|    Dec 5 Mon, 2016 7:55 am

റോഹിന്‍ഗ്യകള്‍ക്ക് പ്രവേശനം നിഷേധിച്ച് ബംഗ്ലാദേശ്

Published : 29th November 2016 | Posted By: SMR

ധക്ക: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന വംശീയ ഉന്‍മൂലനങ്ങളില്‍ നിന്നു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് തടയുന്നു. റോഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കണമെന്ന പ്രതിപക്ഷ കക്ഷികളുടെ അഭ്യര്‍ഥനകള്‍ക്കിടെയാണ് അഭയാര്‍ഥികളെയും വഹിച്ചുള്ള ബോട്ടുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിസേന തടയുകയും തിരിച്ചുവിടുകയും ചെയ്യുന്നത്.
അറാകാന്‍ പ്രവിശ്യയില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ ആയിരങ്ങള്‍ ബംഗ്ലാദേശില്‍ അഭയം തേടി. മ്യാന്‍മര്‍ സൈന്യം മാനഭംഗത്തിനും പീഡനങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഇരയാക്കിയതായി സംഘം വെളിപ്പെടുത്തിയിരുന്നു.
റോഹിന്‍ഗ്യകള്‍ അധിവസിക്കുന്ന റഖൈന്‍ സംസ്ഥാനത്തെ ദക്ഷിണ ബംഗ്ലാദേശുമായി വേര്‍തിരിക്കുന്ന നാഫ് നദി കടന്നെത്തിയ എട്ടു ബോട്ടുകള്‍ തിരികെ അയച്ചതായി അതിര്‍ത്തിസേനാ മേധാവി കേണല്‍ അബുസര്‍ അല്‍ സാഹിദ് പറഞ്ഞു. അതിര്‍ത്തി കടക്കാന്‍  ആയിരങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം മ്യാന്‍മറിനോട് ആവശ്യപ്പെടണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്കു പ്രവേശിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ധക്ക ഭരണകൂടം മ്യാന്‍മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ അതിര്‍ത്തി തുറന്നുകൊടുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം അവഗണിച്ചാണ് ബംഗ്ലാദേശിന്റെ ഈ നടപടി.
അതിര്‍ത്തി തുറന്നുകൊടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്താന്‍ ബംഗ്ലാദേശ് ഭരണകൂടത്തിനു പ്രയാസമായിരിക്കുമെന്നും, റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും തുടര്‍ന്ന് അവരെ നാടുകടത്തുന്നതിനും മ്യാന്‍മര്‍ ഭരണകൂടത്തിനു കൂടുതല്‍ പ്രചോദനം നല്‍കുന്ന തീരുമാനമാകുമെന്നാണ് ബംഗ്ലാദേശ് വിലയിരുത്തല്‍.
റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയ ഉന്മൂലനമാണ് മ്യാന്‍മര്‍ ഭരണകൂടം നടത്തുന്നതെന്ന് യുഎന്‍ ആരോപിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്ന കൊലയും പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വംശീയ ഉന്മൂലനത്തെ കുറിക്കുന്നതാണെന്ന് ബംഗ്ലാദേശിലെ യുഎന്‍ പ്രതിനിധി ജോണ്‍ മക്കിസിക്ക് പറഞ്ഞു.
ഒക്ടോബര്‍ ആദ്യത്തില്‍ പോലിസ് കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ആരംഭിച്ച സൈനിക നടപടികള്‍ മുപ്പതിനായിരത്തോളം ആളുകളുടെ പലായനത്തിനു കാരണമായിട്ടുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മ്യാന്‍മര്‍ സൈന്യത്തിന്റെ പിന്തുണയോടെ അറാകാന്‍ മേഖലയില്‍ 1250 വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം നൂറുകണക്കിന് റോഹിന്‍ഗ്യകള്‍ക്ക് മലേസ്യ അഭയം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 118 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day