|    Oct 27 Thu, 2016 10:35 am
FLASH NEWS

റിയോ ഉറങ്ങാത്ത ഉല്‍സവരാവ്… തിരി തെളിയിച്ചത് മുന്‍ ബ്രസീല്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലെയ് ലിമ; അഭിനവ് ബിന്ദ്ര ഇന്ത്യന്‍ സംഘത്തെ നയിച്ചു

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: നാനാദേശങ്ങളില്‍നിന്നും ഒഴുകിയെത്തിയ ആഘോഷത്തിന്റെ ഉറവകള്‍ റിയോയില്‍ ഒത്തൊരുമിച്ചു മഹാസാഗരമായി. ലോകത്തിന്റെ എല്ലാ വഴികളും റിയോയുടെ ഹൃദയത്തിലേക്ക്. 16 ദിനം നീളുന്ന ആഘോഷങ്ങള്‍ക്കു തുടക്കമിട്ട് ബ്രസീലിയന്‍ ജനത ഉറക്കമൊഴിഞ്ഞ ദിനമായിരുന്നു ഇന്നലെ. ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം നടന്ന വിവിധ രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റും വര്‍ണാഭമായി.
പെലെയ്ക്ക് പകരക്കാരന്‍ ലിമ
ലോകം കാത്തിരുന്നത് ആ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു. ഇത്തവണ മാരക്കാനയില്‍ ആര് ദീപം തെളിയിക്കുമെന്നത് അവസാന നിമിഷം വരെ അജ്ഞാതമായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പിന്മാറിയതു മുതല്‍ കായികലോകം കാത്തിരുന്നു മരാക്കാനയിലെ വിശ്വകായികമാമാങ്കത്തിനു തിരിതെളിയിക്കാന്‍ പെലെയോളം പോന്ന യോഗ്യന്‍ ആരെന്ന ചോദ്യത്തിന്.
വേദിയില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റ്, പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ ഒളിംപിക്‌സ് പതാക സ്റ്റേഡിയത്തിലേക്ക്. മാരക്കാനയെ പുളകംകൊള്ളിച്ച സാംബ നൃത്തച്ചുവടുകള്‍ക്കുശേഷം ലോകമൊട്ടാകെ 26,000 കിലോമീറ്റര്‍ താണ്ടിയെത്തിയ ദീപശിഖ വേദിയിലേക്കെത്തി. അവസാനം ആ ചടങ്ങ് നിര്‍വഹിക്കാന്‍ പെലെക്ക് പകരക്കാരനായി വാന്‍ഡര്‍ലെയ് കോര്‍ഡെയ്‌സാ ലിമ. പേരുകേട്ട ബ്രസീലിയന്‍ ഫുട്‌ബോള്‍താരങ്ങള്‍ക്കിടയില്‍ ലോകം മറന്നുതുടങ്ങിയ മുന്‍ മാരത്തണ്‍ താരം. പ്രതിബന്ധങ്ങള്‍ താണ്ടി ലോക കായികമേളയ്ക്ക് വേദിയായ ബ്രസീലിലെ റിയോ 2016ന് തിരിതെളിക്കാന്‍ ലിമയല്ലാതെ മറ്റാരുമില്ലെന്നു ജനം ഒന്നടങ്കം ആത്മഗതം മൊഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ്, 2004 ഏതന്‍സ് ഒളിംപിക്‌സില്‍ 35 കിലോമീറ്റര്‍ മാരത്തണ്‍ മല്‍സരത്തില്‍ സ്വര്‍ണനേട്ടത്തിനരികെ കാണിയുടെ അക്രമത്തിനിരയാവേണ്ടിവന്ന താരമായിരുന്നു ലിമ. അന്ന് അക്രമത്തില്‍നിന്നു രക്ഷപ്പെട്ട് ഓട്ടം തുടര്‍ന്ന ലിമ വെങ്കലനേട്ടത്തോടെ മൂന്നാമതായിട്ടായിരുന്നു ഫിനിഷ് ചെയ്തത്. മല്‍സരത്തിനോടുള്ള വാന്‍ഡര്‍ലെയ് കോര്‍ഡെയ്‌സാ ലിമയുടെ അര്‍പ്പണബോധം വെളിപ്പെട്ട ആ പ്രകടനത്തിന് കായികലോകത്തെ ആദര്‍ശപുരുഷനായി തിരഞ്ഞെടുത്തുകൊണ്ടായിരുന്നു ലോകം ആദരിച്ചത്.
ഏതൊരു ബ്രസീലുകാരനെയും പോലെ ഫുട്‌ബോള്‍ കളിച്ചുകൊണ്ടായിരുന്നു ലിമയുടെയും തുടക്കം. ആറ് സഹോദരങ്ങളുള്ള വലിയ കുടുംബത്തില്‍ ജനിച്ച ലിമയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതു തന്നെയായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ ഫാമുകളില്‍ ജോലി നോക്കിയിരുന്നു അദ്ദേഹം. സ്‌കൂളിലെ കായികാധ്യാപകനായിരുന്നു ലിമയിലെ ഓട്ടക്കാരനെ കണ്ടെത്തിയത്. തികച്ചും ത്യാഗപൂര്‍ണവും ദുര്‍ഘടവും നിറഞ്ഞ ജീവിതപാതകള്‍ പിന്നിട്ടുകൊണ്ടായിരുന്നു ലിമ ഇന്നലെ ഒളിംപിക്‌സ് ജ്വാല തെളിയിക്കുംനിലയിലേക്ക് ഉയര്‍ന്നുവന്നത്. പരിശീലകന്‍ ഡി ആഗ്ലോയായിരുന്നു ലിമയിലെ ലോകോത്തര താരത്തെ വാര്‍ത്തെടുത്തത്.
1994ല്‍ റെമിസ് മാരത്തണില്‍ പങ്കെടുത്തായിരുന്നു അന്താരാഷ്ട്ര കരിയര്‍ ആരംഭം. പിന്നീട് 1995 അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ മാരത്തണ്‍ ടീമംഗമായി. അറ്റ്‌ലാന്റയില്‍ തന്റെ ആദ്യ ഒളിംപിക്‌സില്‍ കേടുവന്ന ഷൂസുമായാണ് മല്‍സരിച്ചതെന്ന് പിന്നീട് ലിമ വെളിപ്പെടുത്തിയിരുന്നു. അന്ന് 47ാമനായിട്ടായിരുന്നു അദ്ദേഹം ഫിനിഷ് ചെയ്തത്. പതിയെ പലപടിയായുള്ള വളര്‍ച്ചയായിരുന്നു വാന്‍ഡര്‍ലെയ് കോര്‍ഡെയ്‌സാ ലിമയുടേത്. 1998ലായിരുന്നു വാന്‍ഡര്‍ലെയ് ലിമയുടെ ആദ്യ വിജയം. അതുവരെയുള്ള തന്റെ എല്ലാ സമയങ്ങളെയും പിന്നിലാക്കി രണ്ടാമനായിട്ടാണ് ടോക്കിയോയില്‍നിന്ന് അദ്ദേഹം മടങ്ങിയത്(2:08:38). പിന്നീട് ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ അഞ്ചാംസ്ഥാനം. 1999ല്‍ പാന്‍ അമേരിക്കന്‍ ഗെയിംസ് വിജയം, ശാരീരികപ്രശ്‌നങ്ങളാല്‍ 2000ലെ ഒളിംപിക്‌സില്‍നിന്നു പിന്‍മാറ്റം.
വീണ്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ 2004ല്‍ ഏതന്‍സിലേക്ക്. വഴിതുറന്നത് കഠിന പരിശീലനവും. ലോകറെക്കോഡിനുടമയായ കെനിയന്‍ താരം പോള്‍ ടാര്‍ഗറ്റിനെതിരായ വിജയം സ്വപ്‌നംകണ്ട ലിമയ്ക്ക് തിരിച്ചടിയായത് ഒരു ആരാധകന്റെ ഭ്രാന്തന്‍ പ്രകടനമായിരുന്നു.
അന്നത്തെ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചു: ”ഞാന്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അപ്പോഴും ഞാന്‍ മല്‍സരത്തിലായിരുന്നു. എനിക്കു പിന്നില്‍ ഇനിയും ഒരുപാടുപേരുണ്ട്. അവരെ എനിക്കു ജയിക്കാനാവും. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇതെന്റെ പ്രയത്‌നത്തിന്റെ വിജയമാണ്. ഒരു ഒളിംപിക്‌സ് മെഡലാണു പ്രതീക്ഷിച്ചിരുന്നത്. അതു നേടി. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്നു.” അതേ ലോകത്തിനു നെറുകെയില്‍ ദീപശിഖയുമേന്തി വാന്‍ഡര്‍ലെയ് ലിമ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ആ മനുഷ്യന്റെ ദൃഢനിശ്ചയം ലോകജനത ഓര്‍ത്തെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പതാകാവാഹകനായി ബിന്ദ്ര
2008ലെ ബെയ്ജിങ് ഒളിംപിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമംഗങ്ങളെത്തിയത്. ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ 95ാമതായിട്ടായിരുന്നു ഇന്ത്യയെത്തിയത്. മല്‍സരങ്ങളുണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ ഹോക്കി ടീമും അമ്പെയ്ത്ത് ടീമും മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നിരുന്നില്ല.

തലയെടുപ്പോടെ അഭയാര്‍ഥികള്‍
യുദ്ധവും കെടുതികളും സൃഷ്ടിച്ച അരാജകത്വത്തിനും വേദനകള്‍ക്കുമിടയിലും തലയെടുപ്പോടെയായിരുന്നു അഭയാര്‍ഥികളായ കായിക താരങ്ങള്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നത്. അഞ്ച് വളയങ്ങളുള്ള തൂവെള്ള നിറത്തിലെ ഒളിംപിക്‌സ് പതാകയ്ക്കു കീഴിലായിരുന്നു 10 അഭയാര്‍ഥി താരങ്ങളും അണിനിരന്നത്.
ഒളിംപിക്‌സ് ഗാനത്തിന്റ അകമ്പടിയോടെയാണ് ഇവര്‍ മാര്‍ച്ച്പാസ്റ്റിനെത്തിയത്.     സിറിയന്‍ താരങ്ങളെ കൂടാതെ ദക്ഷിണ സുദാന്‍, എത്യോപ്യ, കോംഗോ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അഭയാര്‍ഥികളുടെ ബാനറിനു കീഴില്‍ അണിനിരന്നത്. ദക്ഷിണ സുദാനില്‍ നിന്നുള്ള റോസ് ലൊക്കോയനായിരുന്നു അഭയാര്‍ഥികളുടെ പതാകാവാഹകന്‍. സംഘത്തിലെ പ്രമുഖനായ 25കാരനായ സിറിയന്‍ നീന്തല്‍ക്കാരന്‍ റാമി അനിസ്, സിറിയയില്‍നിന്നുതന്നെയുള്ള 18കാരിയായ നീന്തല്‍താരം യൂസ്രാ മര്‍ദിനി, ദക്ഷിണ സുദാനില്‍നിന്നുള്ള ജയിംസ് നയാംഗ്, യെച്ച് ബിയല്‍, പൗലോ ലോക്കോറോ, ആഞ്ചലീന നടായി, ജുഡോക്കാസ് ബുക്കാസ, പോപോള്‍ മിസംഗ, യോനാസ് കിന്‍ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ആതിഥേയരാജ്യമായ ബ്രസീലിനെ കൂടാതെ കാണികള്‍ക്കിടയില്‍നിന്ന് ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ചതും ഈ അഭയാര്‍ഥിസംഘത്തിനായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day