|    Oct 25 Tue, 2016 1:48 am
FLASH NEWS

വന്ധ്യംകരണം മുതിര്‍ന്ന നായ്ക്കള്‍ക്ക് മാത്രം; നായ്ക്കുട്ടികളെ ഒഴിവാക്കും

Published : 6th December 2015 | Posted By: SMR

തൃശൂര്‍: നായക്കുട്ടികളെ വന്ധ്യംകരിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ ഉപേക്ഷിക്കും; പകരം മുതിര്‍ന്ന നായ്ക്കളുടെ വന്ധ്യംകരണം ഏറ്റെടുക്കും. ശക്തന്‍ നഗറിലെ കോര്‍പറേഷന്‍ വക പപ്പിസെന്ററില്‍ വന്ധ്യംകരണത്തിനേല്‍പ്പിച്ച നായ്ക്കുട്ടികളെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേയര്‍ അജിത ജയരാജന്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായത്.
വേണ്ടത്ര പ്രായോഗിക ആലോചനയില്ലാതെ യുഡിഎഫ് കൗണ്‍സില്‍ തീരുമാനം മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍കൂടിയാണ് നായക്കുട്ടികളെ വന്ധ്യംകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്.
മുലകുടിക്കുന്ന പട്ടിക്കുട്ടികളെ അമ്മയില്‍നിന്നും അകറ്റുന്നത് അധാര്‍മ്മികവും അന്യായവുമാണെന്നും ആറ് മാസം തികയാത്ത പട്ടിക്കുഞ്ഞുങ്ങളെ വന്ധ്യംകരിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ജന്തുക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ പോസിന്റെ മാനേജിംഗ് ട്രസ്റ്റി പ്രീതി ശ്രീവത്സന്‍ യോഗത്തില്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ നടപടി നിയമവിരുദ്ധമാണ്. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് നല്‍കാന്‍ മേയര്‍ പ്രീതിയോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വിടാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് പ്രീതി യോഗത്തില്‍ പറഞ്ഞു. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പദ്ധതി പോസ് നടപ്പാക്കും.
പോസിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് ബംഗളൂരുവില്‍ നിന്ന് രണ്ട് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നായപിടുത്തക്കാര്‍ ഉള്‍പ്പെടെ ഒമ്പതംഗസംഘം ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ തൃശൂരിലെത്തി സര്‍വ്വേ നടത്തി നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചുവിടുന്ന പദ്ധതി നടപ്പാക്കിയതായിരുന്നു. രണ്ടാഴ്ചകൊണ്ട് 120 നായ്ക്കളെ വന്ധ്യംകരിച്ചതുമാണ്.
രണ്ടു മാസംകൊണ്ട് നഗരത്തിലെ മുഴുവന്‍ നായ്ക്കളേയും വന്ധ്യംകരിച്ച്, നായ്ക്കള്‍ പെരുകുന്നത് തടയാനും നാലഞ്ച് വര്‍ഷംകൊണ്ട് നഗരത്തില്‍ നായ്ക്കളുടെ ശല്യം ഇല്ലാതാക്കാനും പര്യാപ്തമായതായിരുന്നു പദ്ധതി. മേയര്‍ രാജന്‍ പല്ലനും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്‌കുമാറും നല്‍കിയ പിന്തുണയും സഹായവാഗ്ദാനവുമനുസരിച്ചാണ് പോസ് പദ്ധതി ഏറ്റെടുത്തതെങ്കിലും കൗണ്‍സില്‍ പിന്നീട് വാക്ക് മാറി. പോസ് സംഘടനയ്ക്ക് അക്രഡിറ്റേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ സി എസ് ശ്രീനിവാസന്‍ ഉന്നയിച്ച എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്‍ നേതൃത്വം പിന്മാറ്റം നടത്തിയത്.
തെരുവുനായ്ക്കളെ കൂട്ടക്കൊല നടത്തണമെന്നുവരെ ആവശ്യമുയരുമ്പോള്‍ വന്ധ്യംകരണം നടത്തുന്നത് യോഗ്യരായ വെറ്ററിനറി ഡോക്ടര്‍മാരാണോ എന്ന് പരിശോധിക്കുകയല്ലാതെ, അക്രഡിറ്റേഷന്‍ ഇല്ലെന്ന സാങ്കേതികവാദം അര്‍ത്ഥശൂന്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നതാണെങ്കിലും പ്രായോഗിക നിലപാട് എടുക്കാന്‍ കൗണ്‍സില്‍ നേതൃത്വവും തയ്യാറായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day