|    Dec 9 Fri, 2016 5:32 am
FLASH NEWS

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 36 പരാതികള്‍ പരിഹരിച്ചു

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ദ്വിദിന മെഗാ അദാലത്തില്‍ ഇന്നലെ 36 പരാതികള്‍ക്കു തീര്‍പ്പായി. 113 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. നാല് പരാതികള്‍ കൗണ്‍സലിങിനും 13 എണ്ണം പോലിസ് റിപോര്‍ട്ടിനും അയച്ചു. 31 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. കമ്മീഷനിലെത്തുന്ന പരാതികളില്‍ 10 ശതമാനവും തെറ്റായവയാണെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി വ്യക്തമാക്കി. വനിതാ കമ്മീഷന്റെ സംസ്ഥാനതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കാനാണ് കമ്മീഷന്റെ പ്രവര്‍ത്തനം. പല പരാതികളും കൗണ്‍സലിങിലൂടെ രമ്യതയിലെത്താറുണ്ട്. പരാതി നല്‍കിയ ശേഷം ഹാജരാവാതെ ഇരിക്കുന്നത് കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതായും അവര്‍ പറഞ്ഞു. അതേസമയം അതിര്‍ത്തി തര്‍ക്കവും ഗാര്‍ഹിക പീഡനവുമുള്‍പ്പെടെയുള്ള പതിവ് പരാതികള്‍ തന്നെയാണ് ഇക്കുറിയും അദാലത്തില്‍ അധികവും പരിഗണിച്ചത്. വിവാഹ നിശ്ചയ ശേഷം വരന്‍ പിന്‍മാറിയെന്ന പരാതിയുമായാണ് ആലപ്പുഴ സ്വദേശിനി കമ്മീഷനിലെത്തിയത്. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് ഈ മാസം ആദ്യമാണ് വിശാഖപട്ടണത്തു താമസിക്കുന്ന യുവാവുമായി വിവാഹ നിശ്ചയം നടത്തിയത്. കപ്പലില്‍ ക്യാപ്റ്റനായി ജോലി നോക്കുന്ന ഇയാള്‍ പിന്നീട് വിവാഹത്തിനു താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ വക്കീല്‍ നോട്ടീസും യുവതിക്കു ലഭിച്ചു. വക്കീല്‍ നോട്ടീസിന് മറുപടി അയക്കാനും അടുത്തമാസം നടക്കുന്ന അദാലത്തില്‍ തുടര്‍ നടപടിയെടുക്കാമെന്നും കമ്മീഷന്‍ പറഞ്ഞു. ഉറപ്പിച്ച വിവാഹം തന്നെ വേണമെന്ന നിലപാടിലാണു യുവതി. അമ്മയുടെ സംരക്ഷണം മറ്റു സഹോദരങ്ങളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും ഇന്നലെ കമ്മീഷന് മുന്നിലെത്തി. മാനസികവളര്‍ച്ചയില്ലാത്ത രണ്ടു മക്കളെയും വൃദ്ധമാതാവിനെയും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നു കാട്ടിയാണു യുവതി പരാതി നല്‍കിയത്. ഈ കേസും മറ്റൊരു സിറ്റിങിലേക്ക് മാറ്റി. ഡിസംബര്‍ 7, 8 തിയ്യതികളിലാണു കമ്മീഷന്റെ അടുത്ത മെഗാ അദാലത്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day