|    Oct 27 Thu, 2016 4:34 pm
FLASH NEWS

വയനാട്ടിലെ ആനക്കുരുതി: ഒരു റിസോര്‍ട്ടിന് പോലും അനുമതിയില്ല: ഡിഎഫ്ഒ; വനംവകുപ്പിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി റിസോര്‍ട്ട് ലോബി

Published : 29th July 2016 | Posted By: SMR

ജംഷീര്‍  കൂളിവയല്‍

കല്‍പ്പറ്റ: കാട്ടാനയുള്‍െപ്പടെയുള്ളവയെ സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കാന്‍ ഉപ്പുവിതറി പാതയൊരുക്കല്‍, കടുവകളുടെ സഞ്ചാരപഥത്തിലൂടെ പാതിരായാത്ര, തോക്കുള്‍െപ്പടെയുള്ള ആയുധങ്ങളുമായി ജീപ്പ് സവാരി. വയനാട്ടിലെ വനത്തോടു ചേര്‍ന്ന റിസോര്‍ട്ടുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി സംഘടിപ്പിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണിത്. ഇതിനിടെയാണ് ആനകള്‍ വനത്തില്‍ തന്നെ വെടിയേറ്റു ചരിയുന്നത്. റിസോര്‍ട്ടുകളുടെ അനധികൃത പ്രവര്‍ത്തനങ്ങ ള്‍ക്കെതിരേ വനംവകുപ്പ് കര്‍ശന നടപടിക്ക് നീക്കമാരംഭിച്ചതോടെയാണ് ആനക്കുരുതികള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
വനംവകുപ്പിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യം ഇതിനുപിന്നിലുണ്ടെന്ന് അന്വേഷണസംഘവും സംശയിക്കുന്നു. ഗോവ ഫൗണ്ടേഷന്‍ കേസില്‍ വന്യജീവിസങ്കേതങ്ങളുടെയും നാഷനല്‍ പാര്‍ക്കുകളുടെയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ വ്യാവസായികപ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവു നിലനില്‍ക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും മുന്‍കൂര്‍ അനുമതി വേണമെന്നുമിരിക്കെയാണ് ഈ പ്രവര്‍ത്തനങ്ങള്‍.
തിരുനെല്ലി പഞ്ചായത്തില്‍ വനത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 21 റിസോര്‍ട്ടുകളില്‍ ഒന്നിനുപോലും വനംവകുപ്പിന്റെ എ ന്‍ഒസി ഇല്ലെന്ന് സുപ്രിംകോടതി അഭിഭാഷകനും പ്രദേശവാസിയുമായ ശ്രീജിത് പെരുമനക്ക് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നല്‍കിയ വിവരാവകാശരേഖ വ്യക്തമാക്കുന്നു. സി ഫോറം പൂരിപ്പിച്ച് സഞ്ചാരികളുടെ എണ്ണം അതത് പോലിസ് സ്‌റ്റേഷനുകളില്‍ അറിയിക്കണമെന്നാണു ചട്ടം. ഇതു പാലിക്കപ്പെടാറില്ല. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വന്‍കിട ലോബികളുടെ കൈയിലാണ് ജില്ലയിലെ റിസോര്‍ട്ടുകളില്‍ ഭൂരിഭാഗവും. കേന്ദ്രഭരണത്തില്‍പ്പോലും സ്വാധീനവും സുപ്രിംകോടതിയില്‍പ്പോലും കാലങ്ങളോളം കേസുകള്‍ കൊണ്ടുനടക്കാന്‍ സാമ്പത്തികശേഷിയുള്ളവരുമാണ് ഉടമകള്‍. കഴിഞ്ഞ മാസം കുറിച്യാട് വനമേഖലയിലെ നാലാംമൈലില്‍ വന്യജീവിസങ്കേതത്തിനുള്ളില്‍ പിടിയാന വെടിയേറ്റു ചരിഞ്ഞിരുന്നു. സഞ്ചാരികളിലാരോ വാഹനത്തില്‍ വച്ച് നാടന്‍തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് പ്രാഥമികാന്വേഷണത്തില്‍ നിഗമനത്തിലെത്തിയത്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാന വെടിയേറ്റു ചരിഞ്ഞത്. രണ്ടു സംഭവത്തിനും സമാനതകള്‍ ഏറെയുണ്ട്. നാടന്‍തോക്ക് ഉപയോഗിച്ച് മസ്തിഷ്‌കത്തില്‍ വളരെ കൃത്യതയോടെയാണ് ഇരുസംഭവങ്ങളിലും വെടിവച്ചത്.നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍പ്പെട്ട പരിസ്ഥിതി ദുര്‍ബലപ്രദേശമായ തിരുനെല്ലി പഞ്ചായത്തില്‍ ഉള്‍പ്പെടെയുള്ള എല്ലാ റിസോര്‍ട്ടുകളും അനധികൃതമായാണു പ്രവര്‍ത്തിക്കുന്നതെന്ന് ഡിഎഫ്ഒ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുമാസത്തിനകം അടച്ചുപൂട്ടാന്‍ ഉത്തരവു നല്‍കിയെങ്കിലും ദിവസങ്ങള്‍ മാത്രമാണ് പൂട്ടിയിട്ടത്. ഒരുഭാഗത്ത് വനത്തോട് ചേര്‍ന്നു താമസിക്കുന്ന ഗോത്രവിഭാഗങ്ങളെ വനത്തില്‍നിന്നു വിറകു ശേഖരിക്കുന്നതില്‍നിന്നുപോലും വനംവകുപ്പ് കര്‍ശനമായി തടയുമ്പോള്‍ കാര്യമായ അനുമതികളൊന്നുമില്ലാതെ നിരവധി റിസോര്‍ട്ടുകളാണ് വനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day