|    Oct 25 Tue, 2016 3:42 pm
FLASH NEWS

റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറില്‍

Published : 5th November 2015 | Posted By: SMR

മാഡ്രിഡ്/ലണ്ടന്‍: ഗ്ലാമര്‍ പോരില്‍ വെന്നിക്കൊടി പാറിച്ച് മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് വിജയികളായ പിഎസ്ജിയെ 1-0ന് കൊമ്പുകുത്തിച്ചാണ് റയല്‍ മുന്നേറിയതെങ്കി ല്‍ ഗ്രൂപ്പ് ഡിയില്‍ യൂറോപ ലീഗ് ചാംപ്യന്‍മാരായ സെവിയ്യയെ 3-1ന് തകര്‍ത്താണ് സിറ്റിയുടെ മുന്നേറ്റം.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഷക്തര്‍ ഡൊണെസ്‌ക് 4-0ന് മാല്‍മോയെയും ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ന് സിഎസ്‌കെഎ മോസ്‌കോയെയും പിഎസ് വി ഐന്തോവന്‍ 2-0ന് വോള്‍ഫ്‌സ്ബര്‍ഗിനെയും ഗ്രൂപ്പ് സിയില്‍ ബെന്‍ഫിക്ക 2-1ന് ഗലാത്‌സരെയെയും പരാജയപ്പെടുത്തി. അത്‌ലറ്റികോ മാഡ്രിഡ്-അസ്താന മല്‍സരം ഗോള്‍രഹിതമായി കലാശിച്ചു.
ഗ്രൂപ്പ് ഡിയില്‍ നിലവിലെ റണ്ണറപ്പായ യുവ ന്റസ് ജര്‍മന്‍ ടീമായ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കുമായി 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടു.
പിഎസ്ജിക്കെതിരേ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ നാച്ചോ മോണ്‍ട്രിയാല്‍ നേടിയ ഗോളാണ് റയലിന് 1-0ന്റെ നേരിയ ജയം സമ്മാനിച്ചത്. 35ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച താരത്തിന്റെ ഗോള്‍. കളിയില്‍ പിഎസ്ജിക്കായിരുന്നു മുന്‍തൂക്കമെങ്കിലും നിര്‍ഭാഗ്യം ചതിച്ചു. റയലിന്റെ മുന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളെന്നുറച്ച കിടിലന്‍ ഫ്രീ കിക്ക് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. അഡ്രിയാന്‍ റാബിയോട്ടിന്റെയും ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ എഡിസന്‍ കവാനിയുടെ ഷോട്ട് ഗോള്‍ലൈനില്‍ വച്ച് ക്ലിയര്‍ ചെയ്യപ്പെട്ടു. നേരത്തേ പിഎസ്ജിയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു.
നാലു കളികളില്‍ നിന്ന് മൂന്നു ജയ വും ഒരു സമനിലയുമടക്കം 10 പോയിന്റോടെയാണ് റയല്‍ നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്. ഏഴു പോയിന്റോടെ പിഎസ്ജി ഗ്രൂപ്പില്‍ രണ്ടാമതുണ്ട്. അടുത്ത കളിയില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്രക്വാര്‍ട്ടറിലെത്താം.
ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെഎയ്‌ക്കെതിരേ ജയത്തിനായി മാഞ്ചസ്റ്ററിനായി നന്നായി വിയര്‍ക്കേണ്ടിവന്നു. കളിയിലുടനീളം മേല്‍ക്കൈയുണ്ടായിട്ടും വിജയഗോള്‍ നേടാന്‍ അവര്‍ക്ക് 79ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയാണ് റെഡ് ഡെവിള്‍സിന്റെ വിജയഗോളിന് അവകാശിയായത്. 404 മിനിറ്റുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന മാഞ്ചസ്റ്ററിന്റെ ഗോള്‍ കൂടിയായിരുന്നു ഇത്. ജയം മാഞ്ചസ്റ്ററിനെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തു.
സീസണിലെ മികച്ച ഫോം മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗിലും ആവര്‍ത്തിച്ചപ്പോള്‍ സ്വന്തം മൈതാനത്ത് സെവിയ്യക്കു മറുപടിയുണ്ടായിരുന്നില്ല. റഹീം സ്റ്റര്‍ലിങ് (എട്ടാം മിനിറ്റ്), ഫെര്‍ണാണ്ടീഞ്ഞോ (11), വില്‍ഫ്രഡ് ബോണി (36) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
അതേസമയം, മോകെന്‍ഗ്ലാഡ്ബാക്കിനെതിരേ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് യുവന്റസ് സമനില കൈക്കലാക്കിയത്. 18ാം മിനിറ്റി ല്‍ ഫാബിയന്‍ ജോണ്‍സനിലൂടെ ജര്‍മന്‍ ടീം അക്കൗണ്ട് തുറന്നെങ്കിലും 44ാം മിനിറ്റില്‍ സ്റ്റീഫന്‍ ലിച്ചെന്‍സ്റ്റെയ്‌നര്‍ യുവന്റസിന്റെ രക്ഷകനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day