|    Dec 5 Mon, 2016 3:48 am

റോഹിന്‍ഗ്യന്‍ വിഷയം പരിഹരിക്കണമെന്ന് ബംഗ്ലാദേശ്

Published : 25th November 2016 | Posted By: SMR

ധക്ക: റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് മ്യാന്‍മര്‍ സമാധാനപരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം മ്യാന്‍മറിന് ഔദ്യോഗികമായി കത്തുനല്‍കി. റഖൈന്‍ സംസ്ഥാനത്തെ സംഘര്‍ഷംമൂലം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ 30000ത്തോളം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് കടന്നതായി യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ റോഹിന്‍ഗ്യകള്‍ക്ക് തിരിച്ച് മ്യാന്‍മറിലേക്ക് വരാന്‍ സാധിക്കൂവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധക്കയില്‍ മ്യാന്‍മര്‍ വക്താവ് മിയോ മിന്റ് താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കത്ത് കൈമാറിയത്. ഇതിനകം ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരെ തിരിച്ച് മ്യാന്‍മറിലേക്ക് കൊണ്ടുപോവാന്‍ തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിദേശകാര്യ അഡീഷനല്‍ സെക്രട്ടറി കമറുല്‍ അഹ്‌സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അഖമുല്‍ മുജാഹിദീന്‍ വിഭാഗക്കാര്‍ സൈന്യവും പോലിസുമായി സംഘര്‍ഷത്തിലാണ്. സംഘര്‍ഷം അവസാനിപ്പിക്കാനെന്ന പേരില്‍  റഖൈനിലെ പത്തു ലക്ഷത്തിലധികം വരുന്ന റോഹിന്‍ഗ്യകള്‍ക്കുനേരെ സൈന്യം ആക്രമണം നടത്തുന്നതായാണ് വിവരം. നിരവധി റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ സൈന്യം തകര്‍ത്തതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിവാക്കി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേര്‍ ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. നാഫ് നദി കടന്നാണ് അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് എത്തുന്നത്.
നിരവധി പേരെ സൈന്യം തിരിച്ചയച്ചെങ്കിലും പലായനം തുടരുകയാണ്. റോഹിന്‍ഗ്യകള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്ന് ബംഗ്ലാദേശിനോട് യുഎന്‍എച്ച്‌സിആര്‍ ആവശ്യപ്പെട്ടിരുന്നു.അതിനിടെ മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്തോനീസ്യയില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധം നടത്തി. ഇന്തോനീസ്യയിലെ മ്യാന്‍മര്‍ എംബസിക്കു മുമ്പിലായിരുന്നു പ്രതിഷേധം. റോഹിന്‍ഗ്യകളെ സംരക്ഷിക്കൂവെന്ന മുദ്രാവാക്യമുയര്‍ത്തി 200ഓളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day