|    Dec 6 Tue, 2016 11:31 am
FLASH NEWS

വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനു ജില്ലയിലെ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളുടെ മുന്‍ഗണനാ പട്ടിക ഉടന്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി നിര്‍ദേശം നല്‍കി. ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത തഹസില്‍ദാര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വരള്‍ച്ച ഏറ്റവും രൂക്ഷമായ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്കു കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന തരത്തിലാവണം പട്ടിക തയ്യാറാക്കേണ്ടത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഈ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പൂര്‍ണ ചുമതല റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് സംയുക്തമായിട്ടായിരിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ഓരോ താലൂക്കുകളുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കിയോസ്‌കുകളില്‍ വെള്ളമെത്തുന്നതും അതിന്റെ ശരിയായ വിനിയോഗവും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ശുദ്ധജലമെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ടാങ്കറുകള്‍ക്ക് ജിപിഎസ് ഘടിപ്പിക്കും. വാഹനങ്ങളുടെ ട്രിപ്പ്ഷീറ്റ് വില്ലേജ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട ജനപ്രതിനിധി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. കിയോസ്‌കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനു കേരള ജല അതോറിറ്റി സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് നിലവില്‍ റവന്യൂ വകുപ്പിന്റെ കൈവശമുള്ള ടാങ്കുകളാണ് ഉപയോഗിക്കുക. ഇവയുടെ ലഭ്യത അനുസരിച്ച് മുന്‍ഗണനാക്രമത്തിലാവും കിയോസ്‌കുകള്‍ സ്ഥാപിക്കുക. പൊതു ജലസ്രോതസ്സുകളും ടാങ്കുകളും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പൊതു സ്രോതസ്സുകളിലെ ജലം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേ ജാഗ്രതപാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.ജില്ലയിലെ വരള്‍ച്ചാ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ഈ മാസം 21ന് ഉച്ചയ്ക്ക് മൂന്നിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍ ഡി രാജന്‍ സഹായ,് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day