിട്ടില്ല.ഓസീസിനെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം യുവരാ ജ് സിങ് ലോകകപ്പില്‍ നിന്നു പിന്മാറിയത് ഇന്ത്യക്കു തിരിച്ചടിയാവും. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കിലും ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയത്.  യുവിയുടെ പകരക്കാരനായി മനീഷ് പാണ്ഡെയെ ടീമിലെടുത്തിട്ടുണ്ട്.  മനീ ഷോ അജിന്‍ക്യ രഹാനെയോ പകരക്കാരനായി ഇന്ന് അന്തിമ ഇലവനിലെത്തും.ഗെയ്ല്‍ മിന്നിയാല്‍വിന്‍ഡീസ് കസറുംഓപണര്‍ ക്രിസ് ഗെയ്ല്‍ ഫോമിലെത്തിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കുക ഇന്ത്യക്ക് കടുപ്പമാവും. ബാറ്റിങില്‍ മാത്രമല്ല സ്ലോ ബൗളിങിലൂടെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും ഗെയ്ല്‍ കേമനാണ്. ടൂര്‍ണമെന്റിലെ ഏക സെഞ്ച്വറി ഗെയ്‌ലിന്റെ പേരിലാണ്. ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ 10ലെ ആദ്യ കളിയിലായിരുന്നു ഓപണറുടെ സംഹാരതാണ്ഡവം. കേവലം 48 പന്തില്‍ നിന്നാണ് ഗെയ്ല്‍ സെഞ്ച്വറി കണ്ടെത്തിയത്. സൂപ്പര്‍ 10ലെ ആദ്യ മൂന്നു മല്‍സരങ്ങിലും എതിര്‍ ടീമിനെ നിലംപരിശാക്കിയ വി ന്‍ഡീസിന് അവസാന കളിയില്‍ അടിതെറ്റിയിരുന്നു. പുതുമുഖങ്ങളായ അഫ്ഗാ നിസ്താനോട് അട്ടിമറിത്തോല്‍വിയാണ് കരീബിയക്കാര്‍ ഏറ്റുവാങ്ങിയത്.ഗെയ്‌ലിനെക്കൂടാതെ മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസ് ബാറ്റിങിലെ മറ്റൊരു തുറുപ്പുചീട്ട്. ഇന്ത്യക്കെതിരേ എക്കാലവും മികച്ച പ്രകടനമാണ് സാമുവല്‍സ് നടത്തിയിട്ടുള്ളത്. ജോണ്‍സണ്‍ ചാള്‍സ്, ക്യാപ്റ്റന്‍ ഡാരന്‍ സമി, ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍ എന്നിവരും വിന്‍ഡീസ് നിരയിലെ അപകടകാരികളാണ്. അഫ്ഗാനെതിരായ കളിക്കിടെ പരിക്കേറ്റ ആന്ദ്രെ ഫ്‌ളെച്ചര്‍ക്കു പകരം ലെന്‍ഡ്ല്‍ സിമ്മണ്‍സായിരിക്കും ഇന്ന് വിന്‍ഡീസ് നിരയില്‍ കളിക്കുക. ഫ്‌ളെച്ചറുടെ പകരക്കാരനായി താരം ഇന്നലെ ടീമിനൊപ്പം ചേരുകയായിരുന്നു.കണക്കുകളില്‍ വിന്‍ഡീസിന് നേരിയ മുന്‍തൂക്കംട്വന്റി ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഇതുവരെയുള്ള റെക്കോഡ് പരിഗണിക്കുമ്പോള്‍ വിന്‍ഡീസിനാണ് നേരിയ മുന്‍തൂക്കം. ടൂര്‍ണമെന്റില്‍ മൂന്നു തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം വിന്‍ഡീസിനൊപ്പമായിരുന്നു. മൂന്നു കളികളിലും ധോണി തന്നെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍ സെമിയില്‍ ഇതാദ്യമായാണ് ഇന്ത്യയും വിന്‍ഡീസും മുഖാമുഖം വരുന്നത്. ഇന്ത്യ-വിന്‍ഡീസ് പോരാട്ടത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്‌ലിന്റെ (98) പേരിലാണ്. 2010ലായിരുന്നു താരത്തിന്റെ ഈ പ്രകടനം. മികച്ച ബൗളിങ് പ്രകടനവും വിന്‍ഡീസിന്റെ പേരിലാണ്. ഡ്വയ്ന്‍ ബ്രാവോ 2009ല്‍ 38 റണ്‍സിന് നാലു വിക്കറ്റെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day