|    Dec 4 Sun, 2016 11:53 pm
FLASH NEWS

ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ നശിക്കുന്നു; മരുന്നും വാക്‌സിനുകളുമില്ലാതെ രോഗികള്‍ ദുരിതത്തില്‍

Published : 21st October 2016 | Posted By: SMR

കോവളം: താല്‍കാലികമായി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന വാഴമുട്ടത്തെ കെട്ടിടത്തില്‍ ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള തിരുവല്ലത്തെ ഹെല്‍ത്ത് സെന്ററില്‍ മരുന്നും വാക്‌സിനുകളുമില്ലാതെ രോഗികള്‍ ദുരിതത്തില്‍. മരുന്നുകളുടെ അഭാവം ഡോക്ടര്‍മാരെയും ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയുണ്ട്്. നഗരസഭയുടെ രണ്ട് വാര്‍ഡുകളിലും ഹെല്‍ത്ത് സെന്ററുകള്‍ വേണമെന്ന ആവശ്യവും ഇതു സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ലക്ഷങ്ങളുടെ മരുന്നുകള്‍ ഉപയോഗ ശൂന്യമാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. പുഞ്ചക്കരി വാര്‍ഡിന്റെ ഭാഗമായ തിരുവല്ലത്താണ് നേരത്തെ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ ഹെല്‍ത്ത് സെന്ററിനെ വെള്ളാര്‍ വാര്‍ഡിന്റെ ഭാഗമായ വാഴമുട്ടത്തെ ഒരുകെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റിയത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അധികൃതരുടെ അനാസ്ഥയും നിയമപരമായ നൂലാമാലകളും കാരണം കെട്ടിടം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങള്‍ എടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കെട്ടിട നിര്‍മാണം പൂര്‍ത്തിയായതോടെ ഹെല്‍ത്ത് സെന്റര്‍ തിരുവല്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികളും ജനങ്ങളും എതിര്‍ത്തതോടെ ഹെല്‍ത്ത് സെന്റര്‍ വാഴമുട്ടത്തു തന്നെ തുടരുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ വാഴമുട്ടത്ത് ഒരു ഹെല്‍ത്ത് സെന്റര്‍ അനുവദിക്കുമെന്ന് നഗരസഭാ അധികൃതര്‍ ഉറപ്പും നല്‍്കിയിരുന്നു, എന്നാല്‍ കഴിഞ്ഞ മാസം 28 ലെ ഹര്‍ത്താല്‍ ദിനത്തില്‍ മുന്നറിയിപ്പില്ലാതെ വാഴമുട്ടത്ത് നിന്ന് ഹെല്‍ത്ത് സെന്റര്‍ തിരുവല്ലത്തേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇതിനായി വാഴമുട്ടത്ത് നിന്ന് സാധനങ്ങള്‍ മാറ്റുന്നതിനിടെ വെള്ളാര്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ ബാക്കിയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടു പോകുന്നത് തടഞ്ഞ് ഗേറ്റ് താഴിട്ട് പൂട്ടിയതോടെ മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍, മരുന്ന് സൂക്ഷിക്കുന്ന ഫ്രീസര്‍ തുടങ്ങിയവ അടക്കം വാഴമുട്ടത്തെ കെട്ടിടത്തില്‍ കുടുങ്ങി. കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍, ടിബിക്കുള്ള മരുന്നുകള്‍, ഇന്‍സുലിന്‍, മെന്റല്‍ ഹെല്‍ത്ത് മെഡിസിനുകള്‍ തുടങ്ങിയവയാണ് പഴയ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് അധികകാലം ഉപയോഗിക്കാതിരുന്നാല്‍ ഉപയോഗ ശൂന്യമായി പോവുമെന്നാണ് മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്. എന്നാല്‍ പ്രദേശത്തെ സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഹെല്‍ത്ത് സെന്റര്‍ വാഴമുട്ടത്ത് നിലനിറുത്തുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കണമെന്ന്  പ്രതിഷേധക്കാര്‍ ആവശ്യപ്പെടുമ്പോള്‍ മരുന്ന് കെട്ടിക്കിടന്ന് നശിക്കാതിരിക്കാന്‍ നടപടിവേണമെന്നും ചികില്‍സ തേടിയെത്തുന്നവര്‍ക്ക് മതിയായ ചികില്‍സയും മരുന്നും ഉറപ്പുവരുത്തണമെന്നാണ് തിരുവല്ലത്ത് ചികില്‍സ തേടിയെത്തുന്നവര്‍ ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day