|    Oct 23 Sun, 2016 7:55 pm
FLASH NEWS

ലെസ്റ്റര്‍ സിറ്റി ഇന്‍ വണ്ടര്‍ലാന്‍ഡ്

Published : 4th May 2016 | Posted By: SMR

ലണ്ടന്‍: ലോക കായിക ചരിത്രത്തില്‍ ഇനി ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ പേര് സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടും. അസാധ്യമെന്നു വിലയിരുത്തപ്പെട്ട ലക്ഷ്യം ലെസ്റ്റര്‍ എത്തിപ്പിടിച്ചു. ബിഗ് ഫൈവെന്നു വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരുടെ ആധിപത്യം തകര്‍ത്ത് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ലെസ്റ്ററിന്റെ മുത്തം. 132 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ ലെസ്റ്ററിന്റെ കന്നി പ്രീമിയര്‍ ലീഗ് കിരീടമാണിത്.
പോയിന്റ് പട്ടികയില്‍ നേരിയ ഭീഷണിയുയര്‍ത്തിയിരുന്ന ടോട്ടനം ഹോട്‌സ്പര്‍ കഴിഞ്ഞ കളിയില്‍ സമനില വഴങ്ങിയതോടെയാണ് രണ്ടു മല്‍സരങ്ങ ള്‍ ബാക്കിനില്‍ക്കെ ലെസ്റ്റര്‍ സിംഹാസനമേറിയത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെല്‍സിയുമായാണ് ടോട്ടനം 2-2നു സമനിലയില്‍ പിരിഞ്ഞത്.
ടോട്ടനത്തിനുമേല്‍ ലെസ്റ്ററിന് ഇപ്പോള്‍ ഏഴു പോയിന്റ് ലീഡുണ്ട്. 36 മല്‍സരങ്ങളില്‍ നിന്നു 22 ജയവും 11 സമനിലയും മൂന്നു തോല്‍വിയുമടക്കം 77 പോയിന്റാണ് ലെസ്റ്ററിന്റെ സമ്പാദ്യം. ഇത്രയും കളികളില്‍ നിന്നു 19 ജയവും 13 സമനിലയും നാലു തോല്‍വിയുമുള്‍പ്പെടെ ടോട്ടനത്തിന് 70 പോയിന്റാണുള്ളത്.
ഇറ്റലിയുടെ പരിചയസമ്പന്നനായ കോച്ച് ക്ലോഡിയോ റെനിയേരിയുടെ കുട്ടികള്‍ ഇപ്പോള്‍ അദ്ഭുതലോകത്താണ്. ലീഗ് തുടങ്ങുന്നതിനു മുമ്പ് 5000ത്തില്‍ ഒന്ന് കിരീടസാധ്യത മാത്രമേ ലെസ്റ്ററിനു കല്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ.
കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ടീമാണ് ലെസ്റ്റര്‍. പക്ഷേ ലീഗിന്റെ തുടക്കം മുതല്‍ ഒന്നിനു പിറകെ ഒന്നായി അദ്ഭുത വിജയങ്ങള്‍ കുറിച്ച് ലെസ്റ്ററിന്റെ നീലപ്പട ഇംഗ്ലണ്ടിനെ മാത്രമല്ല, ലോകത്തെയാകെ വിസ്മയിപ്പിച്ചു.
ഞായറാഴ്ച നടന്ന ലീഗ് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ലെസ്റ്റര്‍ ചാംപ്യന്‍മാരാവുമായിരുന്നു.
എന്നാല്‍ മല്‍സരം 1-1നു സമനിലയില്‍ പിരിഞ്ഞതോടെ ലെസ്റ്ററിന്റെ പ്രതീക്ഷ ടോട്ടനം- ചെല്‍സി മല്‍സരത്തിലേക്കു മാറി. ഈ കളിയില്‍ ടോട്ടനം ജയിക്കാതിരുന്നാല്‍ അടുത്ത മല്‍സരത്തിനു കാത്തുനില്‍ക്കാതെ കിരീടം വരുതിയിലാവുമെന്ന് ലെസ്റ്ററിന് ഉറപ്പായിരുന്നു. അതുതന്നെ സംഭവിക്കുക യും ചെയ്തു.
മഹത്തായ നിമിഷമെന്ന് റെനിയേരി
തന്റെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷമാണിതെന്ന് ലെസ്റ്റര്‍ കോച്ച് ക്ലോഡിയേ റെനിയേരി വ്യക്തമാക്കി.
