|    Oct 26 Wed, 2016 1:10 pm

ലോഹ ഉണ്ട തോക്കിന് പകരം പാവ ഷെല്ലുകള്‍

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: 30 എംപിമാരടങ്ങിയ സര്‍വകക്ഷി പ്രതിനിധിസംഘം ഇന്ന് കശ്മീരിലെത്തും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സന്ദര്‍ശനം രണ്ടുനാള്‍ നീളും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. കശ്മീരില്‍ പ്രക്ഷോഭകര്‍ക്കെതിരേ ലോഹ ഉണ്ട തോക്കുകള്‍ക്കു പകരം മുളക്‌പൊടി നിറച്ച ഗ്രനേഡുകള്‍ (പാവ ഷെല്ലുകള്‍) പ്രയോഗിക്കാന്‍ രാജ്‌നാഥ് സിങ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ ലോഹ ഉണ്ട തോക്കുകള്‍ ഉപയോഗിക്കും. ആയിരത്തോളം പാവ ഷെല്ലുകള്‍ ഇന്ന് കശ്മീര്‍ താഴ്‌വരയിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോഹ ഉണ്ട തോക്കുകള്‍ക്കു പകരം സംവിധാനമൊരുക്കുമെന്ന് നേരത്തേ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ടി വി എസ് എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധസമിതിയാണ് പാവ ഷെല്ലുകള്‍ ശുപാര്‍ശ ചെയ്തത്. ലോഹ ഉണ്ട തോക്കുകളുടെ പ്രയോഗംമൂലം നിരവധി പ്രക്ഷോഭകര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധസമിതി രൂപീകരിച്ചത്.
അതേസമയം, കശ്മീര്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങളായ എംപിമാരുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ പ്രതിനിധികളെ ധരിപ്പിച്ചു. രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ്കുമാര്‍, പ്രധാനമന്ത്രിയുടെ ഓഫിസ്‌കാര്യ സഹമന്ത്രി ജിതേന്ദ്രസിങ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനെത്തി. പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് എല്ലാ കശ്മീരി സംഘടനാനേതാക്കളെയും കാണാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അടക്കം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് യോഗത്തിനുശേഷം കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടു. സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനെ ക്ഷണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സാധാരണക്കാര്‍ താമസിക്കുന്നയിടങ്ങളില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതും അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതുമടക്കമുള്ള പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ച നടത്തുന്നതിന് യുപിഎ—ക്ക് തുറന്ന സമീപനമാണുള്ളതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍നിന്ന് എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ താല്‍പര്യപ്പെടുന്നവരുമായി മാത്രമേ രാജ്‌നാഥ് സിങോ ഏതെങ്കിലും മന്ത്രിമാരോ ചര്‍ച്ച നടത്തുകയുള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 171 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day