|    Dec 11 Sun, 2016 9:35 am

റേഷന്‍ വിതരണം: മുന്‍ഗണനാ പട്ടികയില്‍ വ്യാപക ക്രമക്കേട്

Published : 24th October 2016 | Posted By: SMR

കണ്ണൂര്‍: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍. അനര്‍ഹര്‍ ഒട്ടേറെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹതപ്പെട്ട പലരും പട്ടികയില്‍നിന്ന് പുറത്തായി. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായാണു വിവരം. 2014 അവസാനം റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോറത്തില്‍ ഗൃഹനാഥന്‍ സാക്ഷ്യപ്പെടുത്തിയ വിവരം ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണു യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായാണു നടപടി.  കരട് ലിസ്റ്റ് പ്രകാരം ജില്ലയില്‍ 1,52,083 കാര്‍ഡുകളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലശ്ശേരി-63,975, തളിപ്പറമ്പ്-46,163, കണ്ണൂര്‍-41,945 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ  എണ്ണം. അന്ത്യോദയ അന്നയോജന വിഭാഗം കരട് പട്ടികയില്‍ തലശ്ശേരി-15,334, തളിപ്പറമ്പ്-12,285, കണ്ണൂര്‍ 73,20 എന്നിങ്ങനെയാണ് കാര്‍ഡുടമകളുടെ കണക്ക്. വരുമാനം, ജോലി, സ്വത്ത് തുടങ്ങിയവ സംബന്ധിച്ച് ഗുണഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ പലതും യാഥാര്‍ഥ്യമല്ല. ഇതാണ് അനര്‍ഹര്‍ പലരും പട്ടികയില്‍ കയറിക്കൂടാന്‍ കാരണം. സര്‍ക്കാര്‍ ജീവനക്കാരും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ജില്ലയില്‍ മാത്രം നൂറുകണക്കിന് ദരിദ്രകുടുംബങ്ങള്‍ പട്ടികയില്‍നിന്ന് പുറത്തായി. അരിയില്‍, പറപ്പൂര്‍, പരിയാരം, കുറുമാത്തൂര്‍, ചൊറുക്കള മേഖലകളിലെ ലക്ഷംവീട് കോളനികളില്‍ താമസിക്കുന്ന നിരവധിപേരും തഴയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരില്‍നിന്ന് പതിച്ചുകിട്ടിയ മൂന്നുസെന്റ് സ്ഥലത്ത് പണിത വീടുകളില്‍ താമസിക്കുന്നവരാണ് ഇവര്‍. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, സൈനികര്‍ തുടങ്ങിയ വിഭാഗക്കാരോ 25000 രൂപ മാസശമ്പളമുള്ള മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍, നാലുചക്ര വാഹനങ്ങള്‍, ഒരേക്കറോ അതിലധികമോ ഭൂമി, ആയിരം ചതുരശ്ര അടിയുള്ള വീട് എന്നിവ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ല. എന്നാല്‍ നിബന്ധന പാലിച്ച് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെ ആദ്യ പേരുകാരായി പട്ടികയില്‍ ചേര്‍ക്കും. ഇതില്‍ കാര്‍ഡ് ഉടമ വനിത, പട്ടികജാതി പട്ടികവര്‍ഗ്ഗം, വൈദ്യുതി ഇല്ലാത്ത വീട്, പുറംപോക്കില്‍ താമസിക്കുന്നവര്‍, ഭൂമി ഇല്ലാത്തവര്‍, കക്കൂസ് ഇല്ലാത്തവര്‍, കിണര്‍, കുടിവെള്ളം സ്വന്തമായി ഇല്ലാത്തവര്‍, വീടില്ലാത്തവര്‍, നിലവാരം കുറഞ്ഞ വീടുള്ളവര്‍, വിധവകള്‍, അര്‍ബുദ-വൃക്കരോഗ ബാധിതര്‍, തൊഴില്‍രഹിതര്‍, പരമ്പരാഗത തൊഴിലാളികള്‍, കൂലിത്തൊഴിലാളികള്‍, 65 വയസ് കഴിഞ്ഞവര്‍, ശാരീക-മാനസിക വൈകല്യമുള്ളവര്‍, ആശ്രയ പദ്ധയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയുക. അതേസമയം, പരാതികള്‍ പരിഹരിക്കുമെന്നാണ് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥരുടെ മറുപടി. മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30വരെ അപേക്ഷിക്കാം. അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ നീക്കാനും പരാതി നല്‍കണം. വ്യാജ സത്യവാങ്മൂലം നല്‍കി മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ട സമ്പന്നര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വയം ഒഴിഞ്ഞുപോവാനുള്ള അവസരമുണ്ട്. പരാതികളില്‍ നവംബര്‍ 15നകം ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട വെരിഫിക്കേഷന്‍ കമ്മിറ്റി തീര്‍പ്പുകല്‍പിക്കും. കമ്മിറ്റി തീരുമാനത്തിലുള്ള അപ്പീലുകള്‍ ഡിസംബര്‍ രണ്ടിനകം തീര്‍പ്പാക്കി 2017 ജനുവരി ഒന്നിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പുതിയ കാര്‍ഡുകളുടെ വിതരണം ഫെബ്രുവരി ഒന്നിനാരംഭിച്ച് മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നവംബര്‍ ഒന്നുമുതല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെയാണ് പുതിയ സംവിധാനം നിലവില്‍ വരിക. പുതിയ കാര്‍ഡുകള്‍ അച്ചടിച്ചുലഭിക്കുന്നതുവരെ കരട് പട്ടിക അനുസരിച്ച് പഴയ റേഷന്‍ കാര്‍ഡില്‍ ദേശീയ ഭക്ഷ്യമുദ്ര പതിപ്പിച്ച് അതില്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേര് ഉടമയാക്കി നല്‍കും. ഇതോടെ എപിഎല്‍, ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലാതാവും. പകരം മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളും അന്ത്യോദയ അന്നയോജന കാര്‍ഡുകളുമാണ് നിലവില്‍ വരിക. മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്കും അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക