|    Dec 2 Fri, 2016 11:31 pm
FLASH NEWS

റോഡില്‍ പൊലിയരുത് ജീവന്‍ ; സ്‌പെഷ്യല്‍ ഡ്രൈവുമായി പോലിസ്

Published : 3rd November 2016 | Posted By: SMR

കല്‍പ്പറ്റ: വാഹനാപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്‌പെഷ്യല്‍ ഡ്രൈവുമായി ജില്ലാ പോലിസ്. ഹൈവേകളില്‍ അമിതവേഗം നിയന്ത്രിക്കുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കും. അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കര്‍ശനമായ പരിശോധനയിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെയും വാഹനാപകടങ്ങള്‍ കുറയ്ക്കാമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതു കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടിലാണെന്നതിനാല്‍ അടുത്ത 15 ദിവസത്തേക്ക് ഈ റൂട്ടില്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്നു ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. നേരത്തെ ഇന്റര്‍സെപ്റ്റര്‍ പരിശോധനയില്‍ കുടുങ്ങുന്നവരെ പിഴയീടാക്കി വിട്ടയക്കാറായിരുന്നു പതിവ്. ഇനിമുതല്‍ അമിതവേഗത്തെ തുടര്‍ന്ന് പിടികൂടുന്നവരെ കേസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കാനാണ് തീരുമാനം. ഇങ്ങനെ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുന്നവര്‍ വീണ്ടും ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടികളുണ്ടാവുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. യാവാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കും. കൂടുതലും ബൈക്കപകടങ്ങളിലാണ് നിരവധി ജീവനുകള്‍ പൊലിയുന്നതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരേയും കര്‍ശന നടപടികളുണ്ടാവും. ഇങ്ങനെ പിടികൂടിയാല്‍ ആര്‍സി ഓണര്‍ക്കെതിരേയാണ് നിയമനടപടികള്‍ സ്വീകരിക്കുക. കുട്ടികള്‍ പ്രതികളാവുന്ന ബൈക്ക് മോഷണം വര്‍ധിച്ചുവരികയാണ്. കുട്ടികളുടെ മേല്‍ രക്ഷിതാക്കളുടെ നിരീക്ഷണം കുറഞ്ഞുവരുന്നതാണ് പലപ്പോഴും കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കാന്‍ കാരണം. കുട്ടി മോഷ്ടാക്കള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day