|    Dec 5 Mon, 2016 7:52 am

വലന്‍സിയ കീഴടക്കി ബാഴ്‌സലോണ

Published : 24th October 2016 | Posted By: SMR

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ- വലന്‍സിയ സൂപ്പര്‍ പോരാട്ടത്തില്‍ ബാഴ്‌സക്ക് 3-2 ന്റെ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ലൂയി സുവാരസും കളം നിറഞ്ഞു കളിക്കുന്ന ബാഴ്‌സലോണയെ നന്നായി വെള്ളം കുടിപ്പിച്ചതിന് ശേഷമാണ് വലന്‍സിയ മുട്ടുമടക്കിയത്. കളിയുടെ ആദ്യാവസാനം ഇരുടീമുകളും  മികച്ച പോരാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും വിജയം ബാഴ്‌സക്കൊപ്പം നിന്നു. ബാഴ്‌സക്കുവേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ സുവാരസും ഒരു വട്ടം ടീമിനു വേണ്ടി വലകുലുക്കി. വലന്‍സിയക്ക് വേണ്ടി മുനിറില്‍ ഹദാദി, റോഡ്രിഗോ മൊറീനോ എന്നിവരാണ് ഗോള്‍ നേടിയത്. അക്രമണ ഫുട്‌ബോള്‍ ശൈലിയില്‍ ഇരുടീമുകളും മല്‍സരിച്ച് കളിച്ചപ്പോള്‍ ഒമ്പത് മഞ്ഞക്കാര്‍ടുകള്‍ റഫറിക്ക് നല്‍കേണ്ടി വന്നു.
വലന്‍സിയക്കെതിരേ ബാഴ്‌സ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. തുടക്കം മുതലേ കൃത്യമായി കരുതലോടെ കളിച്ച വലന്‍സിയ ബാഴ്‌സയുടെ വന്‍ മുന്നേറ്റങ്ങളെ ചെറുത്തുകൊണ്ടേയിരുന്നു. കളിയുടെ 22ാം മിനിറ്റില്‍ നീട്ടി കിട്ടിയ പാസിനെ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ടീമിനെ 1-0 ന്റെ ലീഡ് നേടിക്കൊടുത്തു. ഗോള്‍ വഴക്കത്തോടെ ഉണര്‍ന്നു കളിച്ച വലന്‍സിയന്‍ താരങ്ങള്‍ ബാഴ്‌സലോണന്‍ ഗോള്‍മുഖത്ത് അക്രമണം അഴിച്ചു വിട്ടു. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ കപകുതി പിരിയുമ്പോള്‍ 1-0 ന്റ മുന്‍തൂക്കവുമായാണ് ബാഴ്‌സന്‍ താരങ്ങള്‍ കളം വിട്ടത്.
രണ്ടാം പകുതിയില്‍ ശ്രദ്ധയോടെയാണ് വലന്‍സിയ കളി തുടങ്ങിയത്. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം വലന്‍സിയെ ഗോള്‍ മടക്കി ബാഴ്‌സയെ ഞെട്ടിച്ചു. 53ാം മിനിറ്റില്‍ ഹാഹിയാണ് ആദ്യം വലന്‍സിയക്കായി ഗോള്‍ നേടിയത്. സമനില പിടിച്ചതോടെ വിജയ ഗോളിനായി ഇരുടീമുകളും മല്‍സരിച്ച് മുന്നേറിയപ്പോള്‍ ബാഴ്‌സലോണക്ക് വീണ്ടും ഷോക്കേറ്റു. 56ാം മിനിറ്റില്‍  മൊറീനയിലൂടെ വലന്‍സിയ ലീഡ് ഉയര്‍ത്തി ബാഴ്‌സയെ ഞെട്ടിച്ചു. തോല്‍വി മുന്നില്‍ കണ്ട് ബാഴ്‌സന്‍ മുന്നേറ്റ നിര ശൗര്യം വീണ്ടെടുത്തുണര്‍ന്നു കളിച്ചു. സുവാരസിന്റെ ട്രിബ്ലിങ് മുന്നേറ്റങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. 62ാം മിനിറ്റില്‍ സുവാരസിന്റെ സൂപ്പര്‍ ഗോളില്‍ ബാഴ്‌സ സമനില ഗോള്‍ നേടി.
പിന്നീടുള്ള മിനിറ്റുകളില്‍ വിജയ ഗോളിനായി ഇരുടീമികളും കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഭാഗ്യം ബാഴ്‌സക്കൊപ്പം നിന്നു കളിതീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിജയ ഗോളിനായി മുന്നേറിയ മെസ്സിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയെ സൂപ്പര്‍താരം കൃത്യമായി വലയിലെത്തിച്ചപ്പോള്‍ 3-2 ന്റ വിജയം ബാഴ്‌സലോണ സ്വന്തമാക്കി.
സമാസമം
എസ്പാന്യോള്‍ – ഐബര്‍ മല്‍സരം 3-3 സമനിലയില്‍ അവസാനിച്ചു. ഗോള്‍മഴ പെയ്ത മല്‍സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. കളിയുടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി ഐബര്‍ ലീഡുനേടിയെങ്കിലും രണ്ടാം പകുതിയില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് എസ്പാന്യോള്‍ സമനില പിടിക്കുകയായിരുന്നു.
ആദ്യ പകുതിയിലെ 23ാംമിനിറ്റില്‍ സെര്‍ജി എന്റിച്ച്, 27ാം മിനിറ്റില്‍ ഡിയേഗോ റിയീസ് 44ാം മിനിറ്റില്‍ കിക്കീ എന്നിവര്‍ എയ്വറിനായി വലകുലുക്കി. ആദ്യ പകുതിയില്‍ വിജയ മുറപ്പിച്ച് 3-0 ന്റെ ലീഡുമായി പിരിഞ്ഞ ഐബറിന് രണ്ടാം പകുതിയില്‍ എസ്പാന്യോള്‍ ഞെട്ടിച്ചു.
