|    Dec 8 Thu, 2016 3:42 am
FLASH NEWS

ലിംഗത്തിലേറ്റ വെടി വ്യാജ ഏറ്റുമുട്ടലിന് തെളിവ്: മനുഷ്യാവകാശ പ്രവര്‍ത്തകര്‍

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന് ലിംഗത്തില്‍ വെടിയേറ്റെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടിലെ കണ്ടെത്തല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണു നടന്നത് എന്ന ആരോപണം ശക്തമാക്കുന്നു. ആദ്യ വെടിതന്നെ കുപ്പു ദേവരാജിന്റെ ലിംഗത്തിലാണ് കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ രാജ്യത്തു നടന്ന ഏതാണ്ടെല്ലാ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഇരകള്‍ക്കു ലൈംഗികാവയവങ്ങളില്‍ പരിക്കേറ്റിരുന്നു.
പീഡിപ്പിക്കാനായി സൂക്ഷ്മ സംവേദനക്ഷമതയുള്ള ലൈംഗികാവയവങ്ങളും ശരീരഭാഗങ്ങളുമാണു തിരഞ്ഞെടുക്കുക. ഇവിടെ നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം ഈ ഭാഗങ്ങളിലേക്കു തുരുതുരാ വെടിയുതിര്‍ക്കും. സ്വാഭാവികമായും ശരീരഭാഗങ്ങള്‍ നശിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് ഒരു തെളിവുമുണ്ടാവില്ല. മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലപ്പെട്ട അജിതയുടെ ശരീരത്തില്‍ 19 വെടിയേറ്റെന്ന് പറയുമ്പോഴും, പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം വസ്ത്രങ്ങളില്‍ വേണ്ടത്ര അടയാളങ്ങളില്ല. സമാനമാണ് ഏഴ് വെടിയേറ്റ കുപ്പു ദേവരാജിന്റെ വസ്ത്രങ്ങളും. ചെറുത്തുനില്‍പ്പിന്റെ സൂചനകളൊന്നും രണ്ടുപേരുടെ ശരീരത്തിലുമില്ല. മണിപ്പൂരിലെ വിവാദമായ മനോരമാ ദേവി കൊലക്കേസില്‍ അവരുടെ യോനിയിലേക്ക് പോലിസ് തുരുതുരാ വെടിയുതിര്‍ത്തിരുന്നു. ബലാല്‍സംഗത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങള്‍ നശിപ്പിക്കാനാണിതു ചെയ്തതെന്നാണ് മജിസ്‌ട്രേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
നിലമ്പൂര്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമ റിപോര്‍ട്ടിനും ശേഷമേ കാര്യങ്ങള്‍ വ്യക്തമാവൂ. എത്ര ദൂരത്തുനിന്നാണു കുപ്പു ദേവരാജിനും അജിത എന്ന കാവേരിക്കും വെടിയേറ്റത്, ഏതൊക്കെ കോണുകളില്‍ നിന്നാണ് വെടിയേറ്റത്, വെടിയുണ്ട ശരീരത്തില്‍ നിന്നു പുറത്തേക്കു പോയത് എങ്ങിനെ, ഏതുതരം തോക്കില്‍നിന്നാണ് വെടിയേറ്റത്, ഉണ്ടകളുടെ സ്വഭാവം, മുറിവുകളുടെ സ്വഭാവം, മരണത്തിനു മുമ്പുള്ള മുറിവുകളുടെ എണ്ണം, ശേഷമുള്ള എണ്ണം, ഏതു മുറിവാണു മരണകാരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും.
ഇന്‍ക്വസ്റ്റ് നടത്തിയതില്‍ വീഴ്ച്ചവന്നെന്നു വ്യക്തമായതിനാല്‍ സുപ്രധാനമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. മിനിറ്റില്‍ 600 വെടിയുണ്ട പുറത്തുവരുന്ന അത്യാധുനിക തോക്കാണ് തണ്ടര്‍ബോള്‍ട്ട് ഉപയോഗിച്ചതെന്നു പറയപ്പെടുന്നു. പോലിസിനു നേരെ മാവോവാദികള്‍ ഗ്രനേഡ് എറിഞ്ഞെങ്കിലും അതു പൊട്ടിയില്ലെന്ന് പോലിസ് അവകാശപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 247 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day