”ടീമിന്റെ അതുല്യനേട്ടത്തില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. ടീമിലെ ഓരോ താരങ്ങളെയും കുറിച്ച് ഉജ്ജ്വലമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. അവരുടെ ഏകാഗ്രത, നിശ്ചിയദാര്‍ഢ്യം, ആവേശം എന്നിവയെല്ലാമാണ് ഇതു യാഥാര്‍ഥ്യമാക്കിയത്. ടീമിലെ മുഴുവന്‍ താരങ്ങളിലും ടീമിനൊപ്പം പ്രവര്‍ത്തിച്ച മറ്റു സ്റ്റാഫുകള്‍, ചെയര്‍മാന്‍, ആരാധകര്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഞാന്‍ ആഹ്ലാദം പങ്കുവയ്ക്കുകയാണ്”- അദ്ദേഹം പറഞ്ഞു.
”കാര്യങ്ങളെ കുടൂതല്‍ പ്രായോഗിക ബുദ്ധിയോടെ സമീപിക്കുന്ന വ്യക്തിയാണ് ഞാന്‍. ലെസ്റ്ററിന്റെ ഒരു മല്‍സരം ജയിച്ചാല്‍ അടുത്ത കളിയിലും ഇത് ആവര്‍ത്തിക്കുന്നതിനെക്കുറിച്ചു മാത്രമേ ഞാന്‍ ആലോചിച്ചിട്ടുള്ളൂ. ഈ വിജയം ടീമിനെ എവിടെ വരെയെത്തിക്കുമെന്ന് ചിന്തിച്ചിട്ടില്ല”- റെനിയേരി മനസ്സ്തുറന്നു.
ഫുട്‌ബോളിലെ ചരിത്രനിമിഷം:അലന്‍ ഷിയറര്‍
ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവമാണ് ലെസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീടവിജയമെന്ന് മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ അലന്‍ ഷിയറര്‍ അഭിപ്രായപ്പെട്ടു.
”ലെസ്റ്ററിനെപ്പോലൊരു ചെറു ടീം പ്രീമിയര്‍ ലീഗിലെത്തി അനുഭവസമ്പത്തും സാമ്പത്തികശേഷിയും കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്ലബ്ബുകളെ മലര്‍ത്തിയടിക്കുകയെന്നത് നിസാര്യ കാര്യമല്ല. ഈ വമ്പന്‍മാരെ നേരിടുക മാത്രമല്ല അവരെ കൊമ്പുകുത്തിക്കാനും ലെസ്റ്ററിനു കഴിഞ്ഞു.
ഫുട്‌ബോളില്‍ ഇതുവരെ ഇത്തരമൊരു അദ്ഭുതം നടന്നതായി എനിക്കു തോന്നിയിട്ടില്ല”- 1995ല്‍ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗ് ചരിത്രത്തിലെ വഴിത്തിരിവെന്ന് സാവേജ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ തന്നെ വഴിത്തിരിവാണ് ലെസ്റ്ററിന്റെ സ്വപ്‌നനേട്ടമെന്ന് മുന്‍ ലെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ റോബി സാവേജ് പറഞ്ഞു.
”യൂറോപ്പിലെ തന്നെ ഏറ്റ വും കടുപ്പമേറിയ ലീഗായ പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാരാവുക എളുപ്പമല്ല. എന്നാല്‍ ലെസ്റ്റര്‍ അതു സാധിച്ചിരിക്കുന്നു. ഇതുപോലൊരു നേട്ടം ഇനിയൊരിക്കലും മറ്റൊരു ടീമിന് ആവര്‍ത്തിക്കാന്‍ സാധിക്കില്ല”- സാവേജ് ചൂണ്ടിക്കാട്ടി.
ജയം കളഞ്ഞുകളിച്ച് ടോട്ടനം
ചെല്‍സിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മികച്ച ജയത്തിന് അരികില്‍ വച്ചാണ് ടോട്ടനം സമനിലയിലേക്കു വീണത്. ഒന്നാംപകുതി അവസാനിക്കുമ്പോള്‍ 2-0ന്റെ മികച്ച ലീഡ് സ്പര്‍സിനുണ്ടായിരുന്നു. ഹാരി കെയ്ന്‍ (35ാം മിനിറ്റ്), സണ്‍ ഹ്യുങ് മിന്‍ (44) എന്നിവരാണ് ടോട്ടനത്തിന്റെ സ്‌കോറര്‍മാര്‍.
രണ്ടാംപകുതിയില്‍ ചെല്‍സി ഗംഭീര തിരിച്ചുവരവ് നടത്തി. 58ാം മിനിറ്റില്‍ ഗാരി കാഹിലിലൂടെ ആദ്യഗോള്‍ മടക്കിയ ചെല്‍സി 83ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെ സമനിലയും പിടിച്ചുവാങ്ങി.
ജയം വഴുതിപ്പോയതിന്റെ നിരാശയില്‍ ടോട്ടനം താരങ്ങള്‍ ചെല്‍സിയുമായി പലപ്പോഴും ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day