|    Dec 3 Sat, 2016 1:30 am
FLASH NEWS

വടകര-മാഹി കനാല്‍ നവീകരണം പാതിവഴിയില്‍

Published : 22nd October 2016 | Posted By: SMR

വടകര: വടകര-മാഹി കനാല്‍ നവീകരണം പാതിവഴിയില്‍ നിന്നത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. കല്ലേരിയിലും പരിസരപ്രദേശത്തും താമസിക്കുന്നവരെയാണ് കനാല്‍ നിര്‍മാണം സ്തംഭനാവസ്ഥയിലായത് പ്രയാസത്തിലാക്കുന്നത്. കനാല്‍നിര്‍മാണം നിലച്ചിട്ട് മാസങ്ങളായതോടെ കിണറുകളിലെ ജലവിതാനം കുറയുകയാണ്. കടുത്തവേനലിലും വറ്റാത്ത കിണറുകളില്‍ ഇപ്പോള്‍ത്തന്നെ വെള്ളം കുറവായിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. കനാലിന് ആഴംകൂടിയതാണ് കിണറുകളിലെ വെള്ളം താഴോട്ട് പോവാനിടയാക്കുന്നത്. വലിയമല കോളനി ഉള്‍പ്പെടെ 200ഓളം വീടുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന ജനകീയകുടിവെള്ളപദ്ധതിയുടെ കിണറും വറ്റുന്നവയില്‍ ഉള്‍പ്പെടും. 500ഓളം കുടുംബങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണെന്ന് നാട്ടുകാ ര്‍ പറയുന്നു. കനാലില്‍ തടയണകള്‍ നിര്‍മിച്ച് ജലവിതാനം ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കനാല്‍ നിര്‍മാണം ആരംഭിച്ചതോടെ സമീപത്തെ വീടുകള്‍ക്ക് വിള്ളലുകള്‍ വന്നിട്ടുണ്ട്. ഇത് അപകടഭീഷണി ഉയര്‍ത്തുന്നു.  കനാല്‍ കുഴിച്ച മണ്ണ് കല്ലേരിയിലും പരിസരപ്രദേശങ്ങളിലും മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന വഴി തടസപ്പെട്ട് കിടക്കുകയാണ്. ചളിമണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ ഉണങ്ങുന്നത് കല്ലേരിഭാഗത്തെ കാഴ്ചയായി മാറിയിരിക്കുകയാണ്. പറമ്പുകളിലെ വെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുന്നതും വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കനാലില്‍ നിന്ന് മണല്‍ കലര്‍ന്ന മണ്ണ് വ്യാപകമായ തോതില്‍ കടത്തിയിരുന്നു. ഇതിനായി കനാലില്‍ വലിയ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ കഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കല്ലേരി മുതല്‍ തച്ചോളിത്താഴ വരെയുള്ള പ്രദേശവാസികള്‍ കനാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഭാരവാഹകളായി എന്‍ടികെ രാജന്‍(ചെയര്‍.), ടി പി മമ്മു, ടി കെ സത്യന്‍(വൈസ് ചെയര്‍.), സലാം കല്ലേരി(കണ്‍.), പി ബാലനാരായണന്‍, ആര്‍കെ ദിലേന്ദ്രന്‍(ജോ. കണ്‍.), മജീദ് കൊല്ലങ്കണ്ടി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day