|    Dec 4 Sun, 2016 3:17 am
FLASH NEWS

വയല്‍ നികത്തല്‍ ഭേദഗതി നവംബര്‍ രണ്ടിനു നിയമസഭയില്‍ അവതരിപ്പിക്കും; പുതിയ ഭേദഗതികളിലും പഴുതുകളേറെ

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: വയല്‍ നികത്തലുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ഭേദഗതികളിലും പഴുതുകളേറെയെന്ന് ആരോപണം. അടുത്തമാസം രണ്ടിനു പുതിയ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും. സബ്ജക്റ്റ് കമ്മിറ്റി ചര്‍ച്ചചെയ്ത് എട്ടിന് സഭയില്‍ വച്ച് ഒമ്പതിന് പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
2008ന് മുമ്പുള്ള വയല്‍നികത്തല്‍ സാധൂകരിക്കാനായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ മൂന്ന് എ എന്ന ഭേദഗതി കൊണ്ടുവന്നത്. ന്യായവിലയുടെ 25 ശതമാനം ഈടാക്കി സ്വകാര്യ ആവശ്യത്തിനായുള്ള നികത്തലിന് സാധൂകരണം നല്‍കുന്ന ഭേദഗതി വന്‍വിവാദമായി. ഈ ഭേദഗതി പൂര്‍ണമായും പിന്‍വലിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രഖ്യാപനം. അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭ ഇതിനു തീരുമാനമെടുത്തെങ്കിലും കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച തിരുത്ത് ഭേദഗതിയില്‍ വയല്‍ നികത്തിയവരെ സന്തോഷിപ്പിക്കുന്ന പഴുതാണ് നിലനില്‍ക്കുന്നത്. മൂന്ന് എ പിന്‍വലിക്കുമ്പോഴും അതുപ്രകാരം തുടങ്ങിയ ഏതു നടപടികളും അതിന്‍പ്രകാരമുള്ള അപേക്ഷ നല്‍കിയവരുടെ അവകാശവും നിലനിര്‍ത്താനാണ് തീരുമാനം. മൂന്ന് എ പ്രകാരം കിട്ടിയ 52 വന്‍കിടക്കാരുടെ അപേക്ഷകളില്‍ ഏതാണ്ട് 65 ഏക്കറിലധികം വയല്‍ നികത്തിയത് സാധൂകരിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പുതിയ ഭേദഗതിപ്രകാരം അതും നിലനില്‍ക്കുമെന്നും ഒപ്പം സാധൂകരണത്തിനായുള്ള 93,000ത്തോളം അപേക്ഷകളും നിലനില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു. വെറും 500 രൂപ കൊടുത്ത് അപേക്ഷിച്ചവര്‍ക്കുപോലും പുതിയ ഭേദഗതി വന്നാലും വയല്‍ നികത്താമെന്നത് നിലനില്‍ക്കും. അതിനിടെ, റവന്യൂവകുപ്പിന്റെ രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയതും നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒമ്പതുമാസമായി മുടങ്ങിക്കിടക്കുകയാണ്.
പഞ്ചായത്തുതലത്തിലുള്ള റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വയല്‍ കമ്മിറ്റികളാണ് ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണാനുമതി നല്‍കിയിരുന്നത്. എന്നാല്‍, 2008 വരെയുള്ള വയല്‍ നികത്തല്‍ ക്രമപ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഈ കമ്മിറ്റികള്‍ ഇല്ലാതായി. ഭേദഗതി ഉത്തരവ് ഹൈക്കോടതി പിന്നീടു റദ്ദാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഭേദഗതി പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, വയല്‍ കമ്മിറ്റികള്‍ മാത്രം പുനസ്ഥാപിക്കപ്പെട്ടില്ല.
അതേസമയം, വയല്‍ നികത്തലിനുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ നിയമഭേദഗതി അനുസരിച്ച് സമര്‍പ്പിച്ച അപേക്ഷകളില്‍ ഭൂപരിധി പാലിക്കാത്തവ തള്ളുമെന്നും മന്ത്രി അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച അപേക്ഷകള്‍ പുനപ്പരിശോധിക്കും. ഭൂപരിധിയും മറ്റ് നിബന്ധനകളും പാലിക്കുന്ന അപേക്ഷകളില്‍ വയല്‍ കമ്മിറ്റികള്‍ നിയമാനുസൃതം തീരുമാനമെടുക്കും. യുഡിഎഫ് ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി വിധിയനുസരിച്ചു മാത്രമേ വയല്‍നികത്തലുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കൂ.
വിവാദ ഭേദഗതി പിന്‍വലിക്കുന്ന ബില്ലിന്റെ കാര്യത്തിലും ഇതാണ് നിലപാ—ടെന്നും മന്ത്രി പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day