|    Dec 8 Thu, 2016 9:34 pm
FLASH NEWS

റാണാ അയ്യൂബിന്റെ പ്രഭാഷണത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പുസ്തകമെഴുതിയ പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് വിദേശത്തു പ്രസംഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. എ പി ജെ അബ്ദുല്‍കലാമിന്റെ അനുസ്മരണ പരിപാടിയിലാണ് റാണ പ്രഭാഷണം നടത്തേണ്ടിയിരുന്നത്. റാണയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്രട്ടറി ദിനേശ് ഉദ്ദേനിയ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. റാണയ്ക്ക് എംബസി വിലക്കേര്‍പ്പെടുത്തിയതോടെ ദോഹയിലെ കലാം അനുസ്മരണ പരിപാടി റദ്ദാക്കിയതായി സംഘാടകരായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബിഹാര്‍ ആന്റ് ജാര്‍ഖണ്ഡ് (ഐഎബിജെ) നേതാവ് ഗിരീഷ് മേനോന്‍ പറഞ്ഞു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വംശഹത്യയെയും വ്യാജ ഏറ്റുമുട്ടലുകളെയും വിശദീകരിക്കുന്ന പുസ്തകമെഴുതിയാണ് റാണ ശ്രദ്ധേയയായത്. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് കീഴിലുള്ളതാണ് ഐഎബിജെ. ശനിയാഴ്ച വൈകീട്ട് ഐസിസി അശോകാഹാളില്‍ നടക്കേണ്ടിയിരുന്ന ചടങ്ങിലെ മുഖ്യപ്രഭാഷകയായിരുന്നു റാണ. റാണയെ സംസാരിപ്പിക്കുകയാണെങ്കില്‍ ഹാള്‍ വിട്ടുതരില്ലെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘാടകര്‍ക്കു മുന്നറിയിപ്പും നല്‍കി. ഒൗ്യോഗിക ക്ഷണക്കത്തിലും പരിപാടി സംബന്ധിച്ച പത്രക്കുറിപ്പിലും ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ റാണാ അയ്യൂബ് അവരുടെ ‘ഗുജറാത്ത് ഫയല്‍’ എന്ന പുസ്തകത്തെക്കുറിച്ചു വിശദീകരിക്കും എന്ന് പറയുന്നുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഒളികാമറ ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്ന റാണയുടെ ‘ഗുജറാത്ത് ഫയല്‍സ് അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന പുസ്തകം അടുത്തിടെ വന്‍ ചര്‍ച്ചയായിരുന്നു. മോദിക്കു പുറമെ അന്നത്തെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും എതിരേ ഗുരുതരമായ ആരോപണങ്ങളാണു പുസ്തകത്തില്‍ ഉള്ളത്. റാണയുടെ പുസ്തകം ദുബയില്‍ പ്രകാശനം ചെയ്തപ്പോഴും വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day