|    Dec 7 Wed, 2016 7:49 pm
FLASH NEWS

വന്‍കിട എസ്റ്റേറ്റിനെതിരേ കോടതിയെ സമീപിച്ച തോട്ടം തൊഴിലാളിയെ വധിക്കാന്‍ ശ്രമം

Published : 1st November 2016 | Posted By: SMR

കുമളി: ഹോപ് പ്ലാന്റേഷനു സര്‍ക്കാര്‍ മിച്ചഭൂമി വിട്ടു നല്‍കിയതിനെതിരേ കോടതിയെ സമീപിച്ച തോട്ടം തൊഴിലാളി നേതാവിനെ വധിക്കാന്‍ ശ്രമം. സംഭവം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ഹൈറേഞ്ച് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം എ റഷീദിനെതിരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഹോപ്പ് പ്ലാന്റേഷന്‍ കമ്പനി വക ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ യൂനിയന്റെ സബ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇതില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ ഒരു വിഭാഗം തൊഴിലാളികള്‍ യോഗം അലങ്കോലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പോലിസ് എത്തിയതിനാലാണ് രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് എം എ റഷീദ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്താണ് പീരുമേട്ടിലെ ഹോപ് പ്ലാന്റേഷന് ഈ തോട്ടത്തിനുള്ളില്‍ വരുന്ന ആയിരം ഏക്കറോളം സര്‍ക്കാര്‍ മിച്ചഭൂമി അനധികൃതമായി നല്‍കാന്‍ ഉത്തരവിരക്കിയത്.ഇതിനെതിരേ എം എ റഷീദ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. മാത്രമല്ല മിച്ചഭൂമി ഏറ്റെടുക്കണം എന്നത് ഉള്‍പ്പെടെ ആവശ്യങ്ങളും ഇദ്ദേഹത്തിനുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി റഷീദ് സജീവമാണ്. ഇതിനിടയിലാണു തനിക്കെതിരേയും തന്റെ സംഘടനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും തോട്ടം ഉടമയോടൊപ്പം ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത കോണ്‍ഗ്രസ്സിന്റെ തന്നെ തൊഴിലാളി സംഘടനയുടെ ജില്ലയിലെ പ്രമുഖരായ ചില  നേതാക്കളും രംഗത്തെത്തിയതെന്നു റഷീദ് ആരോപിക്കുന്നു. പ്രതിസന്ധിയിലായ തോട്ടം വാങ്ങിയതിനു പിന്നിലെ ലക്ഷ്യം ഏക്കറിന് അരക്കോടിയോളം രൂപ വില വരുന്ന മിച്ചഭൂമി സര്‍ക്കാരിനെ സ്വാധീനിച്ച് തട്ടിയെടുത്ത് വില്‍ക്കുക എന്നതു മാത്രമായിരുന്നെന്നും റഷീദ് പറയുന്നു. റഷീദിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സി എന്‍ വിജയന്‍, കേരളാ നിര്‍മാണ തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് പത്തിയില്‍ ജോയി, ഹൈറേഞ്ച് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം എ റഷീദ്, ഐഎന്‍ടിയുസി നേതാവ് വി തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day