|    Oct 26 Wed, 2016 12:41 am
FLASH NEWS

വരള്‍ച്ച: ഇരട്ടി ദുരിതം പേറി കര്‍ഷകര്‍

Published : 12th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയില്‍ മഴക്കുറവിനൊപ്പം ജലസേചന സൗകര്യത്തിന്റെ അഭാവവും കൂടിയായതോടെ കര്‍ഷകര്‍ മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടി ദുരിതം പേറുന്നു.  നെല്‍പാടങ്ങള്‍ വിണ്ടു കീറി നെല്‍കൃഷി വ്യാപകമായി നാശത്തിലേക്ക് നീങ്ങുകയാണ്. വെള്ളം ലഭിക്കാതായതോടെ വയലുകള്‍ വരണ്ടുണങ്ങി നെല്‍കതിരുകള്‍ കരിഞ്ഞുതുടങ്ങി. വരള്‍ച്ച പിടിമുറുക്കുമ്പോള്‍ ലഭ്യമായ വെള്ളംപോലും ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളില്ല. ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗപ്പെടുത്താന്‍ പദ്ധതികളില്ലാത്തതിനാല്‍ ഇവയത്രയും പാഴായി പോവുകയാണ്. ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളുട അതിര്‍ത്തിയില്‍ കല്ലഞ്ചിറയെന്ന പ്രദേശത്തെ അഞ്ഞൂര്‍ ഏക്കറോളം വരുന്ന പാടശേഖരം വരണ്ടുണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. പാടങ്ങളില്‍ വെള്ളം വറ്റി നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സമീപത്ത് തന്നെയാണ് കല്ലഞ്ചിറ. അശാസ്ത്രീയമായ നിര്‍മാണവും അഴിമതിയും കാരണം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നതിന് മുന്‍പ് തന്നെ ഇവിടുത്തെ ചെക്ക് ഡാം തകര്‍ന്നു. പ്രദേശത്തെ ഏക ജലസ്രോതസ്സാണിത്. അണക്കെട്ട് നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നിലും തീരുമാനമൊന്നുമണ്ടായില്ല. ഇടക്കിടെ പ്രദേശവാസികള്‍ ചേര്‍ന്ന് വെള്ളം കെട്ടിനിര്‍ത്തിയാണ് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. നടപടിയാകുന്നതുവരെ സമരത്തിലേക്ക് നീങ്ങാനാണ് കര്‍ഷകരുടെ തീരുമാനം. കോട്ടത്തറ, പുല്‍പ്പള്ളി, പനമരം പഞ്ചായത്തുകളില്‍ ഹെകടര്‍ കണക്കിന് നെല്‍കൃഷിയാണ് നശിക്കുന്നത്. കോട്ടത്തറയിലെ ചേലാകുനി പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളം ലഭിക്കാതായതോടെ നശിച്ചുതുടങ്ങി. മൂന്ന് തവണ വളം നല്‍കിക്കഴിഞ്ഞ കൃഷിയാണ് ഇത്തരത്തില്‍ നശിക്കുന്നത്. ഇത് കര്‍ഷകരുടെ ആധി വര്‍ധിപ്പിക്കുകയാണ്. ചെറുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാല്‍ വഴി വെള്ളം അടിക്കുന്നുണ്ടെങ്കിലും ഒരു കിലോമീറ്റര്‍ അകലെയുള്ള ചേലാകുനി പാടത്തെത്തുന്നതിന് മുന്നേ നിലക്കുകയാണ്. സമൃദ്ധമായി വളര്‍ന്നു തുടങ്ങിയ നെല്‍കതിരുകള്‍ ചുവന്നുതുടങ്ങി. ജലദൗര്‍ലഭ്യം മൂലം പെരിക്കല്ലൂരില്‍ 100 ഏക്കറോളം നെല്‍കൃഷി വെള്ളമില്ലാതെ നശിക്കുകയാണ്. മൂന്ന് മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കൃഷിയിടത്തില്‍ വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതില്‍ രണ്ട് മോട്ടോറുകള്‍ കേടായിട്ട്. അവശേഷിച്ച ഒരു മോട്ടോര്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ വെള്ളം അടിക്കുമ്പോള്‍ മോട്ടോര്‍ ചൂടാവുകയും പിന്നീട് നിര്‍ത്തി വെക്കുകയുമാണിപ്പോള്‍. ഇതുമൂലം ആവശ്യത്തിന് വെള്ളം വയലുകളിലെത്തിക്കാന്‍ കഴിയുന്നില്ല. കേട് വന്ന മോട്ടോറുകള്‍ നന്നാക്കുന്നതിനായി സുല്‍ത്താന്‍ ബത്തേരി ചെറുകിട ജലസേചന പദ്ധതി എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം ഇല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പുഞ്ചകൃഷിയും ചെയ്തിരുന്നില്ല. ഇപ്പോള്‍ നെല്ല് കതിര് സമയമായതിനാല്‍ ജലസേചനം അത്യാവശ്യമായിരിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ കൃഷി വെറുതെയാകുമെന്ന അവസ്ഥയാണുള്ളത്. കേടായ മോട്ടോര്‍ നന്നാക്കാന്‍ ആളെ കിട്ടുന്നില്ലെന്നാണ് ഓവര്‍സിയര്‍ പറയുന്നത്. മഴയുടെ അളവ് വലിയതോതില്‍ കുറഞ്ഞതോടെ ജില്ലയിലെ മിക്ക കൃഷിയിടങ്ങളും വരണ്ടുണങ്ങുകയാണ്. ഇത് മുന്‍ കൂട്ടി കണ്ട് ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കിയിരുന്നുവെങ്കില്‍ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day