|    Dec 10 Sat, 2016 10:01 pm

വടക്കാഞ്ചേരി പീഡനകേസ്: അന്വേഷണത്തിനെതിരേ ഇര കോടതിയില്‍

Published : 29th November 2016 | Posted By: SMR

വടക്കാഞ്ചേരി: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗക്കേസില്‍ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നും കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും കാണിച്ച് പീഡനത്തിന് ഇരയായ വീട്ടമ്മ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. കേസന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പോലിസ് പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി അന്വേഷണം ശരിയായ ദിശയിലല്ല നടത്തുന്നതെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയില്‍ പരിശോധന നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കേസ് ആദ്യം അന്വേഷിച്ച പേരാമംഗലം സിഐ ആയിരുന്ന മണികണ്ഠനേയും പരാതി തയ്യാറാക്കിയ വടക്കാഞ്ചേരിയിലെ അഭിഭാഷക വസന്ത, സാമൂഹികപ്രവര്‍ത്തകയായ കാഞ്ഞാണി സ്വദേശി മാല എന്നിവരെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും പോലിസ് മടിക്കുകയാണ്.
തങ്ങള്‍ നിരപരാധിയാണെന്ന് കാണിക്കുന്ന ഒരു തെളിവും ഇതുവരെ പോലിസിന് നല്‍കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പോലിസ് സംരക്ഷണയിലാണ് പ്രതികള്‍ മുനിസിപ്പല്‍ യോഗങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്നത്. കേസിലെ പ്രധാന തെളിവായി ചൂണ്ടിക്കാണിച്ച ടവേര കാര്‍ പോലിസിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ കണ്ടെത്തി പോലിസിന് കൈമാറിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും നടപടിയെടുക്കാനും പോലിസ് കാലതാമസം വരുത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തില്‍ കേസിന്റെ ഇതുവരേയുള്ള അന്വേഷണ പുരോഗതി കോടതി മുമ്പാകെ ഹാജരാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്നുമാണ് പരാതിക്കാരി കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. തൃശൂര്‍ ബാറിലെ അഭിഭാഷകന്‍ സി ആര്‍ ജെയ്‌സണ്‍ മുഖേനയാണ് മജിസ്‌ട്രേറ്റ് ശ്രീദേവി മുമ്പാകെ ഉച്ചയ്ക്ക് 12 മണിയോടെ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക