|    Dec 5 Mon, 2016 10:06 pm
FLASH NEWS

വന്യമൃഗശല്യം: ചെലവ് കുറഞ്ഞ പ്രതിരോധ മാര്‍ഗവുമായി വെള്ളാര്‍മല

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: രാവും പകലും വിയര്‍പ്പൊഴുക്കിയ വിളകള്‍ വന്യജീവികള്‍ തകര്‍ത്തെറിയുന്നതു കാണേണ്ടിവരുന്ന കര്‍ഷകരുടെ സങ്കടത്തിന് പരിഹാരം വേണം. സര്‍ക്കാരും മറ്റ് ഏജന്‍സികളും നിരവധി പദ്ധതികളാവിഷ്‌കരിച്ചെങ്കിലും പലതും പാതിവഴിയില്‍ നിലച്ചു. ചിലത് വന്യമൃഗങ്ങളുടെ ജീവനു തന്നെ ഭീഷണിയായി. ജില്ലയിലെ കര്‍ഷകരിപ്പോഴും വന്യമൃഗശല്യത്തിന്റെ രൂക്ഷത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ പി കെ ആശിഖ്, കെ നജ്മുദ്ദീന്‍, ജെ സാരജ് എന്നിവര്‍ ജില്ലാ ശാസ്ത്രമേളയില്‍ തയ്യാറാക്കിയ സ്റ്റില്‍ മോഡല്‍ പ്രസക്തമാവുന്നത്. വന്യമൃഗശല്യത്തിനെതിരേ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മിക്കാവുന്ന സംവിധാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലവും മൃഗങ്ങള്‍ക്കു ജീവഹാനി വരില്ലെന്നതുമാണ് ഇവര്‍ തയ്യാറാക്കിയ ‘അലാം ടു വൈല്‍ഡ് ആനിമല്‍’ സംവിധാനത്തിന്റെ പ്രത്യേകത. വന്യമൃഗങ്ങള്‍ കൃഷിയിടത്തിനു ചുറ്റിലും തീര്‍ത്ത വേലികളില്‍ തട്ടുമ്പോള്‍ ബള്‍ബുകള്‍ കത്തുകയും അലാറം അടിക്കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി. കൃഷിയിടത്തിനും ജനവാസകേന്ദ്രങ്ങള്‍ക്കും ചുറ്റില്‍ തീര്‍ക്കുന്ന വൈദ്യുതി കടത്തിവിടാന്‍ കഴിയുന്ന തരത്തിലുള്ള വേലിയാണ് ആദ്യഘട്ടം. വേലിക്ക് ചുറ്റും ആവശ്യമുള്ള ഇടങ്ങളില്‍ ബള്‍ബുകളും സ്ഥാപിക്കാം. തുടര്‍ന്ന് ബാറ്ററിയുടെ പോസിറ്റീവില്‍ നിന്ന് ബള്‍ബിലേക്ക് കണക്ഷന്‍ നല്‍കുന്നു. ആ ബള്‍ബില്‍ നിന്ന് മറ്റു ബള്‍ബുകളിലേക്കും സൗണ്ട് ബോക്‌സിലേക്കും കണക്ഷന്‍ നല്‍കും. ന്യൂട്രല്‍ വയര്‍ വേലിയുടെ പുറംഭാഗത്ത് സ്ഥാപിച്ച ന്യൂട്രല്‍ വയറിലേക്കും വേലിയുടെ അകത്തുള്ള ബള്‍ബുകളിലേക്കും സൗണ്ട് ബോക്‌സുകളിലേക്കും നല്‍കുക. വന്യമൃഗങ്ങള്‍ എത്തുമ്പോള്‍ നെഗറ്റീവ് വയര്‍ പരസ്പരം കൂട്ടിമുട്ടുമ്പോള്‍ നെഗറ്റീവ് ചാര്‍ജ് ബള്‍ബുകളിലേക്കും സൗണ്ട് ബോക്‌സിലേക്കും കടക്കുന്നു. ഇതോടെ ബള്‍ബുകള്‍ പ്രകാശിക്കുകയും സൗണ്ട് ബോക്‌സ് പ്രവര്‍ത്തിക്കുകയും ചെയ്യും. ശബ്ദവും വെളിച്ചവുമെത്തുന്നതോടെ വന്യമൃഗങ്ങള്‍ പിന്‍വാങ്ങും. വിദ്യാര്‍ഥികളുടെ ആശയം ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണകരമെന്നാണ് വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day