രണ്ടാം പകുതിയില്‍ ഐബറിനെ പിടിച്ചുനിര്‍ത്തിയ എസ്പാന്യോള്‍ താരങ്ങള്‍ 64ാം മിനിറ്റില്‍ ഹെര്‍നാന്‍ പെരേസ്, 73ാം മിനിറ്റില്‍ പാബ്ലോ പിയാറ്റി, 90ാം മിനിറ്റില്‍ ലിയോ ബാപ്റ്റിസ്റ്റോ എന്നിവരിലൂടെ ഗോള്‍ മടക്കി സമനില പിടിച്ചെടുക്കുകയായിരുന്നു. 84ാം മിനിറ്റില്‍ ഫെലിപ്പി കെയ്‌സീഡോ ഗോള്‍ നേടിയത് റഫറി ഓഫ് സൈഡ് വിളിച്ചില്ലായിരുന്നെങ്കില്‍ എസ്പാന്യോള്‍ വിജയിക്കുമായിരുന്നു.
മൂന്നുവട്ടം സോസിഡാഡ്
ആല്‍വസ് – സോസിഡാഡ് മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആല്ഡവസിനെ തകര്‍ത്ത് സോസിഡാഡ് വിജയിച്ചു. 22ാം മിനിറ്റില്‍ സാബി പ്രിയറ്റോ 57ാം മിനിറ്റില്‍ വില്ല്യന്‍ ജോസ്, 87ാം മിനിറ്റില്‍ കാര്‍ലോസ് വെല എന്നിവര്‍ സോസിഡാഡിന് വേണ്ടി ലക്ഷ്യം കണ്ടു. ആദ്യവസാനം മികച്ച പ്രകടനം പുറത്തെടുത്ത സോസിഡാഡ് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്.
മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയും- ഗിജോണും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
ഇറ്റാലിയന്‍ ലീഗ് ഒന്നില്‍ ജയിച്ച് മിലാന്‍
ഇറ്റാലിയന്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റിസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ച് എസി മിലാന്‍ വിജയം സ്വന്തമാക്കി. കളിയുടെ മുഴുവന്‍ സമയവും തീപാറുന്ന മുന്നേറ്റങ്ങള്‍ക്കൊടുവില്‍ വിജയം മുന്‍ ചാംപ്യന്‍മാരായ മിലാനൊപ്പം നിന്നു.  കളിയുടെ രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍ മാനുവല്‍ ലോക്റ്റലിയാണ് മിലാന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍സിറോയില്‍ നടന്ന മല്‍സരത്തില്‍ അക്രമണ ശൈലി പുറത്തെടുത്ത ഇരുടീമുകളും കളിയുലടനീളം മഞ്ഞക്കാര്‍ഡുകളും വാങ്ങി. ഏഴ് മഞ്ഞക്കാര്‍ഡുകളാണ് കളിയില്‍ റഫറി വിധിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും കുറിയ പാസുകളും കൃത്യമായ കരുനീക്കങ്ങളുമായി മുന്നേറിയപ്പോള്‍ രണ്ടാം പകുതിയില്‍ വീണു കിട്ടിയ അവസരത്തെ ലക്ഷ്യത്തിലെത്തിച്ച് മിലാന്‍ വിജയം നേടി.
മറ്റൊരു മല്‍സരത്തില്‍ സംഡോറിയ- ജെനോയെ 2-1 ന് തോല്‍പ്പിച്ചു. ലൂയിസ് മുറൈയിലും അര്‍മാന്‍ഡോ ഇസോയും സംഡോറിയക്കായി ഗോള്‍ നേടിയപ്പോള്‍ ജെനോയുടെ ആശ്വാസഗോള്‍ ലൂക്കാ റിഗോണിയും സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സമനിലക്കുരുക്ക്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ ആഴ്‌സനല്‍-മിഡില്‍സ്‌ബ്രോ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. തീപാറും പോരാട്ടം നിറഞ്ഞു നിന്ന കളിയില്‍ ഗോള്‍ മാത്രം അകന്നു നിന്നു. 19 പോയിന്റുകളുമായി ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സനലിന് വീണ സമനിലക്കുരുക്ക് പോയിന്റ് പട്ടികയിലെ മുന്നേറ്റത്തിന് തിരിച്ചടിയായിട്ടുണ്ട്.
ജയിച്ചുതന്നെ ലിവര്‍പൂള്‍
ലിവര്‍പൂള്‍-വെസ്റ്റ് ബ്രോം സൂപ്പര്‍ പോരാട്ടത്തില്‍ 2-1 ന് ജയം ലിവര്‍പൂളിനൊപ്പം. കളിയുടെ ആദ്യ പകുതിയില്‍ തന്നെ വിജയം ഗോളുകള്‍ നേടിയ ലിവര്‍പൂള്‍ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്. 20ാം മിനിറ്റില്‍ സാദിയോ മേയ്‌നും 35ാം മിനിറ്റില്‍ ഫിലിപ്പി കൗണ്ടിഞ്ഞോയും ലുവര്‍പൂളിനായി വലകുലക്കിയപ്പോള്‍ വെസ്റ്റ് ബ്രോംമിന്റെ ആശ്വാസഗോള്‍ നേടിയത്81ാം മിനിറ്റില്‍ ഗാരത് മക്വലിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 185 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day