|    Dec 6 Tue, 2016 5:38 pm
FLASH NEWS

വരുമാനം കുറഞ്ഞു; കോര്‍പറേഷന്‍ പ്രതിസന്ധിയില്‍

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 100 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു തിരുവനന്തപുരം കോര്‍പറേഷന്റെ വരുമാനത്തില്‍ ഭീമമായ കുറവ്. നോട്ട് നിരോധനം നിലവില്‍ വന്നതു മുതല്‍ ഇന്നലെ വരെ കോര്‍പറേഷന് ആറു കോടിയോളം രൂപ വരുമാനത്തില്‍ ഇടിവുണ്ടായതായി കണക്ക്. പ്രതിസന്ധി തീരാന്‍ കുടുതല്‍ സമയമെടുത്താല്‍ കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയിലേക്കു നീങ്ങും. ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സംസ്ഥാനത്തെ പ്രധാന തദ്ദേശഭരണ സ്ഥാപനങ്ങളിലൊന്നാണു തിരുവനന്തപുരം കോര്‍പറേഷന്‍. വരുമാനം കുറവെന്നു മാത്രമല്ല, കറന്‍സിക്ഷാമവും വന്നതോടെ പ്രതിസന്ധി രൂക്ഷമായി.  പൊതുപരിപാടികളെ പോലും പണത്തിന്റെ ദൗര്‍ലഭ്യം ബാധിച്ചുകഴിഞ്ഞു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമൊക്കെ വാടകയ്ക്കു നല്‍കുന്ന കോര്‍പറേഷന് ഇവയില്‍ നിന്നൊക്കെ കഴിഞ്ഞ ഒരാഴ്ച കിട്ടിയ വരുമാനം വെറും 200 രൂപ മാത്രം. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് വരെയുള്ള ഒരാഴ്ചയ്ക്കിടെ 64,600 രൂപ കിട്ടിയ സ്ഥാനത്താണിത്.വസ്തുനികുതി വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. നോട്ട് അസാധുവായ നവംബര്‍ എട്ടുവരെ തലസ്ഥാന കോര്‍പറേഷനില്‍ ലഭിച്ച വസ്തുനികുതി 42,33,020 രൂപയാണ്. എന്നാല്‍ നവംബര്‍ ഒമ്പതു മുതല്‍ 14 വരെ ലഭിച്ചത് 2,45,000 രൂപ മാത്രം. കെട്ടിടനിര്‍മാണ ഫീസ് ആയി നവംബര്‍ എട്ട് വരെ 50,38,466 രൂപയാണെങ്കില്‍ നോട്ട് അസാധുവാക്കപ്പെട്ട നാള്‍ മുതല്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍ പണവും ചെക്കുമായി കിട്ടിയത് 10 ലക്ഷത്തില്‍ താഴെ മാത്രമാണെന്നാണ് ഉ—ദ്യോഗസ്ഥര്‍ പറയുന്നത്. പരസ്യനികുതിയില്‍ ഈ മാസം ആദ്യത്തെ ഒരാഴ്ച ലഭിച്ചത് 8,64,633 രൂപയാണെങ്കില്‍ പിന്നീടിങ്ങോട്ട് ലഭിച്ചത് കഷ്ടിച്ച് ഒരു ലക്ഷം മാത്രമെന്നാണ് ഏകദേശ കണക്ക്.അതേസമയം വിനോദനികുതിയില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല. ചെക്ക് ആയും ഓണ്‍ലൈനായും പണമായുമൊക്കെ പണം ലഭിക്കുന്നതു കൊണ്ടാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 40,50,000 രൂപയോളമാണു നവംബറിലെ ആദ്യയാഴ്ച ലഭിച്ചതെങ്കില്‍ 25,68,091 രൂപ വിനോദനികുതിയിനത്തില്‍ പിരിഞ്ഞിട്ടുണ്ട്.10,000 രൂപ വരെയുള്ള പണം നേരിട്ട് സ്വീകരിക്കാനും ബാക്കിയുള്ളവ ചെക്കായി സ്വീകരിക്കാനുമാണിപ്പോള്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. വരുമാന ചോര്‍ച്ചയുണ്ടായതോടെ കോര്‍പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാവുമെന്ന ആശങ്കയാണ്. നോട്ട് പ്രതിസന്ധി നീണ്ടാല്‍  ജീവനക്കാരുടെ ശമ്പളത്തെ മാത്രമല്ല, കോര്‍പറേഷന്റെ പദ്ധതികളെപ്പോലുമിതു കാര്യമായി ബാധിക്കും. പുതിയ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കി നിശ്ചയിക്കുന്ന നികുതി, വിനോദനികുതി മറ്റ് നികുതികള്‍ എന്നിവയാണ് ദിവസവും കോര്‍പറേഷന്‍ കൗണ്ടറുകള്‍ വഴി സ്വീകരിക്കുന്നത്. കറന്‍സി പ്രതിസന്ധി സൃഷ്ടിച്ചതോടെ കോര്‍പറേഷനില്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവുവന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day