|    Dec 6 Tue, 2016 6:16 am
FLASH NEWS

വലിയവിള ഇരപ്പില്‍ നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു

Published : 15th November 2016 | Posted By: SMR

കിളിമാനൂര്‍: ടൗണില്‍ നിന്നു വളരെ അകലെയല്ലാതെ താമസിച്ചിട്ടും ചിറ്റാര്‍ നദി കടക്കാനാവാത്തതിനാല്‍ ടൗണില്‍ എത്താന്‍ ദുരിതമനുഭവിക്കുന്ന കിളിമാനൂരിലെ വലിയവിള ഇരപ്പില്‍ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമാവുന്നു. നദിക്കു കുറുകെ നടപ്പാലം നിര്‍മിച്ചാണ് ഗ്രാമപ്പഞ്ചായത്ത് പരിഹാരം കാണുന്നത്. പാലം പണി തുടങ്ങാന്‍ തത്ത്വത്തില്‍ തീരുമാനമായി.  പഴയ കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിലെ മഹാദേവേശ്വരം വാര്‍ഡില്‍ കിളിമാനൂര്‍ ടൗണില്‍ നിന്നു വളരെ അകലെയല്ലാതെ താമസിക്കുന്നവരാണു വലിയവിള ഇരപ്പില്‍ നിവാസികള്‍. പഞ്ചായത്ത് ഓഫിസ് അടക്കം നിരവധി ഓഫിസുകളുള്ള ടൗണ്‍ വാര്‍ഡ് ആണു മഹാദേവേശ്വരം. നദിക്കു കുറുകെ ഒരു നല്ല നടപ്പാലമെങ്കിലും പണിയണമെന്ന ഇവരുടെ ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും മാറിമാറി വരുന്ന ജനപ്രതിനിധികളോടു പരാതിയും പരിഭവവുമായി നാട്ടുകാര്‍ എത്തുന്നതും പതിവാണ്. പക്ഷേ ഇക്കാലമത്രയും ആവശ്യം മാത്രം നടന്നില്ല. മഴക്കാലത്താണു നാട്ടുകാര്‍ ഏറെ ദുരിതമനുഭവിക്കുന്നത്. കിലോമീറ്ററുകള്‍ നടന്നാലേ ടൗണില്‍ എത്താനാവൂ. പാലത്തിന്റെ അഭാവം മൂലം പെണ്‍കുട്ടികളുടെ വിവാഹം പോലും മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകബാങ്കിന്റെ ഫണ്ട് ലഭിച്ചതാണു നാട്ടുകാരുടെ പരാതിക്കു പരിഹാരം കാണാന്‍ പഞ്ചായത്തിനു പ്രേരണയായത്. വാര്‍ഡ് മെംബര്‍ വി ജി പോറ്റിയും പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവും മറ്റ് മെംബര്‍മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും നാട്ടുകാരുടെ ആവശ്യം പറഞ്ഞു ബോധ്യപ്പെടുത്തുകയും കഴിഞ്ഞദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്‌ഠേനയുള്ള അംഗീകാരം നേടുകയുമായിരുന്നു.  18.75 ലക്ഷം രൂപയാണു പാലം നിര്‍മിക്കുന്നതിനു വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നാട്ടുകാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയും ഈ വരുന്ന മാര്‍ച്ചിനു മുമ്പ് പാലം പണി തീര്‍ക്കണമെന്ന് തത്ത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുജിത്ത്, വാര്‍ഡ് മെംബര്‍ വി ജി പോറ്റി, ഇ ഷാജഹാന്‍, രാജേന്ദ്രന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day