|    Dec 10 Sat, 2016 6:11 pm

വകുപ്പ് മേധാവികള്‍ പങ്കെടുത്തില്ല; താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Published : 6th November 2016 | Posted By: SMR

വടകര: വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തതിനെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. വകുപ്പ് മേധാവികള്‍ക്ക് പകരം ഏതെങ്കിലും ഉദ്യോഗസ്ഥനെ പങ്കെടുപ്പിക്കുന്ന നിലപാടിനെതിരെയാണ് സി കെ നാണു എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും മറ്റും രംഗത്ത് എത്തിയത്. പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും താലൂക്ക് തലത്തില്‍ എത്തിച്ചേരേണ്ട 34 വകുപ്പ് മേധാവികളില്‍ എത്തിയത് ചുരുക്കം ചിലര്‍ മാത്രമാണ്. വാട്ടര്‍ അതോറിറ്റി, നാഷനല്‍ ഹൈവേ, സിവില്‍ സപ്ലൈ തുടങ്ങിയ വകുപ്പില്‍ നിന്ന് ആരും തന്നെ ഇന്നലെ നടന്ന യോഗത്തില്‍ എത്തിയിട്ടില്ല. ഇത് മൂലം റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുടങ്ങുകയാണുണ്ടായത്. പിന്നീട് പലരെയും വിളിച്ചു വരുത്തുകയാണുണ്ടായത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളില്‍ നിന്ന് പോലും മേധാവികള്‍ യോഗത്തില്‍ എത്തിയിട്ടില്ല. ഈ വിഷയം മുഖ്യമന്ത്രിയെ തന്നെ അറിയിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ തീരുമാനിച്ചിട്ടും ഈ കാര്യം താലൂക്കില്‍ മാത്രം ഫലപ്രദമായി നടപ്പിലായില്ലെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. തകര്‍ന്ന മോന്താന്‍ പാലം-ഓര്‍ക്കാട്ടേരി റോഡ് അറ്റകുറ്റപണി ഉടന്‍ നടത്തുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. താലൂക്കിലെ മറ്റു റോഡുകളുടെ പണിയും നടത്താന്‍ തീരുമാനമായതായും അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അളവ്, തൂക്കം എന്നിവയില്‍ കൃതൃമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതായും ഇതില്‍ 1,32,000 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. കുന്നുകള്‍, വയലുകള്‍ എന്നിവ നികത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി റവന്യു വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ സി.കെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി കെ രാജന്‍, എ ടി ശ്രീധരന്‍, വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വികസനസമിതിയംഗങ്ങളായ ആര്‍.ഗോപാലന്‍, പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ആവോലം രാധാകൃഷ്ണന്‍, ഇ എം ബാലകൃഷ്ണന്‍, കളത്തില്‍ ബാബു, പി എം അശോകന്‍, തഹസില്‍ദാര്‍ ടി കെ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക