|    Dec 3 Sat, 2016 12:19 pm
FLASH NEWS

വയനാട് കാര്‍ഷിക കോളജ്: സാധ്യത മങ്ങുന്നു

Published : 30th November 2016 | Posted By: SMR

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ നാലാമത്തെ കാര്‍ഷിക കോളജ് ജില്ലയില്‍ ആരംഭിക്കുന്നതിനുള്ള സാധ്യത മങ്ങുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളജിനെക്കുറിച്ച് ഇടതു സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും മിണ്ടാട്ടമില്ല. കഴിഞ്ഞ 21, 24 തിയ്യതികളില്‍ ജില്ലയിലുണ്ടായിരുന്ന കാര്‍ഷിക സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കാര്‍ഷിക കോളജിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയാണ് ചുരമിറങ്ങിയത്. മന്ത്രി പ്രതിനിധാനം ചെയ്യുന്നടക്കം ഇടതു മുന്നണിയിലെ പാര്‍ട്ടികളും അവയുടെ കര്‍ഷക സംഘടനകളും കാര്‍ഷിക കോളജ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും വിവരമില്ല. അമ്പലവയില്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം വളപ്പില്‍ കാര്‍ഷിക കോളജ് ആരംഭിക്കുന്നതിനുള്ള സര്‍വകലാശാലയുടെ പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, മേഖലാ ഗവേഷണകേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പി അജിത്കുമാര്‍ എന്നിവര്‍ 2015 ഡിസംബറിലാണ് വെളിപ്പെടുത്തിയത്. കാര്‍ഷിക സര്‍വകലാശാല പൂപ്പൊലി എന്ന പേരില്‍ സംഘടിപ്പിച്ച പുഷ്‌പോല്‍സവം ഉദ്ഘാടനം ചെയ്യുന്നതിന് ഇക്കഴിഞ്ഞ ജനുവരി 22ന് അമ്പവയലില്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളജ് തുടങ്ങുന്നതിന്റെ പ്രഖ്യാപനവും നടത്തി. മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 2016-17 അധ്യയനവര്‍ഷം കാര്‍ഷിക കോളജ് പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനെ ഹര്‍ഷാരവങ്ങളോടെ എതിരേറ്റ കര്‍ഷകജനത ഭരണമാറ്റത്തോടെ കാര്‍ഷിക കോളജ് പദ്ധതിയുടെ കഥകഴിഞ്ഞതിന്റെ നിരാശയിലാണ്. കാര്‍ഷിക ജില്ലയായ വയനാട്ടില്‍ കാര്‍ഷിക കോളജ് തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പേ സര്‍വകലാശാല ആലോചന തുടങ്ങിയിരുന്നു. 2016 ജനുവരി അഞ്ചിനു ചേര്‍ന്ന സര്‍വകലാശാലാ ഭരണസമിതി യോഗത്തിലായിരുന്നു കോളജ് വിഷയത്തില്‍  അന്തിമ തീരുമാനം. കോളജില്‍ തുടക്കത്തില്‍ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്‌സില്‍ പ്രവേശനം നല്‍കാനായിരുന്നു പദ്ധതി. ഫീസ് ഘടന, സീറ്റുകളുടെ എണ്ണം, സംവരണം തുടങ്ങിയ കാര്യങ്ങള്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. പ്രവേശനത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും ആലോചനയുണ്ടായി. എന്നാല്‍, ഇതെല്ലാം വെറുതെയായെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day