|    Dec 8 Thu, 2016 11:29 am

റെയില്‍വേ റിസര്‍വേഷന്‍; ഒഴിവുള്ള സീറ്റുകളില്‍ 15 മിനിറ്റ് മുമ്പും ബുക്ക് ചെയ്യാം

Published : 27th October 2016 | Posted By: SMR

തൃശൂര്‍: ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ തൊട്ടടുത്ത സ്റ്റേഷനിലേക്ക് കൈമാറുന്ന നടപടി പ്രാവര്‍ത്തികമായി. ഒഴിവുള്ള സീറ്റുകളില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് സൗകര്യമൊരുങ്ങിയിരിക്കുന്നത്. ഇതോടെ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പാക്കാനാവും. ഇതു കഴിഞ്ഞ് ബാക്കിവരുന്ന സീറ്റുകളിലും ടിക്കറ്റ് ലഭ്യമാവും.
റെയില്‍വേയുടെ ഭാഷയില്‍ ആദ്യത്തെ പൂള്‍ ക്വാട്ടയില്‍നിന്ന് തൊട്ടടുത്ത പൂള്‍ ക്വാട്ടയിലേക്ക്, തുടര്‍ന്ന് അടുത്ത പൂള്‍ ക്വാട്ടയിലേക്ക് എന്നിങ്ങനെയാണ് ഇപ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ കൈമാറുന്നത്. കേരളത്തില്‍നിന്നു പുറപ്പെടുന്ന മിക്കവാറും ട്രെയിനുകള്‍ക്ക് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ തിരുവനന്തപുരം പൂള്‍ ക്വാട്ടയും എറണാകുളം മുതല്‍ പാലക്കാട് വരെ എറണാകുളം പൂള്‍ ക്വാട്ടയും തുടര്‍ന്ന് പാലക്കാട് പൂള്‍ ക്വാട്ടയുമാണ് സാധാരണ നിലവിലുള്ളത്.
പഴയ സമ്പ്രദായമനുസരിച്ച് ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് ചാര്‍ട്ട് തയ്യാറാക്കുമ്പോള്‍ തിരുവനന്തപുരം പൂള്‍ ക്വാട്ടയില്‍ ഒഴിവുണ്ടെങ്കിലും അത് എറണാകുളം പൂള്‍ ക്വാട്ടയിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളയാള്‍ക്ക് ലഭ്യമായിരുന്നില്ല. ടിടിഇമാര്‍ ആവശ്യാനുസരണം തങ്ങളോട് ചോദിക്കുന്നവര്‍ക്ക് സീറ്റ് നല്‍കുകയാണ് ചെയ്തിരുന്നത്. നിലവിലെ സമ്പ്രദായമനുസരിച്ച് ചാര്‍ട്ട് തയ്യാറാക്കുമ്പോള്‍ തിരുവനന്തപുരം ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകള്‍ എറണാകുളം പൂള്‍ ക്വാട്ടയിലേക്ക് കൈമാറുന്നു. ഉടന്‍ തന്നെ എറണാകുളം ക്വാട്ടയിലെ വെയ്റ്റിങ് ലിസ്റ്റുകാര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കുന്നു. പിന്നെയും സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ എറണാകുളത്ത് എത്തുന്നതിനു 15 മിനിറ്റ് മുമ്പ് വരെ റിസര്‍വേഷന്‍ കൗണ്ടറില്‍നിന്നു തല്‍സമയ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ലഭ്യമാവും. എറണാകുളം ക്വാട്ടയില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ഈ സൗകര്യം ലഭ്യമായിത്തുടങ്ങി.
റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവനുസരിച്ച് എല്ലാ ട്രെയിനുകള്‍ക്കും ഈ സമ്പ്രദായം നടപ്പായതോടെ കൂടുതല്‍ ആവശ്യക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കാന്‍ സാധിക്കുന്നതായി റിസര്‍വേഷന്‍ ജീവനക്കാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day