|    Dec 6 Tue, 2016 11:32 am
FLASH NEWS

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ഷീ ടോയ്‌ലറ്റ്

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സ്ത്രീസൗഹൃദ ഇ-ടോയ്‌ലറ്റുകള്‍ (ഷീ ടോയ്‌ലറ്റുകള്‍) ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ രണ്ടും ഷൊര്‍ണൂര്‍, വടകര, തിരൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പാലക്കാട് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നുവീതവുമാണ് ഷീ ടോയ്‌ലറ്റുകള്‍. ഇവ ഇന്ന് സാമൂഹികനീതി മന്ത്രി കെ കെ ശൈലജ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കും.
വൈകീട്ട് 5ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ആര്‍എംഎസിനു സമീപവും പിന്നിലെ ഗേറ്റിനു സമീപവുമാണ് ഷീ ടോയ്‌ലറ്റുകള്‍.
റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പുറമെ പാലക്കാട് ജില്ലയിലെ തൃത്താല വില്ലേജ് ഓഫിസ് പരിസരം, കോഴിക്കോട് ജില്ലയിലെ പയ്യോളി പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലും ഇതിനൊപ്പം ഷീ ടോയ്‌ലറ്റുകള്‍ പുതുതായി പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു അറിയിച്ചു. മുമ്പു സ്ഥാപിച്ച ഷീ ടോയ്‌ലറ്റുകളേക്കാള്‍ കൂടുതല്‍ സ്ത്രീസൗഹൃദപരമാണ് ഇപ്പോഴത്തേത്. ടോയ്‌ലറ്റ് ഉപയോഗിക്കുന്നയാള്‍ക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനം അകത്തുണ്ട്. ഒപ്പം സ്വയം വൃത്തിയാക്കാനുള്ള സംവിധാനവും ഹാന്‍ഡ് പൈപ്പുമുണ്ട്. ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായിരിക്കാന്‍ ശക്തമായ സ്വയംപ്രവര്‍ത്തിക്കുന്ന വൃത്തിയാക്കല്‍ സംവിധാനമാണുള്ളത്. ഉപയോക്താവ് ടോയ്‌ലറ്റില്‍ നിന്ന് ഇറങ്ങിയശേഷം രണ്ടാമത്തെ ഫഌഷ് പ്രവര്‍ത്തിച്ച് പ്ലാറ്റ്‌ഫോം വൃത്തിയാക്കും.
സാധാരണരീതിയിലുള്ള ബാക്ക്അപ് സംവിധാനവും ഉപയോഗപ്പെടുത്തി മൂന്നുമണിക്കൂര്‍ വരെ വൈദ്യുതി ഇല്ലെങ്കിലും യൂനിറ്റ് പ്രവര്‍ത്തിക്കും. ടോയ്‌ലറ്റ് യൂനിറ്റിനൊപ്പം വാട്ടര്‍ ടാങ്കുണ്ട്. പൊതുടാപ്പില്‍ നിന്നോ ജലം നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സേവനദാതാവ് വഴിയോ ടാങ്കിലേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം.
ടോയ്‌ലറ്റ് യൂനിറ്റിന്റെ കേടുപാടുകളും വാട്ടര്‍ ടാങ്കിന്റെയും സൗരോര്‍ജ പാനലിന്റെയും തല്‍സ്ഥിതിയും കണ്‍ട്രോള്‍ റൂമിലേക്ക് എസ്എംഎസ് വഴി അറിയിക്കാന്‍ കഴിയും. എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ കുറച്ചുസമയം കൊണ്ടുതന്നെ യൂനിറ്റ് മാറ്റിസ്ഥാപിക്കാനും എളുപ്പത്തില്‍ സുരക്ഷിതമായി സ്ഥാനം മാറ്റാനും സാധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day