|    Dec 8 Thu, 2016 3:16 pm
FLASH NEWS

വടക്കാഞ്ചേരി പീഡനം: ഇരയുടെ പേരു വെളിപ്പെടുത്തിയ സംഭവം: കെ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്

Published : 6th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെതിരേ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാബുരാജിനാണ് അന്വേഷണച്ചുമതല.
പീഡനത്തിന് ഇരയായവരുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രിംകോടതിയുടെ ചട്ടം ലംഘിച്ച കെ രാധാകൃഷ്ണനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഒപ്പം ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഐജിക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും സംഭവത്തില്‍ പോലിസിനെ സമീപിച്ചിരുന്നു. കെ രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് യുവതി ആരോപിച്ച സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി എന്‍ ജയന്തനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത്.
സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല. കെ രാധാകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടിക്കാണിച്ചാണ് കുമ്മനം രാജശേഖരന്റെ പരാതി. സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള രാധാകൃഷ്ണന് നിയമത്തിന്റെ കാര്യത്തില്‍ അബന്ധം പറ്റി എന്നു പറയാനാവില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താസമ്മേളനത്തിന്റെ തദ്‌സമയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
ഇതിനിടെ സംഭവത്തില്‍ കെ രാധാകൃഷ്ണനോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടി ചട്ടലംഘനമാണെന്ന് കണ്ടാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day