|    Dec 3 Sat, 2016 7:53 am
FLASH NEWS

വരള്‍ച്ച തടയാന്‍ എരുമേലിയില്‍ 28 ലക്ഷത്തിന്റെ പദ്ധതി

Published : 30th November 2016 | Posted By: SMR

എരുമേലി: ഇത്തവണ എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് വരള്‍ച്ച പ്രശ്‌നമാവാതിരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് 28 ലക്ഷം രൂപ ചെലവിട്ട് പദ്ധതികള്‍ ആരംഭിച്ചു. നീരൊഴുക്ക് കുറയാതെ ജലസ്രോതസ്സുകള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നതിനും താല്‍ക്കാലിക തടയണകളിലൂടെ വെള്ളം സംഭരിക്കുന്നതിനുമാണ് പദ്ധതി. അതേസമയം സ്ഥിരം തടയണകള്‍ നിര്‍മിക്കാതെ ഫണ്ട് നഷ്ടപ്പെടുത്തുകയാണെന്ന് ജനപ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കുന്നത് മൈനര്‍ ഇറിഗേഷന്‍ വിഭാഗമാണ്. കരിങ്കല്ലുമൂഴിയില്‍ ഒരു സ്ഥിലം തടയണ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ വലിയമ്പലത്തിന് മുന്‍വശത്തെ കുളിക്കടവും വലിയ തോടും ആഴവും വിസ്തൃതിയും വര്‍ധിപ്പിച്ച് ശുചീകരിച്ചിരുന്നു. കുളിക്കടവില്‍ ജലനിരപ്പ് താഴാതെ നില നിര്‍ത്താന്‍ രണ്ട് താല്‍ക്കാലിക തടയണകളും നിര്‍മിച്ചിരുന്നു. ജലക്ഷാമം രൂക്ഷമാവുന്ന സ്ഥിതി നേരിട്ടാല്‍ രണ്ട് താല്‍ക്കാലിക തടയണകള്‍ കൂടി വലിയ തോട്ടില്‍ നിര്‍മിക്കും. ഇതിനെല്ലാമായി ഒമ്പതു ലക്ഷം രൂപയാണ് ചെലവിടുക. തീര്‍ത്ഥാടകര്‍ പേട്ടതുള്ളലിന്റെ ആചാരമായാണ് കുളിക്കടവില്‍ സ്‌നാനം നടത്തുന്നത്. ഇവിടേക്ക് മണിമലയാറിലെ കൊരട്ടിയില്‍ നിന്ന് വെള്ളം കുഴലുകളിലൂടെ എത്തിക്കുന്നുണ്ട്. കൊരട്ടിയിലെ ചെക്ക് ഡാമില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ചെക്ക് ഡാം പൊട്ടിപ്പൊളിഞ്ഞതിനാല്‍ ശേഷി ഉയര്‍ത്താനായി നാലു ലക്ഷം ചെലവിട്ട് താല്‍ക്കാലിക തടയണ ചെക്ക് ഡാമിന്റെ മീതെ നിര്‍മിച്ചിട്ടുണ്ട്. നീരൊഴുക്ക് ദുര്‍ബലമായതിനെ തുടര്‍ന്ന് മണിമലയാറിലെ ഓരുങ്കല്‍ കടവില്‍ കയങ്ങളില്‍ തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്നത് കണക്കിലെടുത്ത് ഇവിടെ ആറുലക്ഷം ചെലവിട്ട് തടയണ നിര്‍മിക്കാനാരംഭിച്ചിട്ടുണ്ട്. കണമലയില്‍ പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നാല്‍ കണമല കടവില്‍ തടയണ നിര്‍മിക്കാന്‍ നാലുലക്ഷം ചെലവിട്ടാണ് തടയണ നിര്‍മിക്കുക. ഓരുങ്കല്‍ കടവില്‍ കുളിക്കടവിന്റെ നിര്‍മാണം ആരംഭിച്ചു. ബാരിക്കേഡുകള്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ എന്നിവ കയങ്ങളില്‍ സ്ഥാപിപിച്ചിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ വിഭാഗം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day