|    Dec 8 Thu, 2016 7:48 pm

റോഡ് പൊളിക്കുന്നത് നിയന്ത്രിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി യോഗം ചേര്‍ന്നു

Published : 4th November 2016 | Posted By: SMR

മലപ്പുറം: വികസനത്തിന്റെ പേരില്‍ റോഡ് വെട്ടിപൊളിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ജില്ലാതല കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രഥമ യോഗം ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഉത്തരവാദിത്വമില്ലാതെ റോഡുകള്‍ കീറിമുറിക്കുന്നത് സംബന്ധിച്ച് നിരന്തരം പരാതി ലഭിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടര്‍ ഇടപെട്ട് ഇത്തരം ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജില്ലയില്‍ ഇത്തരം ഒരു കമ്മിറ്റിയുടെ സാധ്യതകളെ കുറിച്ച് നേരത്തെ പലരും ചര്‍ച്ച ചെയ്തിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. കമ്മിറ്റിയുടെ കണ്‍വീനര്‍ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. ജില്ലാതല കോ-ഓഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കുന്ന മുറയ്ക്ക് മാത്രമേ എല്ലാ തരത്തിലുള്ള ഏജന്‍സികള്‍ക്കും റോഡുകളില്‍ പണിനടത്താന്‍ കഴിയുകയുള്ളൂ. ഇതിനായി എല്ലാമാസവും കമ്മിറ്റി യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ ജില്ലയില്‍ 15 ഓളം റോഡുകളിലെ പ്രവൃത്തിക്കക് വിവിധ ഏജന്‍സികള്‍ക്ക് കമ്മിറ്റി അനുമതി നല്‍കി. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, ഐഡിയ, വോഡോഫോണ്‍, റിയലന്‍സ് തുടങ്ങിയ കമ്പനികള്‍ അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു. പണം അടയ്ക്കുന്ന മുറയ്ക്ക് മാത്രമേ അന്തിമ അനുമതി ഉണ്ടാവുകയുള്ളൂ. നിര്‍ദേശിച്ച പണികള്‍ ട്രാഫിക്ക് പ്രശ്‌നം കുറയ്ക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചെയ്യാനും പണിതുടങ്ങുന്നതിന് മുമ്പായി പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തെയും പോലിസിനെയും വിവരം അറിയിക്കാനും യോഗം നിര്‍ദേശം നല്‍കി. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരുഭാഗം പൂര്‍ത്തിയായതിനു ശേഷം മാത്രമെ മറുഭാഗം പണി തുടങ്ങാവൂ. പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അത്യാവശ്യ സ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമുള്ള കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പ്രൊജക്റ്റില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് – ഗൂഢലൂര്‍ – നിലമ്പൂര്‍ റോഡില്‍ രണ്ട് കി. മീറ്റര്‍ നീളത്തില്‍ ൈപപ്പ് ഇടുന്നതിന് കമ്മിറ്റി അനുമതി നല്‍കി. യോഗത്തില്‍ എഡിഎം പി സയ്യിദ് അലി, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ്) ഹരീഷ്, ഡെപ്യൂട്ടി എക്‌സി. എന്‍ജിനീയര്‍ റാണി വിജയലക്ഷ്മി സി ജെ